സീറോ മലങ്കര ജനുവരി 30 മത്തായി 12: 33-37 നല്ല ഫലം പുറപ്പെടുവിക്കുക

ഫരിസേയർ യേശുവിന്റെ പിന്നാലെ കൂടിയിരുന്നത് എപ്പോഴും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പക്ഷേ, മിക്കപ്പോഴും യേശുവിലുള്ള ദൈവസാന്നിധ്യം സാധാരണക്കാർ തിരിച്ചറിയുന്നുവെന്നത് അവരെ അസ്വസ്ഥരാക്കുന്നു. യേശു അന്ധനെ സുഖപ്പെടുത്തിയപ്പോൾ ജനങ്ങൾ അത്ഭുതപ്പെടുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നുവെന്നു മനസ്സിലാക്കിയ ഫരിസേയർ, അവനിൽ പൈശാചികശക്തി പ്രവർത്തിക്കുന്നു എന്ന് ആരോപിക്കുന്നു. അവരുടെ ആരോപണത്തിലെ പൊള്ളത്തരം വെളിവാക്കുന്നതിനായിട്ടാണ് നല്ലതും ചീത്തയുമായ ഫലങ്ങൾ പുറപ്പെടുവിക്കുന്ന വൃക്ഷത്തെക്കുറിച്ച് യേശു പറയുന്നത്. യേശു ചെയ്യുന്ന നന്മപ്രവർത്തികളും മറ്റ് അടയാളങ്ങളും അവിടുന്ന് ദൈവത്തിൽ നിന്നും വരുന്നുവെന്നതിന് തെളിവുകളാണ്.

പഴയനിയമത്തിൽ മിക്കപ്പോഴും നന്മയും ദൈവകൃപയുമുള്ളവരെ, തഴച്ചുവളരുന്ന വൃക്ഷങ്ങളോട് ഉപമിച്ചിട്ടുണ്ട്. ആരാണ് ഭാഗ്യവാനായ മനുഷ്യൻ എന്ന് സങ്കീർത്തകൻ പറയുന്നു: “നീർച്ചാലിനരികെ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണവൻ” (സങ്കീ. 1:3). ഈ വൃക്ഷത്തിന്റെ വളർച്ചയുടെ അടിസ്ഥാനം നീർച്ചാലിൽ നിന്ന് എപ്പോഴും ആവശ്യമായതെല്ലാം സ്വീകരിക്കാൻ സാധിക്കുന്നു എന്നതാണ്. ജെറമിയ പ്രവാചകൻ നല്ല മനുഷ്യരെയും ദുഷ്ടരായ മനുഷ്യരെയും രണ്ടുതരത്തിലുള്ള വൃക്ഷത്തോട് താരതമ്യപ്പെടുത്തി പറയുന്നു. കർത്താവിൽ നിന്നും ഹൃദയം തിരിക്കുന്ന മനുഷ്യൻ “മരുഭൂമിയിലെ കുറ്റിച്ചെടി പോലെയാണ്” (ജെറ. 17:6). എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്ന മനുഷ്യൻ മഹാഭാഗ്യവാനാണ്: “അവൻ ആറ്റുതീരത്തു നട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അത് വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്; വരൾച്ചയുടെ കാലത്തും അതിനു ഉത്കണ്ഠയില്ല; അത് ഫലം നല്കിക്കൊണ്ടേയിരിക്കും” (ജെറ. 17:8). അതുകൊണ്ട് ഇസ്രായേൽ ജനം ദൈവമാകുന്ന ഉറവിടത്തോട് ചേർന്നുനിന്ന് എപ്പോഴും നന്മകൾ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കണം.

ഒരു ക്രിസ്തീയവിശ്വാസിയുടെ എല്ലാ അനുഗ്രഹങ്ങളുടെയും നന്മയുടെയും അടിസ്ഥാനം ക്രിസ്തുവുമായുള്ള വ്യക്തിബന്ധമാണ്. ഇതു തന്നെയാണ് നമ്മെ മറ്റു മതങ്ങളിൽ നിന്നും തത്വസംഹിതകളിൽ നിന്നുമൊക്കെ വ്യത്യസ്തമാക്കുന്നതും. അതുപോലെ തന്നെ ഈ വ്യക്തിബന്ധമില്ലാതെ നമ്മുടെ ക്രിസ്തീയജീവിതത്തിൽ നമുക്ക്, വളരുന്നതിനും നന്മ പുറപ്പെടുവിക്കുന്നതിനും സാധിക്കില്ല. ലോകത്തിൽ നന്മ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. പക്ഷേ, ഒരു വിശ്വാസി എന്ന നിലയിൽ യേശുവാകുന്ന ഉറവിടത്തോട് ചേർന്നുനിൽക്കുന്നതിനും സമൃദ്ധമായ സത്ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും നമുക്ക് സാധിക്കണം. ദൈവികപുണ്യത്താൽ പൂത്തുലഞ്ഞു നിൽക്കുന്ന സൽഫലങ്ങൾ കായ്ക്കുന്ന നന്മമരമായി നമിക്കിന്നു മാറാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍