സീറോ മലങ്കര സെപ്റ്റംബർ 30 മത്തായി 25: 34-40 അവസാന വിധി

സ്വർഗ്ഗപ്രവേശനത്തിന്റെ മാനദണ്ഡം എന്തെന്ന് യേശു വിശദമാക്കുന്ന ഒരു വേദഭാഗമാണ് ഇന്നത്തെ വിചിന്തന വിഷയം. അന്ത്യവിധിയുടെ സമയത്ത് രാജാവിന്റെ വലതുഭാഗത്തായിരിക്കുന്നവർ “പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരും” ഇടതുഭാഗത്തായിരിക്കുന്നവർ “ശപിക്കപ്പെട്ടവരും” ആയിത്തീരുന്നു. ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ആവശ്യത്തിലിരിക്കുന്ന എളിയ സഹോദരങ്ങളെ സഹായിച്ചത്, സ്വർഗ്ഗത്തിലെത്തുമ്പോൾ യേശുവിനെ സഹായിച്ചതായി പരിണമിക്കുന്നു. അങ്ങനെ ഈ ഉപമയിലൂടെ സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവരുമായി യേശു താതാത്മ്യപ്പെടുന്നു. സൃഷ്ടിയുടെ സമയത്ത് ദൈവം ഓരോരുത്തരിലും ചാർത്തിയിരിക്കുന്ന അവിടുത്തെ സാദൃശ്യത്തിന്റെ തുടർച്ചയാണിത്.

മനുഷ്യന്റെ പ്രധാന ആവശ്യങ്ങളായ വിശപ്പും ദാഹവും ശമിപ്പിക്കുന്നതും, ആരും സ്വീകരിക്കാൻ മനസ്സു കാണിക്കാത്ത അപരിചിതനായ പരദേശിയെ സ്വീകരിക്കുന്നതും, ദാരിദ്ര്യം കൊണ്ട് തന്റെ നഗ്നത അനാവൃതമാക്കി നടക്കുന്ന ഒരുവനെ ഉടുപ്പിക്കുന്നതും, രോഗാവസ്ഥയിലായിരിക്കുന്നവരെ പരിചരിക്കുന്നതും, സമൂഹം തെറ്റുകാരെന്ന് മുദ്രകുത്തി കാരാഗ്രഹത്തിലടച്ചിരിക്കുന്നവരെ സന്ദർശിച്ച് ആശ്വസിപ്പിക്കുന്നതുമെല്ലാം സ്വർഗ്ഗപ്രവേശന മാനദണ്ഡങ്ങളായി മാറുന്നു. യേശുവിന്റെ കാലത്തെ സാമൂഹികചുറ്റുപാടിൽ കഷ്ടത അനുഭവിക്കാൻ വിധിക്കപ്പെട്ടവർ ദൈവകോപത്തിന് ഇരയായവരായിരുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ഇത്തരത്തിലുള്ള നന്മപ്രവർത്തികൾ ചെയ്യുന്നത് പ്രശംസനീയമായി മാറിയിരിക്കുന്നത് യേശുപ്രബോധനത്തിൽ പ്രചോതിരായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ഇറങ്ങിത്തിരിച്ച ക്രിസ്തീയവിശ്വാസികൾ കാരണമാണ്.

ഇടതുഭാഗത്തുള്ളവർ കഠിനമായ വിധിന്യായം കേൾക്കാൻ വിധിക്കപ്പെട്ടവരാണ്. ഇവിടെ രാജാവ് അവരോട് തന്നിൽ നിന്നും അകന്ന് നിത്യാഗ്നിയിലേയ്ക്കു പോകുവിൻ എന്നാണ് പറയുന്നത്. ഇതുതന്നെയാണ് അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷാവിധിയും: ദൈവസംസർഗ്ഗം നിത്യമായി നിഷേധിക്കപ്പെട്ടിരിക്കുന്ന അവസ്ഥ. അവരുടെ അന്ത്യം നരകത്തീയിൽ ആയിരിക്കും. വെളിപാട് പുസ്തകത്തിൽ നരകത്തെ ഗന്ധകാഗ്നിതടാകത്തോടാണ് ഉപമിച്ചിരിക്കുന്നത്. “അവിടെ രാപകൽ നിത്യകാലത്തേയ്ക്ക് അവർ പീഡിപ്പിക്കപ്പെടും” (20:10) എന്നും പറഞ്ഞിരിക്കുന്നു. നമ്മുടെ ജീവിതയാത്രാവഴി അന്ത്യത്തിൽ രണ്ടായി പിരിയുമെന്ന് ഈ പ്രബോധനത്തിൽ നിന്നും വ്യക്തമാണ്. ഇതിൽ ഏതു വഴി സഞ്ചരിക്കാൻ നാം തിരഞ്ഞെടുക്കപ്പെടുമെന്നു നിർണ്ണയിക്കുന്നത് ഭൂമിയിലെ നമ്മുടെ കാരുണ്യപ്രവർത്തികളാണ്. ഈ ഉപമയിലെ വിധി ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ട രണ്ടു കൂട്ടർക്കും, ഭൂമിയിൽ തങ്ങൾ ചെയ്ത നന്മതിന്മകൾക്ക് ഇങ്ങനെയൊരു അനന്തരഫലം കാത്തിരിപ്പുണ്ടെന്ന് അറിയില്ലായിരുന്നു. എന്നാൽ ഇത് വായിക്കുന്ന നമുക്കോരോരുത്തർക്കും എവിടേയ്ക്കാണ് നാം പോകുന്നതെന്ന് ഇപ്പോഴേ സൂചന നൽകുന്ന വേദഭാഗമാണിതെന്ന കാര്യം വിസ്മരിക്കരുത് (കൂടുതൽ വിശദീകരണത്തിന് സെപ്റ്റംബർ 5-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.