സീറോ മലങ്കര ഡിസംബര്‍ 03 മര്‍ക്കോ. 16: 14-18 പ്രേഷിതദൗത്യം

ഫാ. ജോയ്സ് പുതുപ്പറമ്പില്‍

ഉത്ഥാനത്തിനു ശേഷമുള്ള യേശുവിന്റെ പ്രത്യക്ഷപ്പെടലും ശിഷ്യഗണത്തിന് പ്രേഷിതദൗത്യം കൊടുക്കുന്നതുമാണ് വചനഭാഗം. ശിഷ്യര്‍ വിശ്വാസരാഹിത്യത്തില്‍ നിന്നും വിശ്വാസത്തിലേയ്ക്ക് വളരുന്നതാണ് മുഖ്യപ്രമേയം.

ഉത്ഥിതനെ കണ്ടിട്ടും വിശ്വസിക്കാതിരുന്ന ശിഷ്യന്മാരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും യേശു കുറ്റപ്പെടുത്തുന്നു. കാരണം, അവിടുന്ന് മരണത്തെ ജയിച്ച് മൂന്നാം നാള്‍ ഉത്ഥിതനാകും എന്ന് പരസ്യജീവിതത്തില്‍ വച്ചു തന്നെ അവരോട് അരുളിചെയ്തിട്ടുണ്ട്. “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.”

സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവാനാണ് യേശു ശിഷ്യരെ നിയോഗിക്കുന്നത്. ക്രിസ്തുവിന്റെ സുവിശേഷം സൃഷ്ടപ്രപഞ്ചം മുഴുവനും വേണ്ടിയുള്ളതാണ്. മൂന്നു വര്‍ഷക്കാലം തന്നോടൊപ്പം നടന്ന് കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ പ്രഘോഷിക്കുവാനുള്ള പ്രേഷിതദൗത്യം.

എന്താണ് പ്രഷോഷിക്കേണ്ടത്?

1. പിതാവായ ദൈവം പുത്രനായ യേശുവിലൂടെ തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തി.
2. കുരിശിലെ ബലിയിലൂടെ ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണത ക്രിസ്തുവിലൂടെ വെളിപ്പെട്ടു.
3. സ്‌നേഹത്തിന്റെ പൂര്‍ണ്ണത മരണത്തെ അതിജീവിച്ച് ഉയിര്‍പ്പിന്റെ പ്രത്യാശയിലേയ്ക്ക് നമ്മെ നയിക്കുന്നു.

നമ്മില്‍ ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്നത് ഈ പ്രേഷിതദൗത്യമാണ്. വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ ഇപ്രകാരം പറയുന്നു: “സഭ അതിന്റെ സ്വഭാവത്താല്‍ തന്നെ പ്രേഷിതയാണ്” എന്ന്. ആരാധനയില്‍ വിശേഷാല്‍ പരിശുദ്ധ കുര്‍ബാനയില്‍ വചനം മുറിച്ചുവിളമ്പുന്ന പുരോഹിതന്‍, തങ്ങളുടെ കര്‍മ്മമണ്ഡലങ്ങളില്‍ ജീവിതം മുറിച്ചുവിളമ്പുന്ന സമര്‍പ്പിതര്‍, മക്കളെ ദൈവികമൂല്യങ്ങളും സനാതനമൂല്യങ്ങളും നല്‍കി വളര്‍ത്തുന്ന മാതാപിതാക്കള്‍, മതബോധനം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ എന്നത് ചില ഉദാഹരണങ്ങള്‍.

വിശുദ്ധമായ ജീവിതം ലോകത്തിന് ശക്തമായ സുവിശേഷപ്രഘോഷണമാണ്. പരിശുദ്ധ അമ്മ, വി. കൊച്ചുത്രേസ്യാ, വി. അല്‍ഫോന്‍സാ എന്നിവര്‍ ചില ഉദാഹരണങ്ങള്‍.

“വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും.” സുവിശേഷപ്രഘോഷണത്തിന്റെ ഫലമാണ് ദൈവത്തിലുള്ള ഒരുവന്റെ വിശ്വാസം. അത് അനുദിനം വളരുന്നതാവണം. അത് ദൈവത്തിലുള്ള സമര്‍പ്പണം, ശരണപ്പെടലാണ്. അതുവഴി അവന്‍ സ്‌നാനം സ്വീകരിച്ച് പുതിയ സൃഷ്ടിയായി രൂപപ്പെടുന്നു. സുവിശേഷമാകാനും സുവിശേഷമേകാനുമുള്ള വിളിയിലേയ്ക്ക് പ്രവേശിക്കുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ കൂടെ ദൈവമുണ്ട് എന്നതിന് അടയാളങ്ങള്‍ ഉണ്ടായിരിക്കും എന്ന് യേശു അരുള്‍ചെയ്യുന്നു.

1. സമൂഹത്തിലെ തിന്മകളെ ചെറുക്കാനും സമൂഹത്തെ വിശുദ്ധീകരിക്കാനും കഴിയുന്നു.
2. അവരുടെ ജീവിതരീതി, സമീപനം, ചിന്താഗതികള്‍ എന്നിവയില്‍ മാറ്റമുണ്ടാകും.
3. ലോകത്തിന്റെ കുടിലതകളെയും കാപട്യങ്ങളെയും ഇല്ലാതാക്കാന്‍ കഴിയും.
4. ലോകത്തിന്റെ മാരകമായ സഹനങ്ങളെയും വേദനകളെയും അവന് അതിജീവിക്കാന്‍ കരുത്ത് ലഭിക്കും.
5. അവന് ആത്മീയരോഗങ്ങള്‍ സുഖപ്പെടുത്താനുള്ള അധികാരം ലഭിക്കും.

ഈ പ്രഭാതത്തില്‍, സ്‌നേഹമുളളവരേ, ക്രിസ്തു നമ്മോട് ഓരോരുത്തരോടും ചോദിക്കുന്നു: നിനക്ക് ഒരു ഉത്തമ പ്രേഷിതന്‍/ പ്രേഷിത ആയിരിക്കാന്‍ സാധിക്കുന്നുണ്ടോ? സുവിശേഷമാകാനും സുവിശേഷമേകാനും നിനക്ക് ആഗ്രഹമുണ്ടോ? അതിനായി പ്രവര്‍ത്തിക്കുന്നുണ്ടോ? സുവിശേഷം പ്രഘോഷിക്കപ്പെടണമെങ്കില്‍ സുവിശേഷം ജീവിക്കണം, സുവിശേഷമാകണം. സഭ സുവിശേഷമാകണം. വിശക്കുന്നവര്‍ക്ക് അപ്പമാകണം, വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകണം, ആലംബഹീനര്‍ക്കും ആര്‍ത്തര്‍ക്കും അത്താണിയാകണം, സ്‌നേഹം നഷ്ടപ്പെട്ടവര്‍ക്ക് സ്‌നേഹമാകണം, പാവപ്പെട്ടവന്റെ പക്ഷം ചേരണം. അപ്രകാരം പ്രേഷിതദൗത്യം നല്ല രീതിയില്‍ നിര്‍വഹിച്ച് ക്രിസ്തുവിന്റെ ധീരസാക്ഷികളായി നമുക്കോരോരുത്തര്‍ക്കും മാറാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ജോയിസി പുതുപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.