സീറോ മലങ്കര നവംബര്‍ 23 മത്തായി 24: 32-36 മുന്നറിയിപ്പ്

ഫാ. സിജോ ജെയിംസ്‌

മനുഷ്യപുത്രന്‍ സര്‍വ്വാധികാരത്തോടെ പ്രത്യക്ഷപ്പെടുന്ന രണ്ടാം വരവിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം. ഒന്നാമത്തെ വരവില്‍ അവന്‍ സകല മനുഷ്യരുടെയും രക്ഷകനാണെങ്കില്‍, രണ്ടാമത്തെ വരവില്‍ അവന്‍ മനുഷ്യന്റെ പ്രവര്‍ത്തകള്‍ക്കനുസരിച്ചുളള വിധികര്‍ത്താവായി വരുന്നു. യേശുക്രിസ്തുവിനെ ദൈവപുത്രനായി സ്വീകരിക്കാത്തവരെല്ലാം വിധിക്കപ്പെടും. ജാഗരൂകതയോടെ, ഒരുക്കത്തോടെ അവന്റെ വരവിനുവേണ്ടി കാത്തിരിക്കുവാനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നല്‍കുന്നത്.

ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും സ്വര്‍ഗ്ഗത്തിലെ ദൂതന്മന്മക്കോ, പുത്രനു പോലുമോ അറിഞ്ഞുകൂടാ എന്നുള്ള ഗുരുവചനം നിരന്തരം നമ്മുടെ കാതുകളിലുണ്ടാകണം. ദൈവപുത്രനുപോലും അറിയാത്ത ആ മണിക്കൂറിനെക്കുറിച്ച് വെളിപാട് കിട്ടിയെന്നു പറഞ്ഞ് നമ്മെ തെറ്റിദ്ധരിപ്പിക്കുന്ന അനേകം വ്യാജപ്രവാചകന്മാര്‍ നമുക്ക് ചുറ്റുമുണ്ട്. ആ ദിവസത്തെക്കുറിച്ചുള്ള ജാഗ്രത നമുക്കുമുണ്ടാവണം.

ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്‍പുള്ള ഈ കാലഘട്ടത്തില്‍ ശിഷ്യന്റെ ദൗത്യം എന്താണ്? ശിഷ്യന്‍ അവന്റെ വരവിനായി വിശ്വസ്തനും വിവേകിയുമായ ഭൃത്യനെപ്പോലെ നിരന്തരം ജാഗരൂകരായിരിക്കുക. നമ്മുടെ സംരക്ഷണത്തിനും ശുശ്രൂഷയ്ക്കുമായി ദൈവം ഭരമേല്‍പ്പിച്ചിരിക്കുന്നവരെ തിരിച്ചറിയുക. അവരുടെ ആവശ്യകതയും വിശപ്പും തിരിച്ചറിയുക. ദൈവരാജ്യത്തെപ്രതി സഹിക്കുവാനും യേശുവിന്റെ രണ്ടാമത്തെ വരവില്‍ ജാഗരൂകതയോടെ അവനെ സ്വീകരിക്കുവാനും നാം തയ്യാറാകണം.

യേശുവിന്റെ രണ്ടാമത്തെ വരവിനായി വഴിയൊരുക്കുവാന്‍ നാം തയ്യാറാകണം. പഴയനിയമത്തില്‍ തന്റെ രക്ഷാകരപദ്ധതിയില്‍ പങ്കുകാരാകുവാന്‍ ദൈവം ഒരു പ്രത്യേക ജനതയെ വിളിച്ചുവെങ്കില്‍, ആ വിളി ഒരു ന്യൂനപക്ഷത്തിനു മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ദൈവം എല്ലാവരെയും വിളിക്കുന്നുണ്ട്. ആ വിളിക്ക് പ്രത്യുത്തരം നല്‍കി, ജാഗരൂകതയോടെ അവനെ എതിരേല്‍ക്കുവാന്‍ നമുക്ക് സാധിക്കട്ടെ.

ഫാ. സിജോ ജെയിംസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.