സീറോ മലങ്കര സെപ്റ്റംബർ 07 ലൂക്കാ 2: 41-52 ബാലനായ യേശു ദേവാലയത്തിൽ

ഫാ. തോമസ് തൈക്കാട്ട്

തിരുക്കുടുംബത്തിന്റെ ജെറുസലേം ദേവാലയത്തിലേക്കുള്ള യാത്രയാണ് ഇന്നത്തെ തിരുവചനഭാഗം. തിരുവചനം നമ്മെ പഠിപ്പിക്കുന്നു, പതിവുപോലെ തിരുക്കുടുംബം ദേവാലയത്തിലേക്കു പോയി. കുടുംബത്തിലെ എല്ലാവരും സന്തോഷപൂർവ്വം ദേവാലയത്തിലേക്കു പോകുന്നു. തിരികെ പോരുമ്പോൾ യേശു കൂടെയില്ലാത്തത് അപ്പനും അമ്മയും അറിഞ്ഞില്ല. അവൻ മറ്റുള്ളവരുടെ കൂടെ കാണുമെന്നു വിചാരിച്ചു. എന്നാൽ മൂന്നു ദിവസങ്ങൾക്കു ശേഷമാണ് യേശുവിനെ നഷ്ടപ്പെട്ട വിവരം മാതാപിതാക്കൾ അറിയുന്നത്.

ഇന്നത്തെ നമ്മുടെ ജീവിതത്തിലും പലപ്പോഴും യേശുവിനെ ദേവാലയത്തിൽ നഷ്ടപ്പെടുത്തിയാണ് നമ്മളും ഭവനങ്ങളിലേക്കു മടങ്ങുക. നമ്മുടെ ജീവിതത്തിൽ യേശു കൂടെയുണ്ടോ? അവനെ നഷ്ടപ്പെട്ടത് നമ്മൾ അറിയുന്നുണ്ടോ?

മാതാവും യൗസേപ്പിതാവും യേശുവിനെ കണ്ടുമുട്ടുക, അവൻ ഉപാദ്ധ്യായന്മാരുടെ കൂടെയിരുന്ന് അവരെ കേൾക്കുന്ന അവസരത്തിലായിരുന്നു. യേശുതമ്പുരാൻ അവനെത്തന്നെ എളിമപ്പെടുത്തുന്നു. നമ്മളെല്ലാവരും എളിമ ധരിക്കണമെന്ന് ഇന്നത്തെ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഈശോയുടെ ആദ്യവാക്കുകൾ സുവിശേഷത്തിൽ നാം കാണുന്നത് ഇവിടെയാണ് (ലൂക്കാ 2:49). “ഞാൻ എന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനായിരിക്കേണ്ടാതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?”

ഇതൊരു പ്രഖ്യാപനം ആണ്. ഞാൻ എന്റെ പിതാവിനു വേണ്ടി ജീവിക്കാനുള്ളവനാണ് എന്ന്. പന്ത്രണ്ടാം വയസിൽ യേശു തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു. നമ്മുടെയും പ്രഥമ പരിഗണന ദൈവവും ദൈവവചനവും ആകണം. അതിനുശേഷം അവരോടൊപ്പം പുറപ്പെട്ട്‌ നസ്രത്തിൽ വന്നു മാതാപിതാക്കൾക്കു വിധേയനായി ജീവിക്കുന്നു. ദൈവകല്പനയുടെ പ്രായോഗികമായ പഠിപ്പിക്കലാണ് പിന്നീട് യേശുവിന്റെ ജീവിതം. മാതാപിതാക്കളെ അനുസരിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം എന്ന് യേശു തന്റെ ജീവിതത്തിൽ കൂടി നമ്മെ പഠിപ്പിക്കുന്നു.

ഫാ. തോമസ് തൈക്കാട്ട് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.