

ഈ ലോകത്തിലെ ഭൗതിക ജീവിതത്തിനുമപ്പുറം ആത്മീയപാതയിലൂടെ ചലിച്ച് എത്തിപ്പെടേണ്ട സ്വർഗ്ഗം നമ്മെ കാത്തിരിക്കുന്നുണ്ട്. നശ്വരജീവിതം നമ്മിൽ ഭയം വിതയ്ക്കുന്നുണ്ടെങ്കിലും അനശ്വരജീവിതത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള നമ്മുടെ പ്രയാണം നമുക്ക് കൂടുതൽ ധൈര്യം നൽകും.
മനുഷ്യൻ ഇന്ന് അനുഭവിക്കുന്ന സമ്മർദ്ദങ്ങളെല്ലാം ഭൗതിക നേട്ടകോട്ടങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ദൈവത്തെ ഭയപ്പെടുക; എങ്കിൽ മറ്റാരെയും ഭയപ്പെടേണ്ടതില്ല. ഭയവും ഭീരുത്വവും ദൈവവചന ശുശ്രൂഷയെ തടസ്സപ്പെടുത്തും. ആത്മീയോത്കൃഷ്ടതയോടു കൂടി ജീവിച്ചാൽ ഭയത്തിന് സ്ഥാനമില്ല. കാരണം, നിസ്സാരമെന്നു കരുതുന്നവപോലും ദൈവം അറിയാതെ നടക്കുകയില്ല.
ഭയമില്ലാത്ത ക്രിസ്തു ഭയപ്പെടേണ്ട എന്ന ഉറപ്പ് നമുക്ക് നൽകുന്നു. പരിശുദ്ധാത്മാവിന്റെ ശക്തി നമുക്കുണ്ട്. ആ ഉറപ്പ് നമ്മിൽ ധൈര്യവും ജ്ഞാനവും പ്രദാനം ചെയ്യുന്നു. ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന നാം ആത്മീയമനുഷ്യരാണ്. ദൈവകരങ്ങളിൽ ജീവിതം സമർപ്പിച്ച് നന്മയോടു കൂടി നമുക്ക് ജീവിക്കാം.
ഫാ. ഷീൻ തങ്കാലയം