സീറോ മലങ്കര ആഗസ്റ്റ് 07 മത്തായി 14: 34-36 ഗനേസറത്തിലെ അത്ഭുതങ്ങൾ

ഗലീലക്കടലിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന ഒരു പുരാതന നഗരമാണ് ഹീബ്രു ഭാഷയിൽ കിന്നേരത്ത് (כִּנֶּרֶת) എന്നുകൂടി അറിയപ്പെടുന്ന ഗനേസറത്ത്. ഇവിടെ കടലിന്റെ തീരങ്ങളിൽ വളർന്നിരുന്ന കിന്നാർ വൃക്ഷങ്ങൾ കാരണമാണ് ഈ പേരുണ്ടായത് എന്ന് പറയപ്പെടുന്നു. ഗലീലക്കടലിനെ ഈ പ്രദേശവുമായി ബന്ധപ്പെടുത്തി ഗന്നേസരത്ത് തടാകം എന്നും വിളിച്ചിരുന്നു. വിശുദ്ധനാട് യാക്കോബിന്റെ പന്ത്രണ്ട് ഗോത്രങ്ങൾക്കായി വിഭജിച്ചുകൊടുത്തപ്പോൾ ഗാദ് ഗോത്രത്തിന് അവകാശമായി കിട്ടിയ പ്രദേശമായിരുന്നു ഇത് (ജോഷ്വ 19:35). യേശു കടൽ കടന്ന് ഈ പ്രദേശത്തേയ്ക്ക് വരുമ്പോൾ ആളുകൾ പെട്ടെന്നു തന്നെ തിരിച്ചറിയുന്നു. ഈ അറിവ് യേശു എന്ന വ്യക്തിയെക്കുറിച്ചുള്ള അറിവും യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ നേരത്തെ കണ്ടവർ എന്ന നിലയിൽ വിശ്വാസതലത്തിലുള്ള അറിവുമാകാം. അതുകൊണ്ടാണ് സമീപപ്രദേശങ്ങളിലെല്ലാം അവർ ഓടിനടന്ന് ആളുകളോട് യേശുവിന്റെ വരവിനെക്കുറിച്ചു പറയുകയും രോഗികളെ അവിടുത്തെ സന്നിധിയിലേയ്ക്ക് ആനയിക്കുകയും ചെയ്യുന്നത്.

യേശുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും തൊടാൻ അനുവദിക്കണമെന്ന് അവർ അവിടുത്തോട് അപേക്ഷിക്കുന്നു. അവിടുത്തെ വസ്ത്രത്തിൽ സ്പർശിച്ച രക്തസ്രാവക്കാരി സൗഖ്യം പ്രാപിച്ചതിനെക്കുറിച്ച് ഒൻപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. രക്തസ്രാവം പോലെയുള്ള രോഗമുള്ളവരെ സ്പർശിക്കുന്നവർ അശുദ്ധരാകും എന്നാണ് പഴയ നിയമത്തിൽ പറയുന്നത് (ലേവ്യ 15:19-33). ഇവിടെ രോഗികൾ യേശുവിനെ സ്പർശിക്കുമ്പോൾ അവരിലെ അശുദ്ധി യേശുവിലേയ്ക്ക് പകരുന്നതിനു പകരം യേശുവിന്റെ വിശുദ്ധി അവരിലേയ്ക്ക് കടന്നുചെന്ന് അവരെയെല്ലാം സൗഖ്യമാക്കുന്നു. ഇവിടെയും വിശ്വാസത്തിന്റെ പ്രകടനത്തിന്റെ ഫലമായിട്ടാണ് രോഗസൗഖ്യം ലഭിക്കുന്നത്.

രണ്ടുതരത്തിലാണ് യേശുവിൽ നിന്ന് നമ്മിലേയ്ക്ക് ദൈവീകാനുഗ്രങ്ങൾ പ്രവഹിക്കുന്നത്. ഒന്നുകിൽ നമ്മുടെ ജീവിതം കണ്ടും ആഴമായ വിശ്വാസം തിരിച്ചറിഞ്ഞും യേശു നമ്മെ സ്പർശിക്കണം. അങ്ങനെ കുഷ്ഠരോഗികളെവരെ യേശു സ്പർശിക്കുന്നത് നാം സുവിശേഷത്തിൽ വായിക്കുന്നുണ്ട്. രണ്ടാമതായി യേശുവിനെ സ്പർശിക്കാൻ കഴിഞ്ഞാലും അനുഗ്രഹവും സൗഖ്യവും ലഭിക്കും. ഇന്നത്തെ സുവിശേഷത്തിൽ വസ്ത്രത്തിലെങ്കിലും സ്പർശിക്കാൻ അനുവദിച്ചാൽ മതി എന്നാണ് ജനങ്ങൾ പറയുന്നത്. യേശുസ്‌പർശനം നാം വളരെ പ്രകടമായി അനുഭവിക്കുന്ന വേദിയാണ് നമ്മുടെ കൂദാശകൾ. അതിൽ തന്നെ യേശുവിന്റെ ശരീരരക്തങ്ങൾ നൽകപ്പെടുന്ന വിശുദ്ധ കുർബാനയിൽ യേശു നമ്മെ സ്പർശിക്കുകയും നാം യേശുവിനെ സ്പർശിക്കുകയും ചെയ്യുന്നു. ഗനേസറത്തിലെ തെരുവീഥികളിൽക്കൂടി അന്ന് നടന്ന യേശു ഇന്ന് നമ്മുടെ ജീവിതവഴികളിലൂടെയും പലപ്പോഴും നാം അറിയാതെയും കടന്നുവരുന്നുണ്ട്. നമ്മെ സ്പർശിച്ച് അനുഗ്രഹിക്കണമേയെന്ന് യേശുവിനോടു പ്രാർത്ഥിക്കാം. അതുപോലെ തന്നെ ഓരോ ദിവസവും വചനത്തിലൂടെയും പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും യേശുവിനെ നമുക്കും സ്പർശിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.