ഇന്ന് വി. യൂലിയോസ് പോപ്പിന്റെ ഓർമ്മദിവസമാണ്. മാർപാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ബോധ്യപ്പെടുത്തുവാനും യേശുവിന്റെ ജന്മദിവസം ഡിസംബർ 25 ആണെന്നുള്ള തീരുമാനം എടുക്കുവാനും പരിശുദ്ധാത്മാവ് നിയോഗിച്ച വി. യൂലിയോസ് പാപ്പ.
ഇന്ന് യേശു നമുക്ക് പുതിയ ആഹ്വാനം നൽകുകയാണ്. പുതിയ അലങ്കാരം നൽകി യേശു നമ്മെ ആദരിക്കുന്നു. നിങ്ങൾ ലോകത്തിന്റെ ഉപ്പും പ്രകാശവുമാണ്. ഉപ്പിനും പ്രകാശത്തിനും പൊതുവായുള്ള ഒരു ഗുണം എന്താണ്? അതെ, അതിന് ചുറ്റുപാടിനെ സ്വാധീനിക്കാൻ കഴിയുന്നു. വസ്തുക്കളെ കേടുകൂടാതെ സൂക്ഷിക്കുവാനും രുചി വർദ്ധിപ്പിക്കുവാനും ഉപ്പ് ഉപയോഗിക്കുന്നു. സഹോദരങ്ങളെ തിന്മയുടെ കേടില്ലാതെ കാത്തുസൂക്ഷിക്കുവാനും യേശുവിന്റെ സ്നേഹത്താൽ മറ്റുള്ളവർക്ക് അനുഗ്രഹമായി മാറുവാനും യേശു നമ്മോട് ആഹ്വാനം ചെയ്യുന്നു.
ലോകത്തിന്റെ പ്രകാശമായി യേശുവിന്റെ സുവിശേഷം മറ്റുള്ളവരിലേക്ക് പകരുവാനുള്ള ഉത്തവാദിത്വത്തെക്കുറിച്ച് അവൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മിലുള്ള പ്രകാശം യേശുവാണ്. യേശുവിന്റെ പ്രകാശത്താൽ നിറഞ്ഞു സത്യപ്രകാശമായവന്റെ സാക്ഷിയാകണം. നമ്മുടെ ജീവിതത്തിലൂടെ ചുറ്റുപാടിലേക്ക് പ്രകാശം പരക്കണം. ഇത് ദൈവഹിതമാണ്. നാം എവിടെയാണോ അവിടെ ഉപ്പായി, പ്രകാശമായി മാറുവാൻ തയ്യാറെടുക്കണം. അപരനെ കേടുകൂടാതെ സൂക്ഷിക്കുവാൻ, അപരന്റെ ജീവിതം കൃപയാലും പ്രകാശത്താലും നിറച്ച് നന്മയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവിടുവാൻ എനിക്ക് ഒരു ആഹ്വാനമുണ്ട്. ക്രിസ്തു നൽകിയ ആഹ്വാനം; ജീവസുറ്റ ആഹ്വാനം.
ഫാ. ഫിലിപ്പ് പുലിപ്ര