സീറോ മലങ്കര ഏപ്രിൽ 16 മർക്കോ. 12: 28-34 എല്ലാം ദൈവത്തിന്

ഫാ. ഫിലിപ്പ് പുലിപ്ര

ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കല്പനയെക്കുറിച്ച് വ്യക്തമാക്കുന്ന വചനഭാഗമാണിത്. ദൈവത്തെ പൂർണ്ണമായും ഒന്നാമതായും സ്നേഹിക്കുക എന്നതാണ് ഈ കല്പനയുടെ രത്‌നച്ചുരുക്കം. സ്നേഹം വെറുമൊരു പ്രകടനം മാത്രമല്ല, മറിച്ച് അതൊരു സമർപ്പണമാണ്. ശരീരത്തെയും മനസിനെയും ആത്മാവിനെയും പൂർണ്ണമായി വിട്ടുകൊടുക്കുന്ന പ്രക്രിയയാണത്. എല്ലാം സമർപ്പിക്കുമ്പോൾ പൂർണ്ണ ആശ്രയവും സമ്പൂർണ്ണ സ്നേഹവും ജനിക്കുന്നു. നമുക്കുള്ളതും നാമും പൂർണ്ണമായി ദൈവത്തിന്റേതാകുന്ന സുന്ദരസുരഭില നിമിഷം.

സ്നേഹമുള്ള ഹൃദയം ഉണ്ടാവുക എന്നത് വലിയ നന്മയാണ്. സ്വയസ്നേഹവും പരസ്നേഹവും ക്രിസ്തുസ്നേഹത്തിൽ സമ്മേളിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കുന്നു. കാരണം, അത് സ്വർഗ്ഗസ്ഥന്റെ സ്വഭാവമാണ്. പരിമിതികളോ പരാതികളോ പരിഭവമോ ഇല്ലാത്ത സ്നേഹം.

‘അവനെ കൂടാതെ എനിക്ക് ഒന്നും ചെയാൻ സാധിക്കില്ല’ എന്നും ‘അവന് എല്ലാം സാധ്യമാണ്’ എന്നും ‘അവനിലാണ് എല്ലാം’ എന്നും ‘അവനു വേണ്ടിയാണ് എല്ലാം’ എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകണം. ഞാനല്ല; ക്രിസ്തു എന്നിൽ ജീവിക്കണം എന്ന് ആഗ്രഹിക്കണം. ദൈവസ്നേഹം, പരസ്നേഹം, സ്വയസ്നേഹം ഇവ മൂന്നും  ക്രിസ്തുകേന്ദ്രീകൃതമാകണം പഠിക്കണം, പരിശീലിക്കണം, പ്രാർത്ഥിക്കണം ഈ കൃപ ആവോളം ലഭിക്കുവാൻ.

ഫാ. ഫിലിപ്പ് പുലിപ്ര 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.