സീറോ മലങ്കര ഒക്ടോബർ 09 യോഹ. 8: 39-47 ദൈവത്തിന്റെ സന്തതി

ഫാ. ജോസഫ്‌ കുടിലില്‍

യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിൽ കൂടാരത്തിരുന്നാളിനു ശേഷം ജെറുസലേം ദേവാലയത്തിൽ വച്ച് അനേകം പ്രവചനങ്ങൾ നടത്തുന്ന യേശുവിനെയാണ് നാം കണ്ടുമുട്ടുന്നത്. പക്ഷേ, അവിടെ ഉണ്ടായിരുന്ന യഹൂദപ്രമാണികൾക്ക് അവനോടുള്ള എതിർപ്പ് കൂടുകയും അവനെ കൊല്ലണം എന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ് യഹൂദരുടെ ഏറ്റവും വലിയ വിശ്വാസത്തെ, അഭിമാനത്തെ മുറിവേൽപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പറയുന്നത്: “നിങ്ങൾ അബ്രഹാത്തിന്റെ സന്തതികളല്ല” എന്ന്.

ലോകക്രമത്തിൽ അവർ അബ്രഹാമിന്റെ സന്തതികളാണെങ്കിൽ പോലും ആത്മീയമായി അവർ അങ്ങനെയല്ല എന്ന് യേശു ഓർമ്മിപ്പിക്കുന്നു. പ്രിയമുള്ളവരേ, പലപ്പോഴും നമ്മളും ഇപ്രകാരമല്ലേ ജീവിക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുവിധത്തിൽ ഉപരിപ്ലവമായി മാത്രമല്ലേ നാം ക്രിസ്ത്യാനികൾ ആയിരിക്കുക. തൊലിപ്പുറത്തു മാത്രമേ നമുക്ക് ക്രിസ്തീയത ഉള്ളൂ. നമ്മൾ ദൈവത്തിൽ നിന്നുള്ളവരാണോ, പിശാചിൽ നിന്നുള്ളവരാണോ എന്നതാണ് യേശു മുന്നോട്ട് വയ്ക്കുന്ന പ്രധാന ചോദ്യം. ദൈവത്തിന്റെ സന്തതികളാണെങ്കിൽ യേശുവിൽ അടിയുറച്ച വിശ്വാസവും അവന്റെ വാക്കുകളോട് പൂർണ്ണമായ വിധേയത്വവും നമുക്ക് പുലർത്താം. കാരണം “യേശുക്രിസ്‌തുവിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്‌” (ഗലാ. 3:26). പക്ഷേ, നമ്മൾ പിശാചിന്റെ പുത്രന്മാരാണെങ്കിൽ ദൈവത്തിങ്കലേക്കു തിരിയാൻ പരിശ്രമിക്കണം. ദൈവം നമ്മെ സ്വീകരിക്കും. “പിതാവ്‌ എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല” (യോഹ. 6:37).

ഫാ. ജോസഫ് കുടിലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.