സീറോ മലങ്കര ജൂണ്‍ 06 മത്തായി 10: 38-42 കുരിശ് എടുക്കാൻ മറക്കരുത്

ഫാ. ജിതിന്‍ തടത്തില്‍

തന്റെ വഴികളിൽ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരോടായി ഈശോ രണ്ട് കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. 1. കുരിശെടുത്ത് എന്നെ അനുഗമിക്കുക; 2. ആവശ്യക്കാരനിലേക്ക് നിനക്കുള്ളതുമായി കരങ്ങൾ നീട്ടുക.

“അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്ന അതേ വഴികളിലൂടെ നടക്കേണ്ടിയിരിക്കുന്നു” (1 യോഹ. 2:6). മണ്ണിൽ നാട്ടിയ കുരിശിൽ നിന്ന് പാർശ്വങ്ങളിലേക്ക് കരങ്ങൾ വിരിക്കാനും വിണ്ണിലേക്ക് മിഴികൾ ഉയർത്തി പ്രാർത്ഥിക്കാനുമാണ് ഈശോ പഠിപ്പിച്ചത്. കാരണം അവൻ നടന്നതൊക്കെയും കുരിശിന്റെ വഴികളിലായിരുന്നു. അവൻ കണ്ണുകളടച്ച് വിശ്രമിച്ചത് കുരിശിന്റെ വിരിമാറിലായിരുന്നു. അവൻ മഹത്വത്തിലേക്ക് മിഴിതുറന്നതും കുരിശിൽ നിന്നായിരുന്നു. കണ്ടുമുട്ടിയവരിലേക്കെല്ലാം തന്നെ കാരുണ്യം ചാലിച്ചു. അവനോടൊപ്പം അവന്റെ വഴികളിൽ സഞ്ചരിച്ചവരെല്ലാം അവൻ വഴി മഹത്വത്തിലേക്ക് ആനയിക്കപ്പെട്ടു. പിന്നാലെ വരുന്നവരെ നോക്കി അവൻ ഓർമ്മിപ്പിച്ചു, വന്നോളൂ… കുരിശ് എടുക്കാൻ മറക്കരുത്. കാരണം “സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല” (മത്തായി 10:38).

ലോകത്തിന്റെ ഭോഷത്വമായ കുരിശിൽ യോഗ്യതയും അഭിമാനവും കണ്ടെത്തേണ്ടവനാണ് ക്രിസ്ത്യാനി. എന്നാൽ ആവോളം കുരിശുകൾ ഉണ്ടെങ്കിലും ക്രിസ്തുവോളം അത് ആസ്വദിക്കാനാവുന്നില്ല. രണ്ടാമതായി, ആവശ്യക്കാരനിൽ നിന്ന് ഒഴിഞ്ഞുമാറാതെ ഉള്ളത് അവനിലേക്ക് നീട്ടാനും ഈശോ ഓർമ്മിപ്പിക്കുന്നു. അങ്ങനെയെങ്കിൽ നമുക്കും അവനോടൊപ്പം സഞ്ചരിക്കാം. ഒരു കൈയ്യിൽ കുരിശും മറുകൈയ്യിൽ തനിക്കുള്ളതുമായി… കുരിശേന്തിയ കരം സ്വർഗ്ഗത്തിലേക്കും മറുകരം പാർശ്വങ്ങളിലെ വിരിയട്ടെ.

ഫാ. ജിതിന്‍ തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.