

ഇന്ന് പരേതരായ വിശ്വാസികളെ അനുസ്മരിക്കുന്ന ദിനം. അവരുടെ പാവനസ്മരണയ്ക്കു മുമ്പിൽ ശിരസ്സ് നമിക്കുന്നു, പ്രാർത്ഥിക്കുന്നു.
ഇന്നത്തെ തിരുവചനം ചില ഓർമ്മപ്പെടുത്തലുകൾ നടത്തുന്നുണ്ട്. അതിൽ ഒന്നാമതായി, ജീവിതം ഓർമ്മയാകണം എന്നതാണ്. തലമുറകൾക്ക് വിശ്വാസജന്മം നൽകി, പാതയൊരുക്കി വചനത്തിന് സാക്ഷികളായി മാറുക. രണ്ടാമതായി, പിതാവിന്റെ ഹിതം ഭൂമിയിൽ നിവർത്തിക്കാൻ കടന്നുവന്ന പുത്രനിലുള്ള അചഞ്ചലമായ വിശ്വാസം ഓരോ ക്രൈസ്തവജീവിതത്തിന്റെയും കേന്ദ്രലക്ഷ്യമായിരിക്കണം. അയച്ചവനിലുള്ള അടിപതറാത്ത വിശ്വാസം ഈ ലോകജീവിതത്തിൽ അപരന് സാക്ഷ്യമായിരിക്കണം.
മൂന്നാമതായി, അധികം കാത്തിരിക്കാനോ, കേൾക്കാനോ ഇഷ്ടപ്പെടാത്ത സമൂഹത്തിന്റെ നടുവിൽ ഇന്നത്തെ തിരുവചനം പറയുന്ന മറ്റൊരു കാര്യമുണ്ട്. ദൈവത്തിന്റെ വചനം ശ്രവിക്കുന്നവരാവുക. ആ വചനത്തിന് ജീവൻ നൽകുന്നവരാവുക. അവസാനമായി, നന്മയും തിന്മയും ദ്വന്ദയുദ്ധം നടത്തുന്ന ഭൂവിൽ ഒരുവന്റെ പ്രവർത്തി തന്നെയാണ് അവന്റെ ജീവിതത്തിന് സാധൂകരണമാവുക. അതിനാൽ നന്മ ചെയ്യാം, നിത്യജീവൻ സ്വന്തമാക്കാം. ശുഭദിനം നേരുന്നു…
ഫാ. സാമുവേല്‍ ജോര്‍ജ് OIC