

ന്യായപ്രമാണം എന്നാൽ പത്ത് കല്പനകൾ മാത്രമല്ല, കൽപനകളും പ്രവാചകന്മാരും പാരമ്പര്യവും ഒക്കെ ചേരുന്നതിന്റെ ആകത്തുകയാണ് ദൈവത്തിന്റെ പ്രമാണം. ക്രിസ്തു ന്യായപ്രമാണത്തെ പാലിച്ചു എന്നുള്ളതു കൊണ്ടുതന്നെ ക്രിസ്തുവിന്റെ അനുയായികളും അത് പാലിക്കാൻ കടപ്പെട്ടവരാണ്. ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവന് ക്രിസ്തു നീതി ആകുന്നു.
ക്രിസ്തുവിന്റെ നാമധാരികളായ പലരും ഇന്ന് അനുയായികളെന്ന് അഭിനയിക്കുന്നവർ മാത്രമാണ്. വാസ്തവത്തിൽ, ഭൂമിയിൽ നിന്നും സ്വർഗ്ഗത്തിലേയ്ക്കുള്ള യാത്രാമാർഗ്ഗം ദൈവകൽപനകളാണ്. വേറെ കുറുക്കുവഴികളൊന്നുമില്ല. ക്രിസ്തുമാർഗ്ഗം സുവ്യക്തവും സുശക്തവുമായതിനാൽ മറ്റു മാർഗ്ഗങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. സമസ്തവും പൂർത്തീകരിക്കപ്പെടുന്നത് ക്രിസ്തുവിലാണെന്നതിനാൽ അവിടുന്ന് നൽകിയ കല്പനകൾ – സ്നേഹത്തിന്റെയും സഹനത്തിന്റെയും വചനങ്ങൾ – അലംഘനീയമായി കരുതി പാലിക്കേണ്ടതുണ്ട്.
കൽപനകൾ പൂർത്തീകരണമല്ല; പൂര്ണ്ണതയിലേയ്ക്കുള്ള മാർഗ്ഗമാണ്. നിലവിലിരുന്ന കാർക്കശ്യമുള്ള ഫരിസേയ നീതിക്കപ്പുറം സ്നേഹസംഗീതത്തിന്റെ പുതിയ നീതിയിലേയ്ക്കുള്ള ഭാഗ്യമുള്ള ക്ഷണമാണ് ക്രിസ്തു നമുക്ക് നൽകുന്നത്.
ഫാ. ഷീൻ തങ്കാലയം