സീറോ മലങ്കര സെപ്റ്റംബർ 27 മത്തായി 16: 5-12 ഫരിസേയരും സദുക്കായരും പുളിമാവും

അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനുശേഷം യേശുവും ശിഷ്യന്മാരും കടൽ കടന്ന് ബത്‌സയ്ദ പ്രദേശത്തേയ്ക്ക് യാത്ര ചെയ്യുന്നു. ബാക്കി വന്ന അപ്പം ഏഴു കുട്ടയിൽ ശേഖരിച്ചുവെങ്കിലും അത് കൂടെ കൊണ്ടുവരാൻ തങ്ങൾ മറന്നുപോയി എന്ന് ശിഷ്യന്മാർ ഇപ്പോൾ തിരിച്ചറിഞ്ഞു. ഈ സമയത്താണ് യേശു അപ്രതീക്ഷിതമായി ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെക്കുറിച്ചു സംസാരിക്കുന്നത്. എന്നാൽ യേശു പറയുന്നതും അവർ അപ്പം മറന്നുപോയതുമായി യാതൊരു ബന്ധവുമില്ല. ശിഷ്യന്മാർ, യേശു തങ്ങളുടെ മറവിയെയും ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റത്തെയും ശകാരിക്കുന്നതായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

യേശുവിനെ സംബന്ധിച്ച് ഇവിടെ ശിഷ്യന്മാരുടെ വിശ്വാസരാഹിത്യവും അതുപോലെ തന്നെ ഫരിസേയരുടെയും സദുക്കായരുടെയും വഴിതെറ്റിക്കുന്ന പ്രബോധനങ്ങളുമാണ് പ്രധാന പ്രശ്നങ്ങൾ. വലിയ അത്ഭുതപ്രവർത്തനങ്ങൾ കണ്ടതിനുശേഷവും തന്റെ ശിഷ്യന്മാർ ഭക്ഷണത്തെക്കുറിച്ച് ആകുലരാകുന്നത് യേശുവിന്റെ ശകാരം ഏറ്റുവാങ്ങാനിടയാകുന്നു. ദൈവരാജ്യം അന്വേഷിക്കുന്നവരെ പിതാവായ ദൈവം പോറ്റിക്കൊള്ളുമെന്ന് എത്രയോ തവണ അവിടുന്ന് അവർക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്! അതിനാൽ ശിഷ്യന്മാരുടെ ഇപ്പോഴത്തെ പെരുമാറ്റം വിശ്വാസക്കുറവിന്റെ ലക്ഷണമാണ്. ഇവിടെ യഥാർത്ഥ പ്രശ്‌നം അവർ അപ്പം മറന്നുവെന്നതല്ല, തങ്ങളുടെ ഗുരുവിന്റെ പ്രബോധനം വിസ്മരിക്കുന്നുവെന്നതാണ്. അപ്പം കടയിൽ നിന്ന് വേണമെങ്കിലും വാങ്ങുന്നതിന് സാധിക്കും. എന്നാൽ ദൈവികവചനം യേശുവിൽ നിന്നും മാത്രമേ കേൾക്കാൻ സാധിക്കൂ.

ഇത്തരുണത്തിൽ യേശു, താൻ പ്രവർത്തിച്ച അത്ഭുതങ്ങളെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കുന്നു. യേശുവിന്റെ വാക്കുകളിൽ ശിഷ്യന്മാർ തന്നെ മനസ്സിലാക്കാത്തതിന്റെ വിഷമം വളരെ പ്രകടമാണ്. അപ്പം വർദ്ധിപ്പിച്ച് അനേകായിരങ്ങളെ തീറ്റി തൃപ്തിപ്പെടുത്തിയെന്നു മാത്രമല്ല, അത് കുട്ടയിൽ ശേഖരിക്കാൻ മാത്രം സമൃദ്ധി ഉണ്ടായി. അപ്പോൾ മിശിഹാ അടുത്തിരിക്കുമ്പോൾ ഇനിയും ശിഷ്യന്മാർ ആകുലപ്പെടുന്നത് വിശ്വാസരാഹിത്യത്തിന്റെ അടയാളമാണ്. ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവ് എന്നതുകൊണ്ട് യേശു ഉദ്ദേശിക്കുന്നത് അപ്പമല്ല, പിന്നെയോ അവരുടെ തെറ്റായ പ്രബോധനങ്ങളാണ്. പെസഹാ ആചരണത്തിന് മുമ്പായി എല്ലാ വർഷവും അതുവരെ സൂക്ഷിച്ചുവച്ചിരുന്ന പുളിമാവ് നീക്കം ചെയ്യണമെന്ന് പുറപ്പാട് പുസ്തകം പറയുന്നു (പുറ. 12:14-20). ഇത് ജീവിതത്തിൽ നിന്നും തിന്മകളും പാപങ്ങളും നീക്കിക്കളയുന്നതിന്റെ പ്രതീകമായിട്ടാണ് പൗലോസ് ശ്ലീഹ കാണുന്നത്: “അതിനാൽ, അശുദ്ധിയും തിന്മയുമാകുന്ന പുളിപ്പുകൊണ്ടല്ല, ആത്മാർത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പം കൊണ്ട് നമുക്ക് തിരുനാൾ ആഘോഷിക്കാം” (1 കോറി. 5:8). ഇന്നത്തെ ലോകത്തിൽ നമ്മെ വഴിതെറ്റിക്കുന്ന അനേകം പ്രബോധകരിൽ നിന്നും അകന്നുനിന്ന് യേശുവിനെ ആത്മാർത്ഥതയോടെ പിഞ്ചെല്ലുന്നതിന് നമുക്ക് പരിശ്രമിക്കാം (കൂടുതൽ വിശദീകരണത്തിന് ജൂലൈ 8-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.