സീറോ മലങ്കര സെപ്റ്റംബർ 06 ലൂക്കാ 1: 46-56 മറിയത്തിന്റെ സ്തോത്രഗീതം

ഫാ. തോമസ് തൈക്കാട്ട്

കന്യകയുടെ അടുത്തേക്ക് ഗബ്രിയേൽ ദൂതൻ കടന്നുവരികയും മംഗളവാർത്ത അറിയിക്കുകയും ചെയ്യുന്നു. മംഗളവാർത്ത സ്വീകരിക്കുന്ന പരിശുദ്ധ കന്യകാമറിയം തിടുക്കത്തിൽ എലിസബത്തിന്റെ അടുത്തേക്ക് ചെല്ലുന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങൾ കണ്ടു മനസിലാക്കുന്ന പരിശുദ്ധ കന്യകാമറിയം ദൈവത്തിനു സമർപ്പിക്കുന്ന സ്തോത്രഗീതമാണ് ഇന്നത്തെ തിരുവചനഭാഗം (ലൂക്കാ 1: 46-56).

കന്യക ഗർഭിണിയാകുന്ന അവസരത്തിൽ അവൾ വലിയ നൊമ്പരത്തിലൂടെയാണ് കടന്നുപോവുക. ഈ സംഭവങ്ങൾ അറിയുമ്പോൾ വിവാഹം ഉറപ്പിച്ചിരിക്കുന്ന ജോസഫിന്റെ പ്രതികരണം എന്താകും. നാട്ടുകാരും ബന്ധുജനങ്ങളും സുഹൃത്തുക്കളുമൊക്കെ എങ്ങനെയാവും തന്നെ സമീപിക്കുക. മോശയുടെ നിയമപ്രകാരം കൊല്ലപ്പെടേണ്ടവളാണ് താനെന്ന് ഒരുപക്ഷേ, അധികാരസമൂഹം വിധിയെഴുതാം. ഈ പ്രതിസന്ധികൾക്കെല്ലാം നടുവിലാണ് പരിശുദ്ധ അമ്മ ദൈവസന്നിധിയിൽ സന്തോഷത്തോടെ സ്തോത്രഗീതം ആലപിക്കുന്നത്. ജീവിതസാഹചര്യങ്ങൾ ഏതുമാകട്ടെ, ദൈവം ഉള്ളിലുണ്ടെങ്കിൽ നമുക്ക് ഇതുപോലെ തന്നെ ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കും.

പരിശുദ്ധ അമ്മയുടെ സ്തോത്രഗീതത്തിലൂടെ കടന്നുപോകുമ്പോൾ, പരിശുദ്ധ അമ്മ ദൈവവചനമാണ് സ്തോത്രഗീതമായി ആലപിക്കുന്നത്. വചനം ഉള്ളിൽ സൂക്ഷിച്ചവളാണ് അമ്മ. പഴയ നിയമമാണ് അമ്മ പ്രാർത്ഥിക്കുക (സങ്കീ. 34:2, ഏശയ്യാ 45:21, സങ്കീ. 136:23, 1 സാമു. 1:11, ഉല്പ. 30:13, സങ്കീ. 126:3). ദൈവവചനത്തിൽ അടിയുറച്ച വിശ്വാസവും അറിവും പരിശുദ്ധ അമ്മക്കുണ്ടായിരുന്നു. ദൈവവചനം ഉള്ളിലുള്ളതു കൊണ്ടാണ് ദൈവം പറഞ്ഞ കാര്യങ്ങൾ മനസിലാക്കാനും പ്രതിസന്ധികളിൽ അടിപതറാതെ ദൈവത്തെ സ്തുതിക്കാനും സാധിച്ചത്.

ഇന്നത്തെ തിരുവചനം ദൈവവചനത്തിൽ വിശ്വസിക്കാനും പഠിക്കാനും നമ്മെ ആഹ്വാനം ചെയ്യുന്നു. വിശ്വാസപരവും ഭൗതികവുമായ പ്രതിസന്ധികളിൽ വിശ്വാസം ആടിയുലയാതെ ദൈവത്തോട് ചേർന്നുനിൽക്കാൻ ദൈവവചനം അനിവാര്യമാണ്.

ഫാ. തോമസ് തൈക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.