സീറോ മലങ്കര ഫെബ്രുവരി 28 മര്‍ക്കോ. 2: 1-12 തളര്‍വാതരോഗിക്ക് സൗഖ്യം

ഫാ. മാത്യു ചിറയില്‍

പാപം മോചിപ്പിക്കുവാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂവെന്ന് അറിയപ്പെടുന്ന ഒരു വേദപണ്ഡിതന്‍ പറഞ്ഞു. യേശു ചെയ്യുന്നത് ദൈവദൂഷണമാണെന്ന് അവര്‍ വിധിയെഴുതി. കഫര്‍ത്തസില്‍ ഒരു ഭവനം യേശു തന്റെ ജീവിതകാലത്ത് താമസസ്ഥലമായി സ്വീകരിച്ചിരുന്നു. ആ വീടിനു ചുറ്റും ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. യേശു ഇരുന്ന സ്ഥലത്തേയ്ക്ക് ഒരു തളര്‍വാതരോഗിയെ നാലുപേര്‍ കൂടി എടുത്തുകൊണ്ട് വരുവാന്‍ ശ്രമിച്ചു. എന്നാല്‍ ജനക്കൂട്ടം നിമിത്തം അവര്‍ക്ക് വീടിനുള്ളിലേയ്ക്ക് പ്രവേശിക്കുവാന്‍ സാധിച്ചില്ല.

തളര്‍വാതരോഗിയെ എങ്ങനെയെങ്കിലും യേശുവിന്റെ അടുക്കല്‍ കൊണ്ടുചെന്നാല്‍ രോഗി സുഖപ്പെടുമെന്ന് അവര്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഇവിടെ രോഗിയുടെ വിശ്വാസത്തേക്കാള്‍ രോഗിയെ കൊണ്ടുവന്നവരുടെ വിശ്വാസത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അവര്‍ രോഗിയെ പുരപ്പുറത്തു കയറ്റി, മേല്‍ക്കുര പൊളിച്ച് അതിലൂടെ യേശുവിന്റെ മുമ്പിലേയ്ക്ക് രോഗിയെ കിടക്കയോടു കൂടെ ഇറക്കി. രോഗിയെ കൊണ്ടുവന്നവരുടെ വിശ്വാസം കണ്ട് യേശു ഉടനെ പ്രതികരിച്ചു – “മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”

പാപവും രോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് കരുതാം. അവരുടെ വിശ്വാസം രണ്ട് കാര്യങ്ങളിലായിരുന്നു.

1. രോഗശാന്തി നല്‍കാനുള്ള യേശുവിന്റെ കഴിവിലുള്ള വിശ്വാസം.
2. യേശു പ്രഖ്യാപിച്ച ദൈവരാജ്യത്തിലുള്ള വിശ്വാസം.

മനുഷ്യന്‍ പൂര്‍ണ്ണമായും സുഖപ്പെടണമെങ്കില്‍ പാപം മനുഷ്യനിലുണ്ടാക്കിയ വിടവ് ദൈവം നല്‍കുന്ന പാപമോചനം വഴി നികത്തപ്പെടണം.

ഫാ. മാത്യു ചിറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.