സീറോ മലങ്കര ഡിസംബര്‍ 02 ലൂക്കാ 6: 27-36 സ്വര്‍ഗ്ഗത്തില്‍ നമ്മുടെ പ്രതിഫലം

ഫാ. ജോയ്സ് പുതുപ്പറമ്പില്‍

ശത്രുക്കളെ സ്‌നേഹിക്കാനും തിന്മയെ നന്മ കൊണ്ട് ജയിക്കാനും മറ്റുള്ളവരെ വിധിക്കാതിരിക്കാനും യേശു പഠിപ്പിക്കുന്നു. എന്തുകൊണ്ട് നാം ഇപ്രകാരം ചെയ്യണമെന്നതിനെക്കുറിച്ച് യേശു തുടര്‍ന്ന് വിശദീകരിക്കുന്നു.
യേശു ഇപ്രകാരം പറയുന്നു: “പാപികളും വിജാതീയരും ചെയ്യുന്നതുപോലെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുകയും നന്മ ചെയ്യുന്നവര്‍ക്ക് നന്മ ചെയ്യുകയും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ വായ്പ കൊടുക്കുകയും ചെയ്യുന്നതില്‍ എന്തു മേന്മയാണുള്ളത്?” ക്രൈസ്തവജീവിതം മാനുഷിക നന്മകളെയും പുണ്യങ്ങളെയും ദൈവികമാക്കുന്നതാണ്. അതാണ് ക്രിസ്തീയജീവിതത്തില്‍ നാം അനുവര്‍ത്തിക്കേണ്ടതെന്ന് ക്രിസ്തു പഠിപ്പിക്കുന്നത്. ആയതിനാല്‍, ശത്രുക്കളെ സ്‌നേഹിക്കാനും ദ്വേഷിക്കുന്നവരെയും ശപിക്കുന്നവരെയും അനുഗ്രഹിക്കുവാനും പ്രാര്‍ത്ഥിക്കുവാനും നമുക്ക് സാധിക്കണമെന്ന് യേശു ഉദ്‌ബോധിപ്പിക്കുന്നു. കാല്‍വരിയില്‍ ക്രിസ്തു കാണിച്ചുതന്ന വലിയ പാഠം അതിന് ഉദാഹരണം.

ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിട് കാണിച്ചുകൊടുക്കുകയും മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതില്‍ നിന്നു തടയരുതെന്നും നിന്നോട് ചോദിക്കുന്നവന് കൊടുക്കുക എന്നും നിന്റെ വസ്തുക്കള്‍ എടുത്തുകൊണ്ട് പോകുന്നവനോട് തിരികെ ചോദിക്കരുത് എന്നും യേശു പഠിപ്പിക്കുന്നു. ചോദിക്കുന്നവന്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ കൊടുക്കുന്നത് വലിയ ഉദാരതയാണ്. ഏതൊരു ശത്രുവിനോടും പ്രതികാരം പാടില്ല എന്നു മാത്രമല്ല, പ്രതിരോധം പോലും പാടില്ല എന്നുമാണ്. തന്നെ ചവിട്ടിയ ബ്രിട്ടീഷുകാരന്റെ ഷൂസ് പോളിഷ് ചെയ്തുകൊടുത്ത മഹാത്മാഗാന്ധി, ഗത്സമെനിയില്‍ വച്ച് മാല്‍ക്കൂസിന്റെ ഛേദിക്കപ്പെട്ട ചെവി സുഖപ്പെടുത്തുന്ന ക്രിസ്തു എന്നത് ചില ഉദാഹരണങ്ങള്‍. മേലങ്കിയെടുക്കുന്നത് റോമന്‍ പടയാളികള്‍ യഹൂദരോട് കാട്ടിയിരുന്ന അന്യായമായിരുന്നു.

ശത്രുവിന് നന്മ ചെയ്യാനും തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാതെ വായ്പ കൊടുക്കുവാനും നമുക്ക് സാധിക്കണമെന്ന് യേശു പഠിപ്പിക്കുന്നു. അപ്രകാരം ചെയ്‌താല്‍ സ്വര്‍ഗ്ഗത്തില്‍ നമ്മുടെ പ്രതിഫലം വലുതായിരിക്കുമെന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു; ദൈവത്തിന്റെ പുത്രന്മാര്‍ എന്നു നാം വിളിക്കപ്പെടുകയും ചെയ്യും. കാരണം, ഇത്തരം പ്രവൃത്തികളെല്ലാം ദൈവികമാണ് എന്നുള്ളതാണ് എന്നും അതുവഴി നമ്മുടെ ഹൃദയത്തിലുള്ള ആ വ്യക്തിയോടുള്ള എല്ലാ വിദ്വേഷങ്ങളും മാറ്റിയെടുക്കാനും മാനസാന്തരത്തിലേയ്ക്ക് നയിക്കാനും കഴിയുമെന്നുള്ളതുമാണ്.

തുടര്‍ന്ന് യേശു, നാം മറ്റുള്ളവരോട് എപ്രകാരം പെരുമാറണം എന്നതിനെക്കുറിച്ച് പഠിപ്പിക്കുന്നു. എല്ലാവരും നമ്മോട് സ്‌നേഹത്തോടെ പെരുമാറണം എന്നതാണ് നമ്മുടെ ആഗ്രഹം. ആരും നമ്മളോട് മോശമായി പെരുമാറരുത് എന്നും ഹിതകരമല്ലാത്തതൊന്നും ചെയ്യരുത് എന്നും ആഗ്രഹിക്കുന്നു. അതിന് യേശു മറുപടി പറയുന്നത്, ‘നാം അവരില്‍ നിന്ന് എന്ത് ആഗ്രഹിക്കുന്നുവോ അത് അവര്‍ക്ക് ചെയ്തുകൊടുക്കുക’ എന്നാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവ് അളവില്ലാത്ത സ്‌നേഹവും കാരുണ്യവും നമ്മില്‍ കാണിച്ചിരിക്കുന്നതുപോലെ നാം നമ്മുടെ സഹജരോടും കാണിക്കണം എന്ന് പഠിപ്പിക്കുന്നു.

സ്‌നേഹമുള്ളവരേ, ക്രിസ്തീയജീവിതത്തിലെ ഉപരിനന്മയെന്നത് തിന്മയെ നന്മ കൊണ്ട് നേരിടുക എന്നതാണ്. നാം നമ്മുടെ ജീവിതത്തില്‍ അഭ്യസിക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമായ ഒരു ദൈവികനിലപാടാണ് അത്. പരിധികളില്ലാതെ സ്‌നേഹിക്കുകയും പരിധി വയ്ക്കാതെ ക്ഷമിക്കുകയും കൊടുക്കുകയും നന്മ ചെയ്യുകയും വേണം. കുരിശിലെ സ്‌നേഹം ക്രിസ്തുശിഷ്യരുടെ അടിസ്ഥാന മനോഭാവമാകണം. സ്‌നേഹം കൊണ്ട് കീഴടക്കാന്‍ സാധിക്കാത്തതായി ഒന്നുമില്ല. “സ്‌നേഹം സര്‍വ്വേത്കൃഷ്ഠം സ്‌നേഹം മ്മ ശരണം” ആയിരിക്കട്ടെ. നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ അന്തഃസത്ത. ആയതിനാല്‍ സ്‌നേഹത്തിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ഇടയാകട്ടെ.

ഫാ. ജോയ്സി പുതുപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.