സീറോ മലങ്കര ഒക്‌ടോബർ 23 മത്തായി 13: 53-58 മാർ യാക്കോബ് ശ്ലീഹ

യേശുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരില്‍ ഒരുവനായ അൽഫെയൂസിന്റെ പുത്രനായ യാക്കോബിന്റെ തിരുനാളാണിന്ന്. സെബദിപുത്രനായ യാക്കോബിൽ നിന്നും തിരിച്ചറിയുന്നതിനുവേണ്ടി ഇദ്ദേഹത്തെ ചെറിയ യാക്കോബ് എന്നാണ് വിളിച്ചിരുന്നത്. നമ്മുടെ കർത്താവിന്റെ സഹോദരൻ എന്നപേരിൽ അറിയപ്പെടുന്ന യാക്കോബ് ഇദ്ദേഹം തന്നെയാണെന്നാണ് ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നത്. സുവിശേഷങ്ങളിൽ നാലുപ്രാവശ്യം (മത്തായി 10:2-4, മർക്കോ. 3:14-19, ലൂക്കാ 6:13-16, അപ്പ. 1:13-16) ഇദ്ദേഹത്തിന്റെ നാമം എടുത്തുപറയുന്നു. വി. മർക്കോസിന്റെ സുവിശേഷത്തിൽ മത്തായി ശ്ലീഹായെ അൽഫെയൂസിന്റെ പുത്രൻ എന്ന് വിളിച്ചിരിക്കുന്നതിൽനിന്നും യാക്കോബ് ശ്ലീഹ അദ്ദേഹത്തിന്റെ സഹോദരനാണെന്നു വാദിക്കുന്നവരുമുണ്ട് (മാർക്കോ. 2:14).

പൗലോസ് ശ്ലീഹ പറയുന്ന സഭയുടെ ‘മൂന്ന് നേതൃസ്‌തംഭങ്ങളിൽ’ ഒരാളും (ഗലാ. 2:9), വി. യാക്കോബിന്റെ പേരിലുള്ള ലേഖന ഗ്രന്ഥകർത്താവും ഈ യാക്കോബാണെന്നുപറയുന്ന ബൈബിൾ പണ്ഡിതന്മാരുണ്ട്. അതിനാൽതന്നെ ജറുസലേം സഭയുടെ നേതൃസ്ഥാനം ഇദ്ദേഹത്തിന്റെ കരങ്ങളിലായിരുന്നു എന്ന് ഊഹിക്കാം. കാരണം പൗലോസ് ശ്ലീഹ അപ്പസ്തോലന്മാരെ സന്ദർശിക്കാനായി ജറുസലേമിലെത്തുന്ന സമയത്ത് വലിയ യാക്കോബ് ഹേറോദേസിന്റെ കരങ്ങളാൽ രക്തസാക്ഷിയായിരുന്നു. ചെറിയ യാക്കോബിന്റെ അമ്മ, മറിയത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ പലപ്രാവശ്യം പറയുന്നു. പ്രധാനമായും കർത്താവിന്റെ കുരിശിൻചുവട്ടിൽ മാതാവിനോടും യോഹന്നാനോടുമൊപ്പം യാക്കോബിന്റെ അമ്മ മറിയവുമുണ്ടായിരുന്നു.

വി. യാക്കോബ് ശ്ലീഹ രക്തസാക്ഷിയായി എന്നാണ് വിവിധ പാരമ്പര്യങ്ങൾ സാക്ഷിക്കുന്നത്. അദ്ദേഹം പ്രസംഗിച്ചുകൊണ്ടുനിൽക്കുകയായിരുന്ന ഒരു അമ്പലത്തിന്റെ മുകളിൽനിന്ന് അദ്ദേഹത്തെ തള്ളിയിടുകയും അതിനുശേഷം അടിക്കുകയും അവസാനം കല്ലെറിഞ്ഞുകൊല്ലുകയും ചെയ്തു എന്ന് ഒരു പാരമ്പര്യം പറയുന്നു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഹിപ്പോളിറ്റസ് ‘ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാർ’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് അൽഫെയൂസിന്റെ പുത്രനായ യാക്കോബ് ജറുസലേമിൽ പ്രസംഗിച്ചുകൊണ്ടുനിന്നപ്പോൾ യഹൂദന്മാർ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊല്ലുകയും പിന്നീട് ദൈവാലയത്തിനടുത്തായി സംസ്കരിക്കുകയും ചെയ്തു എന്നാണ്. ഓർത്തഡോക്സ് പാരമ്പര്യമനുസരിച്ച്, അദ്ദേഹം ഈജിപ്തിൽ സുവിശേഷം പ്രസംഗിക്കുകയും അവിടെ കുരിശുമരണം വരിക്കുകയുംചെയ്തു. വി. യാക്കോബിന്റെ ജീവിതത്തെയും മരണത്തെയുംകുറിച്ച് വ്യത്യങ്ങളായ അഭിപ്രായം നിലനിൽക്കുന്നത് അദ്ദേഹത്തിന്റെ സുവിശേഷവേലയുടെ ചരിത്രപരതയെ ഇല്ലാതാകുന്നില്ല. നമ്മെ സംബന്ധിച്ച് യേശുവിന്റെ ശിഷ്യൻ എന്ന നിലയിൽ ക്രിസ്തുവിനെ സാക്ഷിക്കുന്നതിനും അതിനുവേണ്ടി തന്റെ ജീവൻ നൽകിയ വ്യക്തി എന്നനിലയിലും എന്നും പ്രചോദനമായി നിൽക്കുന്ന വിശുദ്ധനാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.