സീറോ മലങ്കര ജനുവരി 17 യോഹ. 1: 43-51 വിളിയുടെ അടിസ്ഥാനം

ഫാ. എബ്രഹാം മുരുപ്പേൽ

യേശുതമ്പുരാൻ തന്റെ ശിഷ്യത്വത്തിലേയ്ക്ക് ആദ്യ ശിഷ്യന്മാരെ തെരഞ്ഞെടുത്തതിനു ശേഷം പീലിപ്പോസിനെയും നഥാനയേലിനേയും വിളിക്കുന്ന ഭാഗമാണ് ഇന്ന് നമ്മൾ വിചിന്തനം ചെയ്യുന്നത്.

ഒന്നാമതായി, ദൈവത്താൽ വിളിക്കപ്പെടുന്ന ഒരുവനു മാത്രമേ ശിഷ്യത്വത്തിലേയ്ക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. ഓരോ വിളിയുടേയും അടിസ്ഥാനം നമ്മൾ ദൈവത്തെ കണ്ടോ എന്നുള്ളതല്ല. മറിച്ച്, ദൈവം നമ്മെ കണ്ടു എന്നുള്ളതാണ്. യോഹ. 15:16-ൽ ഈശോ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്: “നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്.” ആയതിനാൽ, ശിഷ്യത്വത്തിലേയ്ക്ക് വിളിക്കപ്പെടുന്നത് നമ്മുടെ മേന്മയോ കഴിവോ കൊണ്ടല്ല. മറിച്ച്, ദൈവത്തിന്റെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്.

രണ്ടാമതായി, വിളി ലഭിച്ചവൻ തനിക്കു കിട്ടിയ വിളിയും താൻ അനുഭവിച്ചറിഞ്ഞതുമായ ദൈവിക ഇടപെടൽ മറ്റുള്ളവരിലേയ്ക്ക് പങ്കുവയ്ക്കുവാനും കടപ്പെട്ടവനാണ്. പീലിപ്പോസ്, താൻ അനുഭവിച്ചറിഞ്ഞ ക്രിസ്തുസ്നേഹത്തിലേയ്ക്ക്, “വന്നു കാണുക” എന്നുപറഞ്ഞ് നഥാനയേലിനെ ക്ഷണിക്കുന്നതുപോലെ, നമ്മുടെ അനുദിന ജീവിതത്തിൽ നാം അനുഭവിച്ചറിയുന്ന ദൈവസ്നേഹത്തിലേയ്ക്ക് കൂടെയുള്ളവരെ കൂട്ടിക്കൊണ്ടു വരുമ്പോഴാണ് നാം യഥാർത്ഥ ക്രിസ്തുശിഷ്യന്മാരായി തീരുന്നത്. അനുദിന ജീവിതത്തിൽ, ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയുവാനും ആ സ്നേഹത്തിലേയ്ക്ക് അനേകരെ കൂട്ടിക്കൊണ്ടു വരുവാനും നമുക്ക് ഇടയാകട്ടെ.

ഫാ. എബ്രഹാം മുരുപ്പേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.