സീറോ മലങ്കര ആഗസ്റ്റ് 12 മത്തായി 11: 25-30 ക്ലേശിതർക്ക് ആശ്രയം

പലപ്പോഴും ജോലിഭാരം കൊണ്ട് ഒന്ന് വിശ്രമിക്കാൻ അല്പസമയം കിട്ടിയിരുന്നെങ്കിലെന്ന് നമ്മിൽ പലരും ചിന്തിക്കാറുണ്ട്. ചിലപ്പോൾ ഒന്നും ചെയ്യാതെ വെറുതെ അലസമായി സമയം കളയുന്നവരും ധാരാളം. മനുഷ്യജീവിതം മിക്കപ്പോഴും ആനന്ദകരമാകുന്നത് ജോലിയും വിശ്രമവുമൊക്കെ സമന്വയിപ്പിച്ച് കൊണ്ടുപോകാൻ സാധിക്കുമ്പോഴാണെന്നതാണ് വിദഗ്ധ മതം. അതുപോലെ തന്നെ ജീവിതത്തിൽ ബുദ്ധിമുട്ടും പ്രയാസവും നേരിടുമ്പോൾ ആശ്വാസം തേടി പലയിടത്തും നാം പോവാറുമുണ്ട്. പൂർണ്ണത പ്രാപിക്കാൻ ആഗ്രഹിച്ചവരോടൊക്കെ, എല്ലാം ഉപേക്ഷിച്ച് തന്റെ പിന്നാലെ വരിക എന്നാണ് യേശു പറയുന്നത്. അത് ക്രിസ്തുവിന്റെ ശിഷ്യത്വത്തിലേയ്ക്കുള്ള സവിശേഷമായ വിളിയാണ്. ഇന്നത്തെ സുവിശേഷത്തിൽ യേശു അദ്ധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും ആശ്വാസത്തിനായി തന്റെ അടുക്കലേയ്ക്ക് ക്ഷണിക്കുന്നു.

ഇനിയും ഏതു തരത്തിലുള്ള ആശ്വാസമാണ് യേശു, തന്റെ അടുത്തേയ്ക്ക് വരുന്നവർക്ക് നൽകുന്നത്. മറ്റെങ്ങും ലഭിക്കാത്തതും ശാശ്വതമായതും ഒരിക്കലും നഷ്ടപ്പെടാത്തതുമായ ആശ്വാസം ക്രിസ്തുവിൽ നിന്നും നമുക്ക് ലഭിക്കും. ഇത് നമുക്ക് പലപ്പോഴും അനുഭവവേദ്യമാകാത്തതിന്റെ കാരണം യേശുവുമായി നമുക്ക് ആഴമായ വ്യക്തിബന്ധം ഇല്ലാത്തതിനാലാണ്. മാത്രമല്ല, നാം ഉപശാന്തി അന്വേഷിച്ച് അനേകം താൽക്കാലിക ഉറവിടങ്ങളുടെ പിന്നാലെ പോവുകയും ചെയ്യുന്നു. ആശ്വാസത്തിനു പകരം അത്തരം താൽക്കാലിക പോംവഴികൾ കൂടുതൽ നിരാശയിൽ നമ്മെ എത്തിക്കുകയും ചെയ്യുന്നു. യേശുവാകുന്ന ജീവജലത്തിന്റെ അരുവിയുടെ കരയിൽ ജീവിക്കാൻ അവസരം ലഭിച്ചിട്ടും നാം ഇപ്പോഴും മരുഭൂമിയിലാണെന്ന മനോഭാവത്തോടെ ദാഹജലം തേടി എവിടെയൊക്കെയോ അലയുന്നു. ഓരോരുത്തരുടെയും പ്രശ്നങ്ങൾ വ്യത്യസ്തമായതിനാൽ നമ്മുടെ പ്രയാസങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കുമ്പോൾ അവർ നിർദ്ദേശിക്കുന്ന പരിഹാരം നമ്മുടെ പ്രശ്നം അവർക്കുണ്ടായാൽ അവര്‍ അത് എങ്ങനെ പരിഹരിക്കുമെന്നതാണ്. അത് നമ്മുടെ പ്രശ്നത്തിന് പരിഹാരമാവണമെന്നില്ല. അതിനാൽ പ്രാർത്ഥനയിലൂടെ യേശുവിന്റെ സന്നിധിയിലായിരുന്ന് ആശ്വാസത്തിനായി നമുക്ക് ശ്രമിക്കാം.

യേശുവിന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതാണെന്ന് അവിടുന്ന് നമ്മോടു പറയുന്നു. നുകം എപ്പോഴും ബന്ധനമായിരിക്കുമ്പോൾ എന്തുകൊണ്ടാണ് യേശു നമ്മോട് ഇപ്രകാരം പറയുന്നത്. ഒരുപാട് നിയമത്തിന്റെ നുകം വഹിക്കുന്ന യഹൂദ ജനതയ്ക്ക് യേശു നൽകുന്നത് ദൈവസ്നേഹത്തിന്റെയും സഹോദരസ്നേഹത്തിന്റേതുമായ നുകമാണ്. ഈ സ്നേഹത്തിന്റെ നുകം വഹിക്കുന്നതുകൊണ്ട് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് യേശുവാകുന്ന നേതാവിനെ നാം എന്നും അനുധാവനം ചെയ്യുമ്പോഴാണ്. ഇന്ന് നമ്മുടെ ജീവിതത്തിലെ നഷ്ടപ്പെട്ടുപോയെ തീജ്വാലയെ ആളിക്കത്തിക്കുന്നതിനുവേണ്ടി യേശുവിനോട് നമുക്ക് പ്രാർത്ഥിക്കാം (കൂടുതൽ വിശദീകരണത്തിന് നവംബർ 28, മാർച്ച് 17 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.