

മനുഷ്യർ പരസ്പരമുളള ഇടപെടലുകളിൽ പുലർത്തേണ്ട ദൈവികമായ ഒരു മനോഭാവത്തെക്കുറിച്ചാണ് ഈശോ ഇന്ന് പഠിപ്പിക്കുന്നത് – അപരനെ വിധിക്കരുത്. കാരണം, ഒരാളെ പൂർണ്ണമായി അറിയാതെ അയാളെക്കുറിച്ച് അഭിപ്രായം പറയുന്നതെങ്ങനെ? അത് ദൈവത്തിനു മാത്രം കഴിയുന്ന ഒന്നാണ്. സത്യത്തിൽ മറ്റൊരാളെ വിധിക്കുന്നയാൾ അവനുമായി തന്നെത്തന്നെ താരതമ്യം ചെയ്ത് താൻ നീതിമാനാണെന്നു കൂടി സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ചുങ്കക്കാരന്റെയും ഫരിസേയന്റെയും പ്രാർത്ഥനയുടെ ഉദാഹരണത്തിൽ ഈശോ അത് ചൂണ്ടിക്കാണിക്കുന്നുമുണ്ട്. തെറ്റായ വിധിപ്രസ്താവത്തിന് ഇരയാകുന്നവന്‍ സത്യത്തിൽ നീതി കൂടി നിഷേധിക്കപ്പെടുകയാണ്.
പരസ്പരം സ്നേഹിക്കണമെന്ന ദൈവികമായ കൽപനയുടെ ഒരു മറുവശമാണ്, അന്യരെ വിധിക്കരുത് എന്നുള്ള ഉപദേശം. ദൈവം പോലും മാപ്പു നൽകുന്ന അനുതാപിയെ വിധിക്കാൻ മനുഷ്യൻ ആരാണ്! കുറ്റങ്ങളോടും കുറവുകളോടും കൂടി മനുഷ്യനെ സ്നേഹിക്കാനും അവനുവേണ്ടി ജീവൻ തന്നെ കൊടുക്കാനും ദൈവം തയ്യാറായ ഒരു രക്ഷാകര ചരിത്രത്തിൽ നമ്മുടെ കുറ്റപ്പെടുത്തലുകൾ എത്ര അപഹാസ്യമാണ്!
ഫാ. ഷീന്‍ പാലക്കുഴി