സീറോ മലങ്കര മെയ്‌ 16 യോഹ. 16: 5-11 വിട്ടുകൊടുക്കല്‍

ഫാ. തോമസ്‌ ചെറുതോട്

ശിഷ്യന്മാർ പരിശുദ്ധാത്മാവിനെ സ്വീകരിക്കണമെങ്കിൽ ഈശോ അവരെ വിട്ടുപോകണം. സാധാരണ മീൻപിടിത്തക്കാരും ചുങ്കക്കാരുമായിരുന്ന ശിഷ്യന്മാർ, എന്നാൽ ഈശോ അവരെ തിരഞ്ഞെടുത്തതിനു ശേഷം അസാധാരണ വ്യക്തിത്വങ്ങളായി മാറുന്നു. ഈശോ അവരുടെ ഊന്നുവടിയായി, അവരുടെ ബലമായി മാറുന്നത് നമുക്ക് കാണാൻ കഴിയും. പല കാര്യങ്ങളിൽ വ്യാപൃതരായിരുന്ന ശിഷ്യന്മാർ ഈശോയിൽ ഒന്നായി ഒരു ഹൃദയമുള്ളവരായി മാറുന്നു. മൂന്നു വർഷക്കാലം ഈശോ പ്രവർത്തിച്ച അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും സാക്ഷികളായി മാറുന്നു. എന്നാൽ പരിശുദ്ധാത്മാവിനെ സ്വീകരിക്കണമെങ്കിൽ അവർക്കെല്ലാമായിരുന്ന അവരുടെ ബലമായിരുന്ന ഈശോ അവരെ വിട്ടുപോകണം.

നമ്മുടെ ജീവിതത്തിലും ആത്മാവിന്റെ നിറവുണ്ടാകണമെങ്കിൽ ഞാനും എന്റെ ബലവും ബലഹീനതയും എല്ലാം ദൈവസന്നിധിയിൽ വിട്ടുകൊടുക്കണം. ശൂന്യനായ ഒരു വ്യക്തിയായി ഞാൻ മാറണം. ശൂന്യതകളെ നിറവാക്കി മാറ്റുന്നവനാണ് പരിശുദ്ധാത്മാവ്. നാം നമ്മെത്തന്നെ ശൂന്യരാക്കുമ്പോൾ പരിശുദ്ധാത്മാവ് സ്വർഗ്ഗം ആഗ്രഹിക്കുന്ന വിധത്തിൽ നമ്മെ രൂപപ്പെടുത്തും. ഈ ഒരു മാറ്റം എന്നിലുണ്ടായാൽ മാത്രമേ പരിശുദ്ധാത്മാവ് പഠിപ്പിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനും അത് ജീവിക്കുവാനും സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം ഈശോ പറയുന്നതുപോലെ, അധരം കൊണ്ട് നിങ്ങൾ എന്നെ ബഹുമാനിക്കുന്നു; എന്നാൽ ഹൃദയം എന്നിൽ നിന്നും വളരെ അകലെയാണ്. ശിഷ്യന്മാർ തന്നെ ഇതിന് ഉദാഹരണമാണ്. എന്തുണ്ടായാലും ഈശോയോടൊത്ത് ഉണ്ടായിരിക്കുമെന്നു പറഞ്ഞ ശിഷ്യന്മാർ അവന്റെ പീഡാസഹനവേളയിൽ അവനോടൊത്തില്ലായിരുന്നു. ഒരുവനെ ആന്തരീകമാറ്റത്തിന് വിധയമാക്കുന്ന ആത്മാവിനെ നമുക്കും സ്വന്തമാക്കാം.

ഫാ. തോമസ്‌ ചെറുതോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.