സീറോ മലങ്കര ഏപ്രില്‍ 10, ദുഃഖവെള്ളി

ഇന്ന് നമ്മുടെ കർത്താവ് കുരിശിൽ നമുക്കുവേണ്ടി തന്റെ ജീവനർപ്പിച്ച ദുഃഖവെള്ളിയാണ്. ലോകം മുഴുവനുമുള്ള അൾത്താരകളിൽ നിരന്തരമായി അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന യേശു കുരിശിൽ സ്വയം ബലിയായി അർപ്പിക്കുന്ന ദുഃഖവെള്ളിയാഴ്ച മാത്രമേ നാം അർപ്പിക്കാതെയുള്ളൂ (ലത്തീൻ സഭയിൽ ഇന്നും കുർബാന സ്വീകരണമുണ്ട്). മറ്റെല്ലാം മറന്ന് യേശുവിന്റെ കുരിശിൻ ചുവട്ടിലിരുന്ന് സഭയൊന്നായി ധ്യാനിക്കുന്ന ദിവസമാണിന്ന്. ദൈവത്തിന്റെ മനുഷ്യരോടുള്ള സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ ഭാവമാണ് കുരിശിൽ കിടക്കുന്ന ക്രിസ്തു. സ്നേഹിതർക്കുവേണ്ടി ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നു പറഞ്ഞ നമ്മുടെ കർത്താവ് തന്റെ ശത്രുക്കളോടും ഹൃദയത്തിൽ സ്നേഹത്തിന്റെ അംശമില്ലാത്തവരോടും തന്റെ ജീവൻ നൽകി സ്നേഹം പ്രകടമാക്കിയത് ഇവിടെയാണ്. ഈ വലിയ സ്നേഹത്തിലൂടെയാണ് മനുഷ്യജീവിതത്തിന്റെ ഏറ്റവും ഇരുണ്ടതായ മരണത്തിന്റെ താഴ്‌വരയിൽ കടന്നുചെന്ന് അവിടുന്ന് തിന്മയെ പരാജയപ്പെടുത്തിയത്. അൽപം കൂടി ആഴമായി ചിന്തിച്ചാൽ മരണമല്ല പിന്നെയോ, ദൈവത്തിന്റെ സ്നേഹമാണ് നമ്മെ രക്ഷിച്ചിരിക്കുന്നത്.

മനുഷ്യന് ഇത് സ്വന്തം പ്രയത്നത്താൽ നേടിയെടുക്കാൻ സാധിക്കാത്തതിനാൽ ദൈവപുത്രൻ ഭൂമിയിൽ അവതരിച്ചുകൊണ്ട് അത് നമുക്കുവേണ്ടി സാധ്യമാക്കി. സംശയിച്ചുനിൽക്കുന്നവരുടെ മുമ്പിൽ ചിലപ്പോൾ താൻ തയ്യാറാക്കിയ പാനീയത്തിൽ വിഷമില്ലെന്നു കാണിച്ചുകൊടുക്കാൻ അത് സ്വയം കുടിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. അതിലൊക്കെ എത്രയോ വിശ്വാസയോഗ്യമാണ്‌ യേശു കുരിശിൽ നമുക്കായി കാണിച്ചുതന്നിരിക്കുന്നത്. ദൈവം നമുക്കുവേണ്ടി ഒരുക്കിയ രക്ഷയിലേയ്ക്കുള്ള മാർഗ്ഗം കുരിശിന്റേതാണെന്ന് അത് വഹിച്ചുകൊണ്ട് യേശുക്രിസ്തു നമുക്ക് കാട്ടിത്തന്നിരിക്കുന്നു. എന്നാൽ, സഹനത്തിന്റെ പാനീയം കലർന്നിരിക്കുന്ന ഈ പാത്രത്തിന്റെ അടിത്തട്ടിൽ പുനരുത്ഥാനമെന്ന അമൂല്യനിധി ഒളിച്ചിരിക്കുന്നുവെന്നത് മിക്കപ്പോഴും നമ്മുടെ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്.

കുരിശിൽ നാം കാണുന്നത് മനുഷ്യരൂപം സ്വീകരിച്ച ദൈവത്തെയാണ്. മരണം ധനികനെന്നോ-ദരിദ്രനെന്നോ, വിശ്വാസിയെന്നോ-അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരുടെയും തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ്. സഹനത്തെയും മരണത്തെയും പാപത്തെയും പരാജയപ്പെടുത്തുവാൻ യേശുവിന്റെ മാർഗ്ഗം നാമും പിന്തുടരണം. യൂദാസിന്റെ ഒറ്റിക്കൊടുക്കലിനെക്കുറിച്ച് എപ്പോഴും പ്രസംഗിക്കുകയും നമ്മുടെ പ്രവൃത്തിയാൽ പലപ്പോഴും നാം അത് ആവർത്തിക്കുകയും ചെയ്യുന്നു. കുരിശിൻ ചുവട്ടിൽ വന്നിരുന്നു കരയുകയും യേശുവിനെ വീണ്ടും ക്രൂശിച്ചുകൊണ്ട് നാം ദുഃഖവെള്ളികൾ ആവർത്തിക്കുകയും ചെയ്യുന്നു. കുരിശ് ഒരു അലങ്കാരമായി എല്ലായിടത്തും കൊണ്ടുനടക്കുമ്പോഴും ക്രൂശിതന്റെ പാത പിന്തുടരാൻ നാം മറന്നുപോകുന്നു. മരണത്തെ തോൽപിച്ച യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടിയവരെന്ന നിലയിൽ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി നാം മാറേണ്ടിയിരിക്കുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍