സീറോ മലങ്കര നവംബര്‍ 28 മത്തായി 11: 25-30 പ്രതീക്ഷ

ഫാ. സിജോ ജെയിംസ്‌

മുറിവേറ്റവരെയും പീഡനമേറ്റവരെയും തന്നിലേയ്ക്ക് ആകര്‍ഷിക്കുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നത്. സകലത്തിന്റെയും അധികാരിയായി പിതാവായ ദൈവം തന്നെ നിശ്ചയിച്ചിരിക്കുന്നു എന്നുള്ള പരമസത്യം ക്രിസ്തുനാഥന്‍ ഈ സുവിശേഷത്തിലൂടെ നമുക്ക് വെളിപ്പെടുത്തിത്തരുന്നു.

ഇന്നത്തെ സുവിശേഷത്തിന്റെ 28-ാം വാക്യം നമ്മുടെ ഹൃദയത്തിലേയ്ക്ക് നമുക്ക് സ്വീകരിക്കാം. “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.” റോമാക്കാരുടെ അടിമത്വത്തിലായിരുന്നു യഹൂദ ജനത. സാമൂഹികപ്രശ്‌നങ്ങള്‍, തരംതിരിവുകള്‍ ഒക്കെ ഉണ്ടായിരുന്ന അവസരത്തിലാണ് യേശു ഇപ്രകാരം പഠിപ്പിക്കുന്നത്. ആളുകള്‍ ആ ആശ്വാസവചനം കേട്ട് അവനിലേയ്ക്ക് അടുക്കുന്നു. മുറിവേറ്റ ഒരു ജനത ഒത്തിരി പ്രതീക്ഷയോടെ അവനിലേയ്ക്ക് അടുക്കുന്നു. പക്ഷേ, പിന്നീടുള്ള യേശുവിന്റെ ജീവിതത്തില്‍ ഈ ആശ്വാസം കിട്ടുന്നില്ല. എല്ലാത്തരത്തിലും മാറ്റം വരുത്തുമെന്ന് വിശ്വസിച്ചവരുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അവര്‍ പ്രതീക്ഷിച്ച നേതാവ് ഏറ്റവും വില കുറഞ്ഞ മരണം വരിക്കുന്നു.

എന്ത് പ്രതീക്ഷയാണ് യേശു നല്‍കുന്നത്? “എന്റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.” ചുറ്റുപാട് തുല്യമാണ്. സാഹചര്യമല്ല, മനസ്സാണ് മാറേണ്ടത്. ഒരു ആനന്ദോത്സവം നമ്മുടെ ജീവിതത്തിലുണ്ടാകണം. പരാജിതനായിട്ടും നഗ്നനാക്കിയിട്ടും കാരുണ്യത്തിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നവന്‍. ഈ അവസ്ഥ സ്വന്തമാക്കാനാണ് ദൈവം നമ്മെ വിളിക്കുന്നത്. അവിടുത്തെ നുകം എന്നുപറയുന്നത് സ്‌നേഹത്തിന്റെ നുകമാണ്, ഭാരമാണ്. പക്ഷേ, അത് സ്‌നേഹത്തിന്റെ ഭാരമാണ്.

അനുദിന ജീവിതത്തിലെ സഹനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഞാന്‍ ജീവിക്കുന്നുണ്ടെങ്കില്‍ എന്നെ നോക്കുന്നവര്‍ക്ക് ജീവിക്കാനുള്ള ആഗ്രഹമുണ്ടാകും. അപരന് ജീവിക്കാനുള്ള ആഗ്രഹം ഞാന്‍ മൂലം ലഭിക്കുന്നുണ്ടോ? ചുറ്റുപാടല്ല; മനസ്സാണ് മാറേണ്ടത്. നിത്യം നിലനില്‍ക്കുന്ന ഒരു ജീവിതലഹരിയില്‍ ജീവിക്കാന്‍ ശ്രമിക്കണം. ഇതാണ് യേശു നല്‍കുന്ന ആനന്ദവും സന്തോഷവും. ഈ ആനന്ദവും സന്തോഷവും സ്വീകരിച്ച്, സ്‌നേഹത്തിന്റെ നുകം വഹിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

ഫാ. സിജോ ജെയിംസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.