സീറോ മലങ്കര ജനുവരി 06 (ദനഹാ പെരുന്നാൾ) മത്തായി 3: 13-17 നമ്മുടെ കർത്താവിന്റെ മാമ്മോദീസാ

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

തന്നേക്കാൾ ചെറിയ ഒരുവനിൽ നിന്ന് യേശു സ്നാനം സ്വീകരിക്കുന്നതിലെ പൊരുത്തക്കേട് യോഹന്നാന്റെ ചോദ്യത്തിലൂടെ മത്തായി സുവിശേഷകൻ ചൂണ്ടിക്കാണിക്കുന്നു: “ഞാൻ നിന്നിൽ‌ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേയ്ക്ക്‌ വരുന്നുവോ?”

യേശു യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിക്കുന്നതിന്‌ രണ്ട്‌ കാരണങ്ങളാണ്‌ സുവിശേഷകൻ നൽകുന്നത്‌.

1. “സർവ്വനീതിയും പൂർത്തിയാകേണ്ടിയിരിക്കുന്നു”- യഹൂദജനത്തിനു മുമ്പാകെ യേശുവിനെ പരസ്യമായി പരിചയപ്പെടുത്തുന്നതിന്നുള്ള മാർഗ്ഗമിതായിരുന്നു. പാപമില്ലാത്തവനായിരുന്നിട്ടും താൻ രക്ഷിക്കാനിരിക്കുന്ന പാപികളായ ജനവുമായി യേശു സ്വയം താദാത്മ്യപ്പെടുകയാണ്‌.

2. യേശുവിന്റെ മാമ്മോദീസാ വഴി ശക്തമായ മൂന്നു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്‌:

a) സ്വർഗ്ഗം തുറക്കുന്നു – സ്വർഗ്ഗവും ഭൂമിയും ഇനിമേൽ ഭിന്നിച്ചിരിക്കുന്നില്ല; പരസ്പരം യോജിപ്പിക്കപ്പെട്ടിരിക്കുന്നു. ദൈവം തന്റെ ജനത്തോടൊപ്പം ആയിരിക്കുന്നു.

b) ആത്മാവ്‌ ഇറങ്ങിവരുന്നു – മനുഷ്യകുലത്തെ ദൈവവുമായി ഒന്നിപ്പിക്കുന്ന ദൗത്യനിർവ്വഹണത്തിന്‌ ആത്മാവ്‌ യേശുവിനെ സജ്ജമാക്കുന്നു.

c) സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരം കേൾക്കുന്നു – രണ്ടു കാര്യങ്ങളാണ്‌ സ്വർഗ്ഗം വെളിപ്പെടുത്തുന്നത്‌: ഇവൻ എന്റെ പ്രിയപുത്രൻ (സങ്കീ. 2:7); ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു (ഏശയ്യ 42:1). ദൈവത്തിന്റെ അഭിഷിക്തൻ – മിശിഹായാണ്‌ യേശു എന്ന് ലോകത്തിന്‌ ഇപ്രകാരം വെളിപ്പെട്ടു കിട്ടുന്നു.

യേശു സ്വയം ശൂന്യനാക്കുന്നതിന്റെ (സ്വയം ഇല്ലാതാകുന്നതിന്റെ) അടയാളമായിട്ടാണ്‌ യേശുവിന്റെ സ്നാനത്തെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വിശേഷിപ്പിക്കുന്നത് (നം‌. 1224). ദൈവഹിതത്തിന്റെ ഉപകരണമെന്ന നിലയിൽ അവിടുന്ന് സ്വയം ശൂന്യവത്കരിച്ചപ്പോൾ ദൈവത്തിന്റെ ശക്തി പ്രകടമായി. അനുദിന ജീവിതത്തിൽ ദൈവത്തിന്റെ ഉപകരണങ്ങളായി മാറണമെങ്കിൽ നമ്മെത്തന്നെ ‘ഇല്ലാതാക്കാൻ’ നാം തയ്യാറാകണം; ദൈവേഷ്ടത്തിന്‌ പൂർണ്ണമായും കീഴ്‌വഴങ്ങണം. ‘ഞാൻ
ആദ്യം’ എന്ന വിചാരങ്ങൾ ‘നാം ഒരുമിച്ച്‌’ എന്ന കാഴ്ചപ്പാടുകൾക്ക്‌ വഴിമാറണം. ‘ഇപ്പോൾ തന്നെ നടക്കണം’ എന്ന ശാഠ്യങ്ങൾ ‘നിന്റെ ഹിതം നിറവേറട്ടെ’ എന്ന പ്രാർത്ഥനയായി രൂപാന്തരപ്പെടണം. ‘എനിക്ക്‌ വേണം’ എന്ന അത്യാഗ്രഹങ്ങൾ ‘ഏറ്റം മികച്ചത്‌ എല്ലാവർക്കും’ എന്ന തുറവികളായി മാറണം. അങ്ങനെയെങ്കിൽ, സ്വയം ഇല്ലാതായി, എല്ലാവർക്കും എല്ലാമായി മാറിയ ക്രിസ്തു നമ്മുടെ ജീവിതങ്ങൾക്കുമേൽ ഈ ദനഹാപ്പെരുനാളിൽ മാത്രമല്ല, നിത്യം ഉദയം ചെയ്യും!

ഏവർക്കും ദനഹാ പെരുന്നാളിന്റെ മംഗളങ്ങൾ!

ഫാ. വർഗ്ഗീസ് പന്തിരായിത്തടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.