സീറോ മലങ്കര ജനുവരി 03 (യല്‍ദായ്ക്കുശേഷം രണ്ടാം ഞായര്‍) യോഹ. 1:29-34 സ്നാപകന്റെ സാക്ഷ്യം

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

സ്‌നാപകന്‍ ക്രിസ്തുവിനെക്കുറിച്ച് നല്‍കുന്ന സാക്ഷ്യമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ഉളളടക്കം. ‘സ്‌നാപകന്‍ നല്‍കുന്ന സാക്ഷ്യങ്ങളെല്ലാം തന്നെ ദൈവശാസ്ത്രപരമായി ആഴമുളളതാണ്.

1. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്
2. എനിക്കു മുമ്പു തന്നെ ഇവനുണ്ടായിരുന്നു
3. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവാഹിച്ചു.
4. ഇവന്‍ ദൈവപുത്രനാണ്.

“സ്‌നാപകന്റെ സാക്ഷ്യങ്ങളില്‍ ആദ്യത്തേത് ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് എന്നതാണ്. മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപമാണ് സുവിശേഷകന്‍ ഇവിടെ വിവക്ഷിക്കുന്നത്. കുഞ്ഞാട് യഹൂദ പശ്ചാത്തലത്തില്‍ ബലിമൃഗമാണ് (പുറ. 29:39). കുഞ്ഞാട് ഊനമറ്റതായിരിക്കണം (പുറ. 12:5). കുഞ്ഞാടിന്റെ രക്തം തളിക്കപ്പെട്ട ഇസ്രായേല്യരുടെ ഭവനങ്ങളെ സംഹാരദൂതന്‍ കടന്നുപോയി (പുറ. 12:23) ക്രിസ്തു മനുഷ്യകുലത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ്. ഇവനെക്കുറിച്ചാണ് ഏശയ്യാ പ്രവചിച്ചത്. “കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു” (ഏശയ്യാ 53:7).

കളങ്കമുളള നമ്മെ വീണ്ടെടുത്തത് ‘കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുളള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ (1 പത്രോസ് 1:19). നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്പിക്കപ്പെട്ടു. അവന്റെ മേലുളള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു (ഏശയ്യ 53:5). സൗഖ്യമരുളുന്ന, രക്ഷ പ്രദാനം ചെയ്യുന്ന കുഞ്ഞാട് ഓരോ വിശുദ്ധ കുര്‍ബാനയിലും നമ്മെ തേടിവരുന്നു. ക്രിസ്തു തന്റെ അടുത്തേയ്ക്ക് വരുന്നതു കണ്ടപ്പോഴാണ് സ്‌നാപകന്‍ അവനെക്കുറിച്ച് സാക്ഷ്യം നല്‍കുന്നത്.

ഇന്നും ക്രിസ്തു നമ്മെ തേടി വരുന്നുണ്ട്. വരിക മാത്രമല്ല, വാതില്‍ക്കല്‍ മുട്ടുകയും നാം തുറന്നുകൊടുക്കുന്ന പക്ഷം അകത്തു പ്രവേശിച്ച് നമ്മോടൊപ്പം ഭക്ഷണത്തിനിരിക്കുകയും ചെയ്യും (വെളി. 3:20). ഒരു സ്‌നേഹിതനെപ്പോലെ നമ്മെ തേടി, നമ്മുടെ അടുത്തേയ്ക്കു വരുന്ന ക്രിസ്തുവിനെ തിരിച്ചറിയാനും ബഹളങ്ങളുടെ ലോകത്ത് അവന്‍ മൃദുവായി വാതില്‍ക്കല്‍ മുട്ടുന്നത് കേള്‍ക്കുവാനും നമുക്ക് സാധിക്കുന്നുണ്ടോ? വിശുദ്ധ കുര്‍ബാനയിലൂടെ മാത്രമല്ല, മറ്റു പല മാര്‍ഗ്ഗങ്ങളിലൂടെയും കര്‍ത്താവ് നമ്മെ തേടി വരുന്നുണ്ട്. തിരിച്ചറിയുക എന്നതാണ് പ്രധാനം.

ദൈവരാജ്യത്തിന്റെ കെട്ടുപണിയില്‍ നമുക്ക് വന്നുചേരാനിടയുളള അപകടമാണ് സ്വന്തം പേരിനും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നത്. സ്‌നാപകന്‍ നമ്മെ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുകയാണ്. സ്വന്തം പ്രശസ്തി ആഗ്രഹിക്കാതെ, ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ തയ്യാറായപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ പോലും അവനെ വിട്ട് ക്രിസ്തുവിന്റെ പിന്നാലെ പോയി. മറ്റുളളവരെ നാം ആകര്‍ഷിക്കേണ്ടത് നമ്മിലേയ്ക്കല്ല. നമ്മുടെ വാക്കുകളിലൂടെയും പ്രവ്യത്തികളിലൂടെയും എല്ലാവരെയും നാം ആകര്‍ഷിക്കേണ്ടേത് ക്രിസ്തുവിലേയ്ക്കാണ്. ബഹങ്ങളുടെ ലോകത്ത് ക്രിസ്തുവിന്റെ നേര്‍ത്ത സ്വരം തിരിച്ചറിയാന്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും അവന് വിട്ടുകൊടുക്കാന്‍, മറ്റുളളവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അല്‍പമെങ്കിലും ഏറ്റെടുക്കുവാന്‍, വാക്കിലൂടെയും പ്രവൃത്തികളിലൂടെയും അനേകരെ ക്രിസ്തുവിലേയ്ക്ക് നയിക്കുവാന്‍ നമുക്കേവര്‍ക്കും സാധിക്കട്ടെ.

ഫാ. വര്‍ഗ്ഗീസ് പന്തിരായിത്തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.