സീറോ മലങ്കര നവംബര്‍ 29 ലൂക്കാ 1: 39-56 പരിശുദ്ധ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു

ഫാ. ജോയ്സി പുതുപ്പറമ്പില്‍

രക്ഷാകരചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച രണ്ടു സ്ത്രീകളുടെ കണ്ടുമുട്ടലും അവരുടെ കൃതജ്ഞതയുമാണ് ഇന്നത്തെ സുവിശേഷഭാഗം. ഒരുവള്‍ രക്ഷകനു ജന്മം നല്‍കിയെങ്കില്‍ മറ്റൊരുവള്‍ രക്ഷകന്, ലോകത്തില്‍ വഴിയൊരുക്കുന്നവന് ജന്മം നല്‍കുന്നു.

പരിശുദ്ധ മറിയത്തെ സംബന്ധിച്ചിടത്തോളം താന്‍ ഗര്‍ഭിണിയാണ് എന്ന ഗബ്രിയേല്‍ ദൂതന്റെ വചനത്തിനുള്ള തെളിവും ഉറപ്പും, വന്ധ്യയായ ചാര്‍ച്ചക്കാരി എലിസബത്ത് ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നതാണ്. കന്യക ഗര്‍ഭം ധരിക്കുന്നതും വന്ധ്യ ഗര്‍ഭം ധരിക്കുന്നതും മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാണെങ്കിലും സര്‍വ്വത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവത്തിന് അത് സാധ്യമാണ്. എലിസബത്തിന്റെ ഗര്‍ഭധാരണവും ആ കുടുംബത്തിന്റെമേല്‍ ചൊരിയപ്പെട്ട ദൈവകരുണയും നേരില്‍ കാണുന്നതിനുവേണ്ടി പരിശുദ്ധ അമ്മ തിടുക്കത്തില്‍ യൂദയായിലെ മലമ്പ്രദേശത്തുള്ള എലിസബത്തിന്റെ ഭവനത്തിലേയ്ക്ക് യാത്ര പുറപ്പെടുന്നു. സ്വന്തം നിറവയര്‍ മറന്നാണ് എലിസബത്തിനെ ശുശ്രൂഷിക്കാനായി പരിശുദ്ധ അമ്മ യാത്രയാവുന്നത്. പരിശുദ്ധ അമ്മയെ കണ്ടുമുട്ടിയ എലിസബത്തും ഉദരത്തിലായിരുന്ന ശിശുവും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി. പരിശുദ്ധ അമ്മയുടെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തിലായിരുന്ന ശിശു കുതിച്ചുചാടി.

സ്‌നേഹമുള്ളവരേ, നാം ദൈവാത്മാവിനാല്‍ നിറയപ്പെടുമ്പോള്‍ നമുക്കു ചുറ്റുമുള്ള ദൈവജനത്തിന് അനുഗ്രഹങ്ങള്‍ ലഭിക്കുന്നു എന്നതാണ്. പിന്നീട് എലിസബത്ത് പരിശുദ്ധ അമ്മയും ഉദരത്തിലായിരിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവരാണ് എന്നും പ്രകീര്‍ത്തിക്കുന്നു. ഒരു വ്യക്തി മറ്റേയാള്‍ക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളില്‍ സന്തോഷിക്കുന്നു. ഇത് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട സംഗതിയാണ്. പരിശുദ്ധ അമ്മയുടെയും എലിസബത്തിന്റെയും ജീവിതം അനുകരണീയമായ ഒന്നാണ് എന്ന് വി. ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നു.

കര്‍ത്താവിന്റെ അമ്മ, ലോകരക്ഷകനായ ദൈവപുത്രനായ ക്രിസ്തുവിന്റെ അമ്മ തന്റെ അടുക്കലേയ്ക്ക് വരുന്നതിന് തനിക്ക് എന്തു യോഗ്യതയാണ് എന്ന എലിസബത്ത് ഉദ്‌ഘോഷിക്കുന്നു. നമ്മുടെ യോഗ്യതകളും അയോഗ്യതകളും എന്താണെന്നു നിശ്ചയിക്കുന്നത് ദൈവമാണ്. അതിനു ഉദാഹരണമായി നിലകൊള്ളുന്നതും ദൈവത്തെ പൂര്‍ണ്ണമായി വിശ്വസിച്ച് ദൈവത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച പരിശുദ്ധ അമ്മ തന്നെയാണ്.

ലൂക്കാ 1:46-56 മുതല്‍ പരിശുദ്ധ അമ്മയുടെ സ്‌തോത്രഗീതമാണ്. വിശുദ്ധ ഗ്രന്ഥ പാരമ്പര്യമനുസരിച്ച് ദൈവത്തിന്റെ ശക്തവും പ്രത്യക്ഷവുമായ ഇടപെടലുകളെ പ്രകീര്‍ത്തിക്കുന്നത് കാണാവുന്നതാണ്. ഹന്നായുടെ കീര്‍ത്തനം, മൂശയുടെ കീര്‍ത്തനം, ദാവീദിന്റെ വിജയകീര്‍ത്തനം എന്നിവ ഉദാഹരണങ്ങള്‍.

മറിയത്തിന്റെ സ്‌തോത്രഗീതം ലത്തീന്‍ ഭാഷയില്‍ ‘മാഞ്ഞിഫിക്കാത്ത് ഓഫ് മേരി’ എന്ന് അറിയപ്പെടുന്നു (Magnificant of Mary). പരിശുദ്ധ അമ്മ തന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ ഇസ്രായേല്‍ സമൂഹത്തോട് ദൈവം ചെയ്ത കരുണയോട് ചേര്‍ന്ന് അനുസ്മരിക്കുന്നു.

സ്‌നേഹമുള്ളവരേ, പരിശുദ്ധ അമ്മയെപ്പോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനും ദൈവവചനത്തെ ഉള്‍ക്കൊള്ളാനും നാമും തിടുക്കം കാട്ടാറുണ്ടോ? അപരന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കുന്നുണ്ടോ? പരിശുദ്ധ മറിയത്തില്‍ നിന്നും എലിസബത്തിലേയ്ക്കുള്ള ദൂരമാണ് അതിനുള്ള മറുപടി. അപ്രകാരം നാം ആ ദൂരം പിന്നിടുമ്പോള്‍ ക്രിസ്തുസാന്നിദ്ധ്യത്തിന്റെ തിടുക്കങ്ങളും കുതിച്ചുചാട്ടങ്ങളും നമ്മില്‍ രൂപപ്പെടാം. ദൈവത്തെ മഹത്വപ്പെടുത്തുവാനും ശുശ്രൂഷിക്കുവാനും നമുക്കോരോരുത്തര്‍ക്കും അതുവഴി സാധിക്കുകയും ചെയ്യും.

ഫാ. ജോയ്സി പുതുപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.