സീറോ മലങ്കര ആഗസ്റ്റ് 09 മത്തായി 21: 28-32 രണ്ടു പുത്രന്മാരുടെ ഉപമ

യേശുവിന്റെ, പഠിപ്പിക്കാനുള്ള അധികാരത്തെ ഫരിസേയരും നിയമജ്ഞരും ദേവാലയത്തിലെത്തി ചോദ്യം ചെയ്തതിനുശേഷമാണ് രണ്ടു പുത്രന്മാരുടെ ഉപമ യേശു അവരോടു പറയുന്നത്. അനുസരിക്കാം എന്നു അപ്പനോട് പറഞ്ഞിട്ട് അനുസരിക്കാതിരിക്കയും, അനുസരിക്കില്ല എന്നു പറഞ്ഞിട്ട് അനുസരിക്കുകയും ചെയ്യുന്ന പുത്രന്മാർ. “നിങ്ങൾക്ക് എന്ത് തോന്നുന്നു?” എന്നൊരു ചോദ്യം ചോദിച്ചുകൊണ്ടാണ് യേശു തന്റെ കഥ ആരംഭിക്കുന്നത്? ഇതിന് കൊടുക്കുന്ന ഉത്തരമനുസരിച്ച് ഓരോരുത്തരും തങ്ങളുടെ തന്നെ വിധി പ്രസ്താവിക്കുകയാണ് ചെയ്യുന്നത്. ഈ കഥയിലെ രണ്ടു പുത്രന്മാരും തെറ്റ് ചെയ്യുന്നു. ഒന്നാമത്തവൻ തന്റെ പ്രവൃത്തിയാലും രണ്ടാമത്തവൻ തന്റെ വാക്കാലും. എന്നാൽ വാക്കിനേക്കാൾ ഗൗരവമേറിയതാണ് പ്രവൃത്തികളാൽ ചെയ്യുന്ന തെറ്റ്.

യഹൂദസംസ്കാരത്തിൽ പുത്രന്മാർ പിതാക്കന്മാരുടെ വാക്കുകൾക്ക് വലിയ വിലയാണ് നൽകുന്നത്. അതുകൊണ്ടാണ് ദൈവം അത് പത്തു കല്പനയുടെ ഭാഗമാക്കിയിരിക്കുന്നത്. “പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവനെ വധിക്കണം” (ലേവ്യ. 20:9) എന്നാണ് ലേവ്യ പുസ്തകത്തിൽ പറയുന്നത്. അതിനാൽ ഈ മകൻ പിതാവിനെ അനുസരിക്കാതിരിക്കുന്നത് വലിയ തെറ്റു തന്നെയാണ്. യേശുവിന്റെ വാക്കുകളിൽ നിന്നുതന്നെ ഒന്നാമത്തെ പുത്രൻ ദൈവം തിരഞ്ഞെടുത്തുവെന്ന് അഭിമാനിക്കുന്ന യഹൂദ ജനതയാണ്. സീനായ് മരുഭൂമിയിൽ വച്ച് ദൈവത്തിന്റെ വാക്കനുസരിച്ചാൽ ഇസ്രായേൽ ദൈവത്തിന്റെ പ്രിയപ്പെട്ട ജനമായിരിക്കും എന്ന് ദൈവം മോശയിലൂടെ അരുളിച്ചെയ്യുന്നു. അപ്പോൾ ജനം ഏകസ്വരത്തിൽ പറയുന്നു: “കർത്താവ് കൽപിച്ചതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം” (പുറ. 19:8). അതുകൊണ്ടു തന്നെ യേശുവിന്റെ കഥ തങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഫരിസേയരും നിയമജ്ഞരും പെട്ടെന്ന് തിരിച്ചറിയുന്നു.

ദൈവത്തെ അറിയാത്തവരെപ്പോലെ ജീവിക്കുകയും എന്നാൽ യോഹന്നാന്റെയും യേശുവിന്റെയും വാക്കുകൾ കേട്ട് മാനസാന്തരപ്പെടുകയും ചെയ്തിരിക്കുന്ന ചുങ്കക്കാരും പാപികളുമാണ് രണ്ടാമത്തെ പുത്രനെ പ്രതിനിധീകരിക്കുന്നത്. യേശുവിന്റെ പരസ്യജീവിതം ആരംഭിക്കുന്നത് “മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” (മത്തായി 4:17) എന്ന ആഹ്വാനത്തോടെയാണ്. ഇതനുസരിച്ചത് രണ്ടാമത്തെ പുത്രനെ പ്രതിനിധീകരിക്കുന്നത് പാപികളാണ്. എന്നാൽ ഇതുകൂടാതെ മൂന്നാമതൊരു പുത്രൻ കൂടിയുണ്ട്. അത് ഈ കഥപറയുന്ന യേശു തന്നെയാണ്. ദൈവഹിതത്തിനു വിധേയമായി മനുഷ്യരക്ഷ സഹനത്തിലൂടെ സാധ്യമാക്കുന്ന പുത്രൻ. പൗലോസ് ശ്ലീഹാ എഴുതുന്നു: “മരണം വരെ – അതെ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലി. 2:8). ഈ പുത്രനാണ് നമ്മുടെ ഇന്നത്തെ അനുകരണീയ മാതൃക. ഈ പുത്രനെ അനുകരിച്ച് ദൈവഹിതത്തോട് “അതേ” എന്ന് ഉത്തരം പറയുകയും അതിനനുസരിച്ചു പ്രവർത്തിക്കുക്കയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.