സീറോ മലങ്കര മാര്‍ച്ച് 01 മര്‍ക്കോ. 2: 13-22 ലേവിയെ വിളിക്കുന്നു

ഫാ. മാത്യു ചിറയില്‍

തിരക്കേറിയ തന്റെ ജീവിതത്തിനിടയ്ക്ക് യേശു മലമുകളിലേയ്ക്കും വിജനപ്രദേശത്തേയ്ക്കും കടല്‍ക്കരയിലേയ്ക്കും പോയിരുന്നു. അതുകൊണ്ടാണ് യേശു സമുദ്രതീരത്തേയ്ക്ക് പോയി എന്നു പറയുന്നത്. കഫര്‍ണ്ണാമിന് വളരെ അടുത്തുള്ള കടല്‍ത്തീരത്തേയ്ക്കാണ് യേശു പോയത്. അവിടെയൊന്നും യേശുവിന് വിശ്രമം ലഭിച്ചില്ല. കാരണം ജനക്കൂട്ടം അവിടുത്തെ ചുറ്റം കൂടി.

വിധിവിവരണങ്ങളിലെ ഏറ്റവും ചെറിയ വിവരണമാണിത്. അല്‍ഫക്കുസിന്റെ പുത്രനാണ് ലേവി. ലേവി ചുങ്കം പിരിക്കുന്നവനായിരുന്നു. രണ്ടുതരം ചുങ്കമാണ് ഉണ്ടായിരുന്നത് – ആദായനികുതിയും, അനുബന്ധ നികുതിയും; പാലം, കനാല്‍, റോഡ് ഇവിടങ്ങളിലെ നികുതി.

ഇവ രണ്ടിനും വെവ്വേറെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇതില്‍ രണ്ടാമത്തെ ചുങ്കം പിരിക്കുന്നവരെയാണ് ജനം വെറുത്തിരുന്നത്. ലേവി ഈ രണ്ടാമത്തെ ഗണത്തില്‍പ്പെട്ടവനാകാമെന്നു കരുതുന്നു. ഹോറദേസ് അന്തിപ്പാസിന്റെ കീഴിലാണ് ലേവി പ്രവര്‍ത്തിച്ചിരുന്നത്. ചുങ്കം പിരിവുകാരന് കോടതിയിലെ ജഡ്ജിയാകുവാനോ, കോടതിയില്‍ സാക്ഷ്യം പറയുവാനോ കഴിയുമായിരുന്നില്ല. അവര്‍ സിനഗോഗില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. കഫര്‍ണ്ണാമിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ മത്സ്യബന്ധനമായിരുന്നു. അതിന് അവര്‍ നികുതി നല്‍കിയേക്കാം. ആദ്യം വിളിക്കപ്പെട്ട നാല് ശിഷ്യന്മാര്‍ക്ക് ലേവിയെ പരിചയമുണ്ടായിരിക്കാം. വി. മത്തായി സുവിശേഷത്തില്‍ ലേവി, മത്തായി എന്ന പേരിലാണ് വിളിക്കപ്പെടുന്നത്. ലേവിയും മത്തായിയും ഒരാള്‍ തന്നെ; രണ്ട് പേരുകളായിരിക്കാം.

ലേവി യേശുവിന് തന്റെ ഭവനത്തില്‍ ഒരു വിരുന്നൊരുക്കി. യഹൂദ സമൂഹത്തിലെ ഉയര്‍ന്ന വര്‍ഗ്ഗമായിരുന്നു ഫറിസേയര്‍. അവര്‍ സാധാരണ ജനങ്ങളെ പുച്ഛത്തോടെയാണ് കരുതിയിരുന്നത്. ഫറിസേവര്‍ക്ക് മണ്ണിന്റെ മക്കളുമായി അതായത്, സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവരെ ഫരിസേയര്‍ അതിഥികളായി സ്വീകരിക്കാറില്ലായിരുന്നു. ഫരിസേയരെ സംബന്ധിച്ച് ചുങ്കക്കാരും പാപികളും എന്നതിന്റെ അര്‍ത്ഥം സമൂഹത്തില്‍ സല്‍പേര് നഷ്ടപ്പെട്ടവര്‍ എന്നാണ്.

യേശു ഭക്ഷണത്തിനിരുന്നത് സമൂഹത്തില്‍ സ്ഥാനമില്ലാത്തവരുടെ കൂടെയായിരുന്നു. ഇത് യഹൂദ നേതാക്കളെ ചൊടിപ്പിച്ചു. യഹൂദ സമുദായത്തില്‍ സ്വാധീനമുണ്ടായിരുന്ന അത്മായരുടെ ഒരു ഗണമാണ് ഫരിസേയര്‍. സദുക്കായായിരുന്നു മറ്റൊരു ഗണം. അവര്‍ പുരോഹിതരായിരുന്നു. ഇവര്‍ പുനരുത്ഥാനത്തില്‍ വിശ്വസിച്ചിരുന്നില്ല. ഫരിസേയര്‍ നിയമത്തെ വ്യാഖ്യാനിച്ചിരുന്നു. പലപ്പോഴും യേശുവിനെ എതിര്‍ത്തത് ഫരിസേയരാണ്.

പരസ്പരം അംഗീകരിക്കുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെറെയും ബാഹ്യ അടയാളമാണ് വിരുന്നുകള്‍. സമൂഹത്തില്‍ വെറുക്കപ്പെട്ടവരോടു കൂടി യേശു വിരുന്ന് പങ്കിട്ടപ്പോള്‍ യേശു അവരെ അംഗീകരിക്കുന്നതിന് തുല്യമായി. ഇതാണ് യഹൂദ നേതാക്കളെ ചൊടിപ്പിച്ചത്. അവര്‍ക്ക് യേശു രണ്ട് ഉദാഹരണങ്ങള്‍ വഴി മറുപടി നല്‍കി. 1. രോഗികളും, വൈദ്യന്മാരും; 2. നീതിമാന്മാരും, പാപികളും.

രോഗവും രോഗിയുമില്ലെങ്കില്‍ വൈദ്യന്‍ വേണ്ട. എന്നാല്‍ പലരും രോഗികളാകും. അപ്പോള്‍ വൈദ്യന്റെ ആവശ്യം വരും. രോഗിയെ സുഖപ്പെടുത്തുന്ന ജോലിയാണ് വൈദ്യന്റേത്. ശാരീരികസൗഖ്യമല്ല യേശു ഇവിടെ പ്രദാനം ചെയ്യുന്നത്. പാപം മൂലം രോഗികളായവരെ അനുതാപത്തിലൂടെ സൗഖ്യത്തിലേയ്ക്ക് നയിക്കുന്നതാണ് യേശുവിന്റെ ദൗത്യം. യേശുവിന്റെ ദൗത്യം പാപികളെ വീക്ഷിക്കുകയെന്നതാണ്. ഇവിടെ നീതിമാന്മാര്‍ എന്നത് സ്വയം നീതിമാന്മാരായി നടിക്കുന്നവരാണ്. ഒരാള്‍ പാപിയാണെന്നും ബലഹീനനാണെന്നും സ്വയം അംഗീകരിക്കുമ്പോള്‍ യേശു അയാളെ സഹായിക്കും, ശിഷ്യത്വത്തിലേയ്ക്ക് ക്ഷണിക്കും. യേശുവിന്റെ വിളി എന്നത് പാപികളെ അനുതാപത്തിലേയ്ക്കും തുടര്‍ന്ന് ശിഷ്യത്വത്തിലേയ്ക്കും വിളിക്കുവാനാണ്.

നിന്ദിതരും പാപികളുമായ മനുഷ്യര്‍ യഹൂദ നേതാക്കളുടെ കൂടെ ഭക്ഷണമേശയില്‍ ഇരിക്കുമായിരുന്നില്ല. യേശു ഈ പാരമ്പര്യം തെറ്റിച്ചു. യഹൂദ നേതാക്കള്‍ യേശുവിന്റെ ശിഷ്യന്മാര്‍ ഉപവസിക്കുന്നില്ലെന്ന് പരാതി പറഞ്ഞു. യഹൂദര്‍ വര്‍ഷത്തിലൊരിക്കല്‍ പാപപരിഹാര ദിനത്തില്‍ ഉപവസിച്ചിരുന്നു. യോഹന്നാന്‍ നല്‍കിയ താപസശൈലി യേശുവിന്റെ ശിഷ്യന്മാര്‍ക്കില്ല എന്നാണ് യഹൂദ നേതാക്കളുടെ വാദം. തപസിനും ആഘോഷത്തിനും അതിന്റേതായ സമയമുണ്ടെന്ന് യേശു പഠിപ്പിച്ചു. വിവാഹം എന്ത് ആനന്ദമാണ്. മരണവും വിലാപവും ഒന്നിച്ചു കൊണ്ടുപോകുന്നതു പോലെ വിവാഹവും ആഘോഷവും ഒരുമിച്ച് പോകണം. മരണം ആരും ആഘോഷിക്കില്ല. വിവാഹത്തിന് ആരും ഉപവസിക്കുകയില്ല. യേശുവിന്റെ സാന്നിധ്യം സന്തോഷമാണ്. യേശുവിന്റെ അസാന്നിധ്യം സങ്കടമാണ്, ഉപവാസമാണ്. അനുയോജ്യമല്ലാത്ത കൂടിച്ചേരല്‍ നിലനില്‍ക്കില്ല.

പുതിയ വീഞ്ഞ് പഴയ തോല്‍ക്കുടത്തില്‍ ഒഴിക്കാറില്ല. അങ്ങനെ ചെയ്താല്‍ രണ്യം നഷ്ടമാകും. യേശുവിന്റെ സാന്നിധ്യവും ശിഷ്യന്മാരുടെ ഉപവാസവും ഒന്നിച്ച് പോകില്ല. യേശുവിന്റെ സമയമെന്നത് ആനന്ദത്തിന്റെ സമയമാണ്. ക്രിസ്തുമതം യഹൂദ മതത്തിന്റെ തുടര്‍ച്ചയല്ല. യഹൂദ നിയമം ക്രൈസ്തവരെ ബാധിക്കില്ല. യേശുവിന്റെ ശിഷ്യന്മാര്‍ ഫരിസേയന്റെയും യോഹന്നാന്റെയും ശിഷ്യരെ അനുകരിക്കുന്നവരാകരുത്. ശിഷ്യന്മാര്‍ യേശുവിനെ കണ്ടുമുട്ടുമ്പോള്‍ ഉപവസിക്കുകയല്ല മറിച്ച് ആഘോഷിക്കുകയാണ് വേണ്ടതെന്ന് യേശു പഠിപ്പിക്കുന്നു. പുതിയതും പഴയതും തമ്മില്‍ ചേരില്ല. പുതമയ്ക്കാണ് പ്രാധാന്യം. യേശുവിന്റെ ദൈവരാജ്യത്തിന്റെ സന്തോഷവാര്‍ത്തയും ഫരിസേയരുടെ ആത്മീയതയും തമ്മില്‍ ഒത്തുപോകില്ല. ഈ ഒത്തുചേരായ്കയാണ് മണവാളന്‍ എടുക്കപ്പെടാന്‍ ഇടയാക്കുന്നത്. യേശുവിന്റെ പഠനങ്ങള്‍ യഹൂദമതത്തിന്റെ പഴയ ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയില്ല. ഈ ഒത്തുചേരായ്കയാണ് യേശുവിനെ കുരിശിലേറ്റിയത്.

രക്ഷയുടെ അടയാളമായി യേശു സൃഷ്ടിച്ച പുതിയ വസ്ത്രമാണ് ക്രൈസ്തവ സഭ. യേശുവിനോടൊപ്പമുള്ള സമയം സന്തോഷിക്കണം, ആഘോഷിക്കണം. വിലാപം, തപസ്, പ്രാശ്ചിത്തം അതിനപ്പോള്‍ പ്രസക്തിയില്ല. മണവാളനോടൊത്ത് സ്‌നേഹിച്ചശേഷം അവിടുത്തെ മരണത്തില്‍ ദുഃഖിക്കണം, ഉപവസിക്കണം. മണവാളന്റെ സാന്നിധ്യം നഷ്ടപ്പെടുമ്പോഴാണ് ദുഃഖവും, ഉപവാസവും ആവശ്യമായി വരുന്നത്.

ഫാ. മാത്യു ചിറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.