സീറോ മലങ്കര ഡിസംബര്‍ 01 യോഹ. 1: 1-5 വചനം ദൈവമായിരുന്നു

ഫാ. ജോയ്സ് പുതുപ്പറമ്പില്‍

വി. യോഹന്നാന്റെ സുവിശേഷത്തെ പ്രധാനമായും മഹത്വത്തിന്റെ പുസ്തകം, അടയാളങ്ങളുടെ പുസ്തകം എന്നിങ്ങനെ തിരിക്കാം. യേശുക്രിസ്തുവും ദൈവപുത്രനുമാണെന്ന് തെളിയിക്കുകയാണ് സുവിശേഷകന്റെ ലക്ഷ്യം.

1:1-5, ആദിയില്‍ വചനമുണ്ടായിരുന്നു എന്നതുകൊണ്ട് വി. യോഹന്നാന്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും ദൈവം നമ്മോട് സംസാരിക്കുന്ന വചനമായ ക്രിസ്തുവിനെക്കുറിച്ചും സൂചന നല്‍കിയിരിക്കുന്നു. “എന്നാല്‍ ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി നമ്മോട് സംസാരിച്ചിരിക്കുന്നു” (ഹെബ്രാ. 1,2). യേശുക്രിസ്തു മിശിഹായും ദൈവപുത്രനുമാണെന്ന് തെളിയിക്കുകയാണ് സുവിശേഷകന്‍. വചനം ദൈവമായിരുന്നു എന്നത് പുത്രന്‍ ദൈവത്തില്‍ നിന്നുമാണ് എന്നുള്ളതാണ്. “ഞാനും പിതാവും ഒന്നാണ്” (യോഹ. 10:30). അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു എന്നത് ദൈവമായിരുന്നെന്നും, ദൈവത്തോടു കൂടെയായിരുന്നെന്നും പറയുന്നതുവഴി ഒരര്‍ത്ഥത്തില്‍ ഇവര്‍ ഒന്നാണെന്നും അതേസമയം, രണ്ടാണെന്നും അര്‍ത്ഥമാക്കുന്നു. ദൈവം ആരാണെന്ന് പൂര്‍ണ്ണമായും യേശുവില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത് സ്വീകരിക്കാന്‍ മനുഷ്യന്‍ കടപ്പെട്ടിരിക്കുന്നു.

സമസ്തവും അവനിലൂടെ ഉണ്ടായി എന്നും അവനിലൂടെ ഉണ്ടായി എന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല എന്നത് പ്രപഞ്ചസൃഷ്ടിയിലും മനുഷ്യരക്ഷയിലും വിശുദ്ധീകരണത്തിലും വചനം (ദൈവപുത്രനായ യേശുക്രിസ്തു ഉണ്ടായിരുന്നു) എന്നതാണ് അര്‍ത്ഥമാക്കുന്നത്. “അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു” (കൊളൊ 1:16; ഉല്‍. 1:26)

1:4, അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. “ദൈവം നമുക്ക് നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്. പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്താക്കിയിരിക്കുന്നു” (1 യോഹ. 5:11).

ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. വി. യോഹ. 9:5-ല്‍ യേശു അന്ധനെ സുഖപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറയുന്നു: “ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്” എന്ന്. പാപത്തിന്റെ അന്ധകാരത്തിലായിരുന്ന ഒരു ജനതയെ തന്റെ കുരിശിലെ ബലി വഴി ഉത്ഥാനത്തിന്റെ പ്രകാശത്തിലേയ്ക്ക് അവിടുന്ന് നയിച്ചു.

ഉല്‍. 1:26 “ദൈവം വീണ്ടും അരുള്‍ചെയ്തു: നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം.”

1:5 – ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല. യേശുവാകുന്ന യഥാര്‍ത്ഥ വെളിച്ചത്തെ അനുഗമിക്കുന്നതുവഴി നാമോരോരുത്തരും പ്രകാശത്തിലാവുകയും ഇരുള്‍ ഇല്ലാതെയാവുകയും ചെയ്യുന്നു. അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല എന്നതുകൊണ്ട് യേശുവിന്റെ ഉത്ഥാനത്തെ സൂചിപ്പിക്കുന്നു. പ്രകാശമാകുന്ന അവിടുത്തെ ഇരുളിനോ ശക്തികള്‍ക്കോ മരണത്തിനോ പരാജയപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.

സ്‌നേഹമുളളവരേ, യേശുവിന്റെ വചനങ്ങള്‍ക്കനുസൃതമായ ഒരു ക്രൈസ്തവ ജീവിതസാക്ഷ്യം ഞാന്‍ ലോകത്തിനു നല്‍കുമ്പോള്‍ ഞാനും ക്രിസ്തുവിനെപ്പോലെ ലോകത്തിന്റെ അന്ധകാരം നീക്കുന്ന പ്രകാശമായി മാറുകയാണ്. ഒരു സൂര്യനായി പ്രകാശിക്കാന്‍ നമുക്ക് സാധിച്ചില്ലെങ്കിലും ഒരു മെഴുകുതിരിയായി പ്രകാശിക്കാന്‍ നമ്മുടെ ക്രൈസ്തവജീവിതത്തിനാകട്ടെ.

ഫാ. ജോയ്സി പുതുപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.