സീറോ മലങ്കര ജനുവരി 14 മത്തായി 7: 1-6 സ്നേഹം

ഫാ. ഷീൻ തങ്കാലയം

സ്വയം പരിമിതികളുള്ളവൻ ആണെന്നിരിക്കെ, ആ പരിമിതികളെ മറച്ചുവച്ചുകൊണ്ട് മറ്റുള്ളവരുടെ പരിമിതികളെ ചൂണ്ടിക്കാണിച്ച് കേമത്തം കാണിക്കുന്ന ഒരു കൂട്ടം കപടനാട്യക്കാർ വിമർശിക്കുകയാണിവിടെ. സാഹചര്യങ്ങളെ ശരിയായി മനസ്സിലാക്കാതെയും വിലയിരുത്താതെയും പുറംകാഴ്ചകൾ മാത്രം കണ്ട് വിധിക്കുന്ന വെറും ഭൗതികമനുഷ്യരായി പലപ്പോഴും നമ്മൾ മാറാറുണ്ട്. വിധിയെക്കുറിച്ചല്ല, മറിച്ച് കരുണയില്ലാതെ കാർക്കശ്യം കാണിക്കുന്നതിനെയാണ് ക്രിസ്തു വിമർശിക്കുന്നത്.

മറ്റുള്ളവർക്ക് നാം കൊടുക്കുന്ന സ്നേഹത്തിന്റെയും കരുണയുടെയും ഒരു പങ്ക് നമുക്ക് തിരിച്ച് ഇരട്ടിയായി കിട്ടും എന്നുള്ള പാഠമാണ് നമ്മൾ ഓർക്കേണ്ടത്. ഓരോ മനുഷ്യനും വിമർശനബുദ്ധിയും മുൻവിധിയും മാറ്റിവച്ച് സഹോദരങ്ങളോട് സ്നേഹത്തോടെ പെരുമാറണം. പാപസാഹചര്യത്തിൽ ജീവിക്കുന്ന ഒരുവന് വിശുദ്ധിയെക്കുറിച്ച് പ്രസംഗിക്കാനും വിലയിരുത്താനും എന്ത് അവകാശമാണുള്ളത്. കപടഭക്തിയുടെയും ശിഷ്യത്വത്തിന്റെയും പുറംകുപ്പായം അഴിച്ചുവച്ച് നിർമ്മലഹൃദയത്തോടെ ജീവിക്കണം. നിർദ്ദയവിധികളുടെ വിധി നിർദ്ദയം തന്നെയാണ്; കരുണയുടേത് കരുണയും.

ഫാ. ഷീൻ തങ്കാലയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.