സീറോ മലങ്കര ഫെബ്രുവരി 27 മര്‍ക്കോ. 1: 21-28 ദൈവത്തിന്റെ പരിശുദ്ധൻ

ഫാ. ജിതിന്‍ വര്‍ഗ്ഗീസ് മഠത്തില്‍

ഈശോ ഒരു പിശാചുബാധിതനെ സുഖപ്പെടുത്തുന്ന സംഭവമാണ് ഇവിടെ വി. മർക്കോസ് വിവരിക്കുന്നത്. വി. മർക്കോസിന്റെ സുവിശേഷത്തിൽ, യേശു തന്റെ ദൗത്യം ആരംഭിക്കുന്നതു തന്നെ പിശാചിനെ തോൽപ്പിച്ചുകൊണ്ടാണ്. താൻ ദൈവപുത്രനാണെന്നും ലോകത്തിലെ എല്ലാ ശക്തികളുടേയും മേൽ തനിക്ക് അധികാരമുണ്ടെന്നും ഈ സംഭവത്തിലൂടെ യേശു വെളിവാക്കുന്നു. ഈ ഒരു ഭാഗത്ത് അശുദ്ധാത്മാവ് യേശുവിനെ ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഏറ്റുപറയുന്നു. വിശ്വാസം നിമിത്തമല്ല മറിച്ച് ഭയം നിമിത്തമാണ് പിശാച് യേശുവിനെ ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഏറ്റുപറയുന്നത്.

ഇവിടെ നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. പരിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ദൈവനാമം വിളിച്ചപേക്ഷിക്കുമ്പോൾ എത്രമാത്രം ബോധ്യത്തോടെയാണ് അത് ചെയ്യുന്നത്? ദൈവനാമം വിശ്വാസത്തോടെയും ബോധത്തോടെയും ഏറ്റുപറഞ്ഞാൽ നാം അത്ഭുതം ദർശിക്കും. ഈ വേദഭാഗം നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ദൈവം സർവ്വശക്തനാണ്; നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം യേശുവിലുണ്ട്. യേശുവിൽ ഉറച്ചുവിശ്വസിക്കുന്ന ഒരാളെ ഒരു പൈശാചികശക്തിക്കും കീഴ്പ്പെടുത്താനാകില്ല. ദൈവത്തിന്റെ ശക്തിയിൽ നമുക്ക് ഉറച്ചുവിശ്വസിക്കാം. പ്രശ്നങ്ങളും പ്രതിസന്ധികളും ദൈവസന്നിധിയിൽ സമർപ്പിക്കാം.

ഫാ. ജിതിന്‍ വര്‍ഗ്ഗീസ് മഠത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.