സീറോ മലങ്കര ജനുവരി 07 ലൂക്കാ 7: 24-28 വി. യോഹന്നാൻ മാംദാനയുടെ പുകഴ്ച

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

പ്രാവാചകപരമ്പരയിൽ ഒടുവിലത്തെ കണ്ണിയും തനിക്ക്‌ വഴിയൊരുക്കാൻ വന്നവനുമായ സ്നാപകനെ യേശു പ്രകീർത്തിക്കുന്നതാണ്‌ ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം. പഴയനിയമത്തിലുടനീളം പ്രവാചകന്മാരിലൂടെ ഇസ്രായേൽ ജനത്തോട്‌ സംവദിക്കുന്ന ദൈവം, അവരുടെ തുടർച്ചയായ പ്രവാചകനിന്ദയുടെയും അവഹേളനത്തിന്റെയും ഫലമായി 400 വർഷക്കാലത്തേയ്ക്ക്‌ ഒരു പ്രവാചകനെപ്പോലും അയയ്ക്കാതെ നിശബ്ദത പാലിക്കുന്നുണ്ട്‌ (ആമോസ്‌ 8:11). ദീർഘമായ ഈ നിശബ്ദത ദൈവം ഭേദിക്കുന്നത്‌ യേശുവിന്റെ കാലത്ത്‌ “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദത്തിലൂടെയാണ്” (ലൂക്കാ 3: 4).‌‌ പ്രവാചകന്മാരുടെ അസാന്നിദ്ധ്യത്തിൽ നിയമത്തിന്‌ അമിതപ്രാധാന്യം കൈവരുകയും നിയമത്തിന്റെ അന്തസത്തയെക്കാൾ അക്ഷരാർത്ഥത്തിലുള്ള നിയമപാലനത്തിന്‌ നിയമജ്ഞരും പുരോഹിതരും ജനത്തെ നിർബന്ധിക്കുകയും അതുവഴി അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്ന സമയത്താണ്‌ യോഹന്നാൻ കടന്നുവരുന്നത്‌.

കർത്താവിന്റെ വഴി ഒരുക്കുവാനും (ലൂക്കാ 3:4) അവിടുത്തെ ലോകത്തിന്‌ പരിചയപ്പെടുത്തിക്കൊടുക്കാനും (യോഹ. 1:29) നിയോഗം ലഭിച്ച സ്നാപകയോഹന്നാനെ യേശു പ്രകീർത്തിക്കുന്നത്‌ അവന്റെ ഉറച്ച നിലപാടുകളുടെയും ധീരതയുടെയും (7:24) കഠിന താപസശൈലികളുടെയും പരിത്യാഗത്തിന്റെയും (7:25) എളിമയുടെയും (3:16) തനിക്ക്‌‌ നൽകുന്ന സാക്ഷ്യത്തിന്റെയും (3:16-18) പേരിലാണ്‌.

യോഹന്നാന്റെ ശിഷ്യന്മാർ മടങ്ങിയതിനുശേഷം ജനക്കൂട്ടത്തോടാണ്‌ യേശു ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്‌. യോഹന്നാന്റെ ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ ഈ പ്രകീർത്തനം നടത്തിയിരുന്നെങ്കിൽ അതു വെറും മുഖസ്തുതിയായി ചുരുങ്ങുമായിരുന്നു. എന്നാൽ യോഹന്നാനെക്കുറിച്ച്‌ ആദ്യത്തെയത്ര മതിപ്പൊന്നുമില്ലാത്ത, കാരാഗൃഹത്തിലായ അവനെ സൗകര്യപൂർവ്വം മറന്നുതുടങ്ങിയ ജനക്കൂട്ടത്തിന്റെ മുമ്പിലാണ്‌ യേശു അവനെ പുകഴ്ത്തി സംസാരിക്കുന്നത്‌. സ്ഥിരതയില്ലാത്ത ജനക്കൂട്ടത്തിന്റെ കൈയ്യടികളിൽ മയങ്ങരുതെന്ന പാഠം തമ്പുരാൻ ഇതുവഴി പരോക്ഷമായി പഠിപ്പിക്കുന്നുണ്ട്‌.

ആളും ആരവവുമില്ലാതെ യോഹന്നാൻ തടവറയുടെ ഏകാന്തതയിൽ കഴിയുമ്പോഴാണ്‌ യേശു യോഹന്നാനെ പുകഴ്ത്തി സംസാരിക്കുന്നത്‌. ക്രിസ്തു നിന്നെ വിലയിരുത്തുന്നത്‌ നിനക്ക്‌ ചുറ്റുമുള്ളവരുടെ എണ്ണമെടുത്തിട്ടല്ല, നീ അവനായി നൽകുന്ന വിശ്വസ്തസാക്ഷ്യത്തിന്റെ പേരിലാണ്‌. വിശ്വസ്തദാസനോട്‌ തമ്പുരാനും വിശ്വസ്തത പുലർത്തും. മുഖസ്തുതികൾക്കും കൈയ്യടികൾക്കും ചഞ്ചല നിലപാടുകൾക്കും പകരം ഉറച്ച നിലപാടുകളിലൂടെ, എളിമയും ധീരതയും പരിത്യാഗവും നിറഞ്ഞ ജീവിതശൈലികളിലൂടെ, വിശ്വസ്തതയിലൂടെ ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാൻ സുവിശേഷം നമ്മെ ആഹ്വാനം ചെയ്യുന്നു.

ഫാ. വർഗ്ഗീസ്‌ പന്തിരായിത്തടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.