സീറോ മലങ്കര ജനുവരി 04 സുവിശേഷ ഭാഗ്യങ്ങള്‍

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

മലയിലെ പ്രസംഗത്തില്‍ സുവിശേഷഭാഗ്യങ്ങളെക്കുറിച്ചുളള യേശുവിന്റെ വാക്കുകളാണ് ഇന്നത്തെ വചനഭാഗം. സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്കുളള 8 വാതിലുകള്‍ കര്‍ത്താവ് നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. ‘ഭാഗ്യവാന്മാര്‍’ എന്ന് അതിനെ ‘വിശുദ്ധര്‍’ എന്നതിന്റെ പര്യായപദമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിക്കുന്നത്. വിശുദ്ധി കൈവരിക്കുവാനുളള പ്രായോഗിക മാര്‍ഗ്ഗങ്ങളായി മാര്‍പാപ്പ ഈ സുവിശേഷഭാഗ്യങ്ങളെ നമുക്ക് പരിചയപ്പെടുത്തിത്തരുന്നുമുണ്ട് (ആന്ദിച്ച് ആഹ്‌ളാദിക്കുവിന്‍).

പാവപ്പെട്ടവരെ കരുതുകയും അവരുടെ പ്രസക്തിയും മൂല്യവും തിരിച്ചറിയുകയും ചെയ്യുന്ന ക്രിസ്തുവിന്റെ മനസ്സുളളവരാണ് ആത്മാവില്‍ ദരിദ്രര്‍. ആത്മാവില്‍ ദരിദ്രരായവര്‍ക്കും നീതിക്കുവേണ്ടി പീഢകള്‍ ഏല്‍ക്കുന്നവര്‍ക്കും ഒരേ വാഗ്ദാനമാണ് – സ്വര്‍ഗ്ഗരാജ്യം. ഈ രണ്ട് വാഗ്ദാനങ്ങള്‍ക്കുമിടയില്‍ നവീകരിക്കപ്പെടുന്ന ബന്ധങ്ങളിലൂടെ പുന:സ്ഥാപിക്കപ്പെടുന്ന ഒരു ജീവിതപദ്ധതി തമ്പുരാന്‍ വരച്ചുകാണിക്കുന്നു. വിലപിക്കുന്നവര്‍ അനീതിക്കെതിരെ പ്രതികരിക്കുന്നവരാണ്. ശാന്തശീലര്‍ 37-ാം സങ്കീര്‍ത്തനം പ്രതിപാദിക്കുന്ന നീതിമാന്മാരാണ്. ഭൗമികസ്വത്തുക്കളും ദൈവിക ആശ്വാസവുമാണ് അവരെ കാത്തിരിക്കുന്നത്. നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരും കരുണയുളളവരും മനുഷ്യന്ധങ്ങളെ നീതിപൂര്‍വ്വം പുന:ക്രമീകരിക്കുന്നവരാണ്. നീതിയിലൂടെയും സാഹോദര്യത്തിലൂടെയും ഇക്കൂട്ടര്‍ മാനുഷികബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്നു.

ഹൃദയശുദ്ധിയുളളവരും സമാധാനം സ്ഥാപിക്കുന്നവരും ദൈവവുമായുളള ബന്ധത്തെയാണ് പുന:ക്രമീകരിക്കുന്നത്. ഹൃദയശുദ്ധിയിലൂടെ നമുക്ക് ധ്യാനപൂര്‍വ്വകമായ കാഴ്ച തുറന്നുകിട്ടും. അതുവഴി എല്ലാത്തിലും ദൈവികസാന്നിധ്യം തിരിച്ചറിയാന്‍ കഴിയും. സമാധാനം സ്ഥാപിക്കുന്നവര്‍ ദൈവത്തിന്റെ പുത്രീപുത്രന്മാരാണ്. എല്ലാത്തിലും പുതിയ ദൈവികാനുഭവം രുചിച്ചറിയുവാന്‍ ഇക്കൂട്ടര്‍ക്ക് കഴിയും.

ലോകം പഠിപ്പിക്കുന്നതിന്റെ നേര്‍വിപരീതമായ വസ്തുതയാണ് സുവിശേഷഭാഗ്യങ്ങളിലൂടെ ക്രിസ്തു പഠിപ്പിക്കുന്നത്. അധികാരത്തിനും പണത്തിനും വേണ്ടി ജീവിക്കുന്നവരെ ഭാഗ്യവാന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന ആധുനികലോകത്തില്‍ യഥാര്‍ത്ഥ ഭാഗ്യമെന്നത് ക്രിസ്തു പഠിപ്പിച്ച മാര്‍ഗ്ഗങ്ങളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതാണെന്ന് തെളിയിക്കേണ്ടത് ഓരോ ക്രിസ്തുശിഷ്യനുമാണ്. സുവിശേഷഭാഗ്യങ്ങള്‍ ജീവിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധി.

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.