സീറോ മലങ്കര ജനുവരി 09 മത്തായി 4: 12-22 ദൗത്യം

ഫാ. ഷീൻ തങ്കാലയം

യേശു തന്റെ ദൗത്യം ആരംഭിക്കുന്നതും ആദ്യശിഷ്യന്മാരെ വിളിക്കുന്നതുമാണ് ഇന്നത്തെ വേദഭാഗം. മരുഭൂമിയിലെ പരീക്ഷയ്ക്കുശേഷം ദൈവദൂതന്മാർ ശുശ്രൂഷിക്കുകയും യേശു തന്റെ ദൗത്യം ആരംഭിക്കുകയും ചെയ്യുന്നു. പരീക്ഷിക്കപ്പെടുന്നതല്ല, പരീക്ഷയിൽ വീണുപോകുന്നതാണ് പാപം എന്ന ബോധ്യം ലോകത്തിന് നൽകിക്കൊണ്ടാണ് അവിടുന്ന് തന്റെ ദൗത്യം ആരംഭിക്കുന്നത്.

മാനസാന്തരത്തിനുള്ള ആഹ്വാനം നൽകുന്ന യേശു, ഏശയ്യായുടെ പ്രവചനത്തിന്റെ പൂർത്തീകരണം ദർശിക്കാൻ ഒരു ജനതയ്ക്ക് ഇട നൽകി. എന്നാൽ അന്ധകാരത്തിന്റെ നടുവിൽ വെളിച്ചമായി വിളങ്ങിയ ക്രിസ്തുവിനെ ശ്രവിക്കുന്നതിനും അനുസരിക്കുന്നതിനും അധികംപേർ മുന്നോട്ട് വരുന്നില്ല. യോഹന്നാൻ പ്രസംഗിച്ച മാനസാന്തരത്തിന്റെ സുവിശേഷം തന്നെയാണ് ക്രിസ്തുവും തുടർന്നത്. ക്രിസ്തുവിനെ ലോകത്തിന് ചൂണ്ടിക്കാണിച്ചതിനുശേഷം കളം വിട്ടുപോയ സ്നാപകയോഹന്നാൻ നമുക്ക് മാതൃകയാകണം. എല്ലാ സൽപ്രവൃത്തികൾക്കും ഒടുവിൽ ‘ഞാനല്ല ക്രിസ്തുവാണ്’ എന്നു പറയാൻ നമുക്ക് സാധിക്കണം.

യേശു ശിഷ്യഗണത്തെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം ഒരുവന്റെ പൂര്‍ണ്ണതയോ, വൈദഗ്ധ്യമോ, വിശുദ്ധിയോ ഒന്നുമല്ല. മറിച്ച്, ത്യാഗവും സമർപ്പണവുമാണ്. നമ്മുടെ സമർപ്പണത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നവനാണ് നമ്മുടെ ദൈവം. നമുക്ക് എന്തുണ്ട് എന്നുള്ളതല്ല എന്ത് ദൈവത്തിനായി കൊടുക്കുന്നു എന്നുള്ളതാണ് പ്രധാനം. ഉള്ളും ഉള്ളതൊക്കെയും കൊടുത്ത്, ഉത്തമ ക്രിസ്തുശിഷ്യന്മാരായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ഷീൻ തങ്കാലയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.