സീറോ മലങ്കര നവംബര്‍ 22 ലൂക്കാ 1:26-38 സ്വര്‍ഗ്ഗത്തിന്റെ വെളിപാട്

ഫാ. സിജോ ജെയിംസ്‌

ഇന്ന് നമ്മുടെ വിചിന്തനത്തിനായി തിരുസഭ നല്‍കുന്ന സുവിശേഷഭാഗം വി. ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം 26 മുതല്‍ 38 വരെയുള്ള വാക്യങ്ങളാണ്. പരിശുദ്ധ ദൈവമാതാവിനോടുള്ള സ്വര്‍ഗ്ഗത്തിന്റെ വെളിപാടാണ് നമ്മള്‍ വായിച്ചുകേട്ടത്. ‘കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും! അവന്‍, ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും’ എന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിനായി പരിശുദ്ധ മറിയം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന സദ്‌വാര്‍ത്തയും പേറി സ്വര്‍ഗ്ഗം തുറന്നുവന്ന ഗബ്രിയേല്‍ ദൂതനെയും ‘ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്ന് സമര്‍പ്പണം നടത്തുന്ന പരിശുദ്ധ മറിയത്തെയും നമ്മള്‍ ഈ സുവിശേഷഭാഗത്ത് കാണുന്നു.

ഒന്നിനെയും നിസ്സാരമായി കാണരുത്. ഒന്നും യാദൃശ്ചികമായി സംഭവിക്കുന്നില്ല. യഹൂദ ജനത ഒരു മിശിഹായെ പ്രതീക്ഷിച്ചു. റോമന്‍ ആധിപത്യത്തില്‍ നിന്ന് അവന്‍ നമ്മെ രക്ഷിക്കുമെന്ന് അവര്‍ വിശ്വസിച്ചു. മിശിഹായുടെ ജനനം രാജകൊട്ടാരത്തിലോ, പ്രഭുകുടുംബത്തിലോ ആയിരിക്കും എന്നവര്‍ കരുതി. രാജാവിന്റെ – മിശിഹായുടെ അമ്മയാകാന്‍ കാത്തിരിക്കുന്ന സ്ത്രീകള്‍. എന്നാല്‍ ദൈവദൂതന്‍ അയയ്ക്കപ്പെടുന്നത് വിജാതീയരുടെ ഗലീലിയിലേയ്ക്കാണ്. നസ്രത്തില്‍ നിന്ന് നന്മയുണ്ടാകുമോ? ദൈവദൂതന്‍ പോകുന്നത് അവിടേയ്ക്കാണ്. ഈ തെരഞ്ഞെടുപ്പ് ഒന്നിനെയും നിസ്സാരമായി കാണരുത് എന്ന വസ്തുത നമ്മെ പഠിപ്പിക്കുന്നു.

ദൈവദൂതന്‍ മറിയത്തോടു പറഞ്ഞു: ‘സന്തോഷിക്കുക. കാരണം ദൈവം നിന്നോടു കൂടെ. അവന്‍ ഇമ്മാനുവേല്‍ ആണ്. കൂടെയുള്ള ദൈവത്തില്‍ സന്തോഷിക്കുക.’ എലിസബേത്തിന്റെ ഗര്‍ഭധാരണമാണ് അടയാളം. അപരന്റെ നന്മയിലും ദൈവാനുഗ്രഹത്തിലും അസ്വസ്ഥതപ്പെടാതെ സന്തോഷിക്കാന്‍ സാധിക്കണം.

വ്യവസ്ഥകളില്ലാത്ത മറിയത്തിന്റെ സമര്‍പ്പണം. ഈ പരിപൂര്‍ണ്ണ സമര്‍പ്പണം മറിയത്തിനുവേണ്ടി കാത്തുവച്ചത് സഹനകൂടാരങ്ങളാണ്. സംശയം, തിരസ്‌കരണം, ഒളിച്ചോട്ടം, ശിമയോന്റെ പ്രവചനം, കൈവിട്ടുപോകുന്ന ബാലന്‍, ജോസഫിന്റെ മരണം, വീടുവിട്ട് പോകുന്ന മകന്‍, അവനെക്കുറിച്ച് കേള്‍ക്കുന്ന അശുഭകരമായ കാര്യങ്ങള്‍, കുരിശിന്റെ വഴി, തലയോടിടം, ഏറ്റവുമൊടുവില്‍ പിയാത്ത. കാത്തിരുന്ന സഹകൂടാരങ്ങളെ ധൈര്യപൂര്‍വ്വം നേരിടാന്‍ വ്യവസ്ഥകളില്ലാതെ സമര്‍പ്പണം നടത്തുന്ന പരിശുദ്ധ കന്യകാമറിയം കൈസ്തവജീവിതത്തില്‍ നമുക്ക് മാതൃകയാകട്ടെ.

ഫാ. സിജോ ജെയിംസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.