സീറോ മലങ്കര ഒക്ടോബർ 24 മർക്കോ. 12: 32-37 സുപ്രധാന കല്പന

സുപ്രധാന കൽപന ഏതെന്ന ചോദ്യവുമായി ഒരു നിയമജ്ഞൻ യേശുവിനെ സമീപിക്കുന്നതും അതിന് യേശു കൊടുക്കുന്ന ഉത്തരവും അതിനോട് അയാൾ പൂർണ്ണമായും യോജിക്കുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത്. ദൈവസ്നേഹവും പരസ്നേഹവുമാകുന്ന നിയമത്തിൽ ബാക്കി എല്ലാ നിയമങ്ങളും ഉൾക്കൊണ്ടിട്ടുണ്ട് എന്ന പ്രബോധനം സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസവും അനുഗ്രഹവും നൽകുന്ന അനുശാസനമാണ്. ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനും നിത്യജീവൻ സ്വായത്തമാക്കുന്നതിനും നിയമങ്ങളെല്ലാം പൂർണ്ണമായി പാലിക്കണമെന്നത് ഏതൊരു യഹൂദനും അറിവുള്ള കാര്യമാണ്. എന്നാൽ സാധാരണക്കാരന്റെ അറിവിനും ഉപരിയായിരുന്നു പല നിയമങ്ങളുടെയും അർത്ഥങ്ങൾ. ഇത്തരുണത്തിൽ ഇവിടെ അവർ ആശ്രയിച്ചിരുന്നത് ഫരീസേയരുടെയും നിയമജ്ഞരുടെയും നിയമവ്യാഖ്യാനങ്ങളെ ആയിരുന്നു. എന്നാൽ മിക്കപ്പോഴും അറിവ് അവരെ അഹങ്കാരികളാക്കുകയും സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ക്ലേശകരമാക്കുന്ന വ്യാഖ്യാനങ്ങൾ നൽകുകയുമാണ് ചെയ്തിരുന്നതെന്ന് സുവിശേഷത്തിൽ നാം കാണുന്നു.

യേശുവിന്റെ പ്രബോധനത്തിലെ ലാളിത്യവും ആധികാരികതയും അനേകരെ യേശുവിങ്കലേയ്ക്ക് ആകർഷിക്കുന്നു. ദൈവം ഒരുവൻ മാത്രമേയുള്ളൂ എന്ന് യഹൂദർക്കാണ് ആദ്യം വെളിപ്പെടുത്തപ്പെട്ടതെങ്കിലും ഈ ദൈവം യഹൂദന്മാരുടേതു മാത്രമല്ല, എല്ലാവരുടേതുമാണെന്ന തിരിച്ചറിവ് അക്കാലത്ത് അധികമാർക്കും ഉണ്ടായിരുന്നില്ല. മാത്രമല്ല, ദൈവത്തെപ്പോലെ സഹോദരങ്ങളെയും സ്നേഹിക്കണമെന്നത് യേശുവിന്റെ ശ്രോതാക്കളെ സംബന്ധിച്ച് പുതുമയുള്ളതായിരുന്നു. അതുകൊണ്ടാണ് യഹൂദർ ഏറ്റവും ശ്രേഷ്ഠമെന്നു കരുതുന്ന ദഹനബലികളെക്കാൾ മഹനീയമാണ് യേശുവിന്റെ പ്രബോധനമെന്ന് ഇവിടെ നിയമജ്ഞൻ പോലും പറയാൻ നിർബന്ധിതമായത്.

യേശു നിയമജ്ഞന്റെ അറിവിനെ പ്രശംസിക്കുകയും അയാൾ ദൈവാരാജ്യത്തിൽ നിന്ന് അകലെയല്ല എന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. ഇത് ഒരേസമയം ഒരു അനുമോദനവും അതേസമയം ഒരു വെല്ലുവിളിയുമാണ് അയാൾക്ക് സമ്മാനിക്കുന്നത്. ദൈവരാജ്യത്തിൽ നിന്ന് അകലെയല്ലാത്ത അയാൾ ചെയ്യേണ്ടിയിരിക്കുന്നത് യേശുവിന്റെ ശിഷ്യന്മാരെപ്പോലെ അവിടുത്തെ അനുധാവനം ചെയ്യാനുള്ള വെല്ലുവിളി ഏറ്റെടുത്ത് ദൈവരാജ്യത്തിൽ പ്രവേശിക്കുകയാണ്. ഇതുവരെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ച് യേശുവിനെ കുഴപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്ന ഫരിസേയരും നിയമജ്ഞരും ആവനാഴിയിൽ അസ്ത്രമെല്ലാം തീർന്ന യോദ്ധാക്കളെപ്പോലെയായി. അതിനാൽ യേശു ദേവാലയത്തിൽ ദാവീദിനെയും മിശിഹായെയും ബന്ധപ്പെടുത്തി സംസാരിക്കുമ്പോൾ ജനക്കൂട്ടം സന്തോഷപൂർവ്വം അവിടുത്തെ വാക്കുകൾ ശ്രവിക്കുന്നു (കൂടുതൽ വിശദീകരണത്തിന് ഏപ്രിൽ 16, സെപ്റ്റംബർ 10 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.