സീറോ മലങ്കര ഒക്ടോബർ 20 മത്തായി 15: 1-9 പാരമ്പര്യത്തെക്കുറിച്ചു തർക്കം

എങ്ങനെയാണ് ഒരാൾ അശുദ്ധനോ, ശുദ്ധനോ ആകുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ചയാണ് യേശുവും ഫരിസേയരും തമ്മിൽ ഇവിടെ നടക്കുന്നത്. ജറുസലേമിൽ നിന്നുള്ള ചില ഫരിസേയരും നിയമജ്ഞരും യേശുവിനെ സമീപിച്ച് ശിഷ്യന്മാർ പിതാക്കന്മാരുടെ ആചാരങ്ങൾ തെറ്റിക്കുന്നതിനെക്കുറിച്ച് പരാതിപ്പെടുന്നു. എന്നാൽ യേശു ഈ അവസരം ദൈവികനിയമങ്ങൾക്കുപരി തങ്ങളുടെ വ്യാഖ്യാനങ്ങൾ അടിച്ചേൽപ്പിക്കുന്ന അവരുടെ മനോഭാവത്തെ തുറന്നുകാട്ടാൻ ഉപയോഗിക്കുന്നു. അവർ ശിഷ്യന്മാരുടെമേൽ ആരോപിക്കുന്ന ഈ നിയമലംഘനം യഥാർത്ഥത്തിൽ മോശയുടെ പുസ്തകത്തിലുള്ള (തോറ) ഏതെങ്കിലും നിയമം തെറ്റിക്കുന്നതല്ല. പിന്നെയോ വിശുദ്ധ ഗ്രന്ഥത്തിനു പുറത്തുള്ള അവരുടെ ഒരു വ്യാഖ്യാനത്തിന്റെ ലംഘനം മാത്രമാണ്. ശാരീരികശുദ്ധിയെക്കുറിച്ചുള്ള ഈ നിയമം വന്നിരിക്കുന്നത് പുറപ്പാട് പുസ്തകത്തിൽ ദൈവാലയശുശ്രൂഷ ചെയ്യുന്നതിനു മുമ്പ് പുരോഹിതർ കൈകാലുകൾ കഴുകണം എന്ന നിർദ്ദേശത്തിൽ നിന്നുമാണ് (30:17-21). ഫരിസേയർ ഈ അനുശാസനം ഭക്തിയുടെ അടയാളമായി ജനത്തിനും ബാധകമാക്കുകയായിരുന്നു. പിന്നീട് ദേവാലയത്തിൽ മാത്രമല്ല, ഇത് എല്ലാ ഭക്ഷണത്തിനും മുമ്പും അനുഷ്ഠിക്കണമെന്ന് അവർ നിഷ്ക്കർഷിക്കുകയും ചെയ്തു. തങ്ങളുടെ വ്യാഖ്യാനമായതുകൊണ്ടാണ് ഇതിനെ “പിതാക്കന്മാരുടെ അനുശാസനം” എന്ന് അവർ വിളിക്കുന്നത്.

എന്നാൽ ഇവിടെ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർ ദൈവത്തിന്റെ നിയമം ലംഘിക്കുകയാണെന്ന് യേശു ആരോപിക്കുന്നു. ആയതിനാൽ യഥാർത്ഥപ്രശ്നം ശിഷ്യന്മാരുടെ “പിതാക്കന്മാരുടെ നിയമ” ലംഘനമല്ല, ഫരിസേയരുടെ ദൈവിക കല്പനയുടെ നിരാസമാണ്. ഇത്തരത്തിൽ തെറ്റായ നിർവചനങ്ങൾ നൽകി ഫരിസേയർ സാധാരണക്കാരുടെ ഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ യേശു, “പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക” എന്ന നാലാം പ്രമാണത്തെ ഫരിസേയർ തങ്ങളുടെ ഇഷ്ടാനുസരണം വ്യാഖാനിക്കുന്നതിനെക്കുറിച്ചു പറയുന്നു. മാതാപിതാക്കന്മാരെ സംരക്ഷിക്കാനുള്ള സമ്പത്തെടുത്ത് ദേവാലയത്തിന് നേർച്ച നേർന്നതാണെന്നു പറഞ്ഞു കൊടുക്കുന്നത് തെറ്റല്ല എന്ന് ഫരിസേയർ പഠിപ്പിച്ചിരുന്നു. എന്നാൽ യേശു ഈ വ്യാഖ്യാനത്തെ ചോദ്യം ചെയ്യുന്നു. കാരണം, “അപ്പനിൽ നിന്നോ അമ്മയിൽ നിന്നോ പിടിച്ചുപറിച്ചിട്ട് അത് തെറ്റല്ല എന്ന് പറയുന്നവൻ ധ്വംസകന്റെ കൂട്ടുകാരനാണ്” (സുഭാ. 28:24). ഇവിടെ ദൈവകല്പനയെ തങ്ങളുടെ സൗകര്യാർത്ഥം അവർ ദുർവ്യാഖ്യാനിക്കുന്നു.

അവസാനം യേശു ഏശയ്യാ പ്രവാചകന്റെ ഒരു ഉദ്ധരണി കൂടി ഇവിടെ എടുത്തുപയോഗിച്ചിരിക്കുന്നു: “ഈ ജനം വാക്കു കൊണ്ട് മാത്രം എന്നെ സമീപിക്കുകയും അധരം കൊണ്ടു മാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു. എന്റെ നേർക്കുള്ള ഇവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷിക നിയമമാണ്” (29:13). മാനുഷിക നിയമങ്ങൾ ദൈവികനിയമത്തിന് ഉപരിയാക്കുന്ന പ്രവൃത്തികളിൽ നിന്നും നമുക്ക് ഒഴിഞ്ഞിരിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.