സീറോ മലങ്കര ജനുവരി 24 യോഹ. 3: 1-12 നിത്യവെളിച്ചം

ഫാ. ഡോമിനിക് മൂഴിക്കര, OIC

ക്രിസ്തുവിന്റെ അരികിലേയ്ക്ക് ഫരിസേയപ്രമാണിയായ നിക്കൊദേമൂസ് നടത്തുന്ന യാത്രയാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഇതിവൃത്തം. ഇരുളിന്റെ മറ പറ്റി തന്റെ അടുക്കലേയ്ക്ക് വന്ന നിക്കൊദേമൂസിന് നിത്യവെളിച്ചത്തിലേയ്ക്കുള്ള വീണ്ടും ജനനത്തിന്റെ വാതായനമാണ് യേശു തുറന്നുകൊടുത്തത്. ക്രിസ്തുവിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്ന നിക്കൊദേമൂസ് വിശ്വാസജീവിതത്തിന്റെ പടവുകള്‍ കയറുന്ന ദൈവാന്വേഷികള്‍ക്ക് ഉത്തമ മാതൃകയും മാര്‍ഗ്ഗദര്‍ശിയുമാണ്.

വിശ്വാസജീവിതത്തില്‍ സംഭവിക്കുന്നതും സംഭാവിക്കാനിരിക്കുന്നതുമായ ഉലച്ചിലുകളും സംശയങ്ങളും ഒരാളെ കൂടുതല്‍ ക്രിസ്തുവിലേയ്ക്ക് ചേര്‍ത്തുനിര്‍ത്തുന്നതാണെന്ന് നിക്കൊദേമൂസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സാമ്പ്രദായികമായ അനുഷ്ടാനപാരമ്പര്യത്തില്‍ നിന്നും ആത്മീയതയെ ചോര്‍ത്തിക്കളയുന്ന തീക്ഷ്ണമായ ദൈവാനുഭാവത്തിന്റെ കുറവിനെയാണ് ക്രിസ്തു ചൂണ്ടിക്കാണിക്കുന്നത്. ദൈവം സൃഷ്ടിച്ചവരെല്ലാം ദൈവാന്വേഷികളാണ്. ഈ ദൈവാന്വേഷണത്തിന്റെ വ്യത്യസ്തമായ വഴികള്‍ ഒരാളെ ഒടുവില്‍ ദൈവത്തില്‍ എത്തിക്കുക തന്നെ ചെയും.

“ഈശ്വരനെ തേടി ഞാന്‍ നടന്നു. കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു…” വന്ധ്യനായ ആബേലച്ചന്റെ വരികള്‍. ഓരോ മനുഷ്യന്റെയും ദൈവാന്വേഷണത്തിന്റെയും സ്വരം കൂടിയാണിത്.

ക്രിസ്തു ചെയ്യുന്ന അടയാളങ്ങള്‍, ദൈവം കൂടെയുള്ള ഒരാള്‍ക്ക്‌ മാത്രമേ ചെയ്യാന്‍ സാധിക്കൂ എന്ന തിരിച്ചറിവാണ് നിക്കൊദേമൂസിനെ ക്രിസ്തുവിന്റെ അടുക്കലെത്തിച്ചത്. ജീവിതത്തിലും പ്രപഞ്ചത്തിലും നാം കണ്ടെത്തുന്ന അടയാളങ്ങളിലും അത്ഭുതങ്ങളിലും ദൈവത്തിന്റെ ശക്തി തിരിച്ചറിയുന്നതാണ് ഒരാളെ ക്രിസ്തുവിലേയ്ക്ക് എത്തിക്കുന്ന ആദ്യപടി.

വീണ്ടും ജനനമാകുന്ന ശുദ്ധീകരണത്തിന്റെയും അഭിഷേകത്തിന്റെയും വഴിയാണ് ദൈവാന്വേഷകനെ/ ക്രിസ്തുവിന്റെ അരികിലെത്തിയവനെ ദൈവരാജ്യത്തിന്റെ അവകാശിയാക്കിത്തീര്‍ക്കുന്നത്. ജലത്താലും ആത്മാവിനാലുമുള്ള ജനനമാണിത്. മാലിന്യങ്ങളില്‍ നിന്നും ജലം മുഖാന്തിരം ശുദ്ധി ചെയ്യപ്പെടുന്ന ഒരാള്‍ പൂര്‍ണ്ണമായ നൈര്‍മ്മല്യത്തോടും ശുദ്ധിയോടും കൂടി പരിശുദ്ധാത്മാവിന്റെ നല്‍വരങ്ങളാല്‍ അഭിഷേകം ചെയ്യപ്പെടുന്നു. മാംസത്തില്‍ നിന്ന് ജനിച്ചതിനെ ആത്മാവിന്റേതാക്കി മാറ്റുന്ന രൂപാന്തരീകരണത്തിന്റെ ശുശ്രൂഷയാണ് വീണ്ടും ജനനം. തിരുസഭയിലെ ജ്ഞാനസ്നാന കൂദാശയുടെ അര്‍ത്ഥവും ആഴവും ക്രിസ്തു തിരുവചനത്തില്‍ വെളിപ്പെടുത്തുന്നത് നിക്കൊദേമൂസിനോടുള്ള സംഭാഷണമദ്ധ്യേയാണ്. വീണ്ടും ജനനത്തിന്റെ ഈ പടിയാണ് ഒരാളെ പൂര്‍ണ്ണമായും ക്രിസ്തുവിന്റേതാക്കി മാറ്റുന്നത്.

സുവിശേഷത്തില്‍ നിക്കൊദേമൂസിനെ നാം കണ്ടുമുട്ടുന്നത് മൂന്നിടങ്ങളിലാണ്. വി. യോഹന്നാന്റെ മൂന്നാം അദ്ധ്യായത്തിലും ഏഴാം അദ്ധ്യായത്തിലും 19- അദ്ധ്യായത്തിലും(19/39) ആണത്. ക്രൂശിക്കപ്പെട്ട ക്രിസ്തുവിന്റെ തിരുശരീരം ഏറ്റുവാങ്ങി സംസ്കാരം നടത്തിയ അയാള്‍ സുവിശേഷത്തില്‍ നിത്യവെളിച്ചം കണ്ടെത്തിയ ഒരാളാണ്. ഫരിസേയനായ ഒരാളുടെ വീണ്ടും ജനനത്തിന്റെ വിശുദ്ധമായ ഈ യാത്രാവഴികള്‍ വിശ്വാസജീവിതത്തില്‍ നമ്മെ തീക്ഷ്ണതയുള്ള ആത്മീയതയുടെ പടവുകളിലേയ്ക്ക് നയിക്കട്ടെ.

ഫാ. ഡോമിനിക് മൂഴിക്കര, OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.