സീറോ മലങ്കര ജൂലൈ 13 മത്തായി 8: 1-4 കുഷ്‌ഠരോഗി സുഖപ്പെടുന്നു

ഇന്നത്തെ സുവിശേഷവായനയിൽ യേശു മലയിൽ നിന്നും ഇറങ്ങിവരുന്നത് പഴയനിയമത്തിൽ മോശ സീനായ് മലയിൽ നിന്ന് ദൈവസംസർഗ്ഗത്തിനുശേഷം കല്പനകളുമായി ഇറങ്ങിവരുന്നതിനെ അനുസ്മരിപ്പിക്കുന്നു. അവിടെ പത്തു കല്പനകളായിരുന്നു മോശ കൊണ്ടുവരുന്നതെങ്കിൽ ഇവിടെ യേശു പത്ത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ഇതിൽ ആദ്യത്തേതാണ് കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നുന്നത്. യേശു പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ എല്ലാം തന്നെ സ്വർഗ്ഗരാജ്യത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. ദൈവസാന്നിധ്യത്തിന്റെ വലിയ അടയാളങ്ങളാണ് അവിടുത്തെ ഓരോ അത്ഭുതവും.

ഒരുവൻ കുഷ്ഠരോഗിയുമായി അടുത്തിടപഴകുന്നതുവഴി രോഗസംക്രമണം സംഭവിക്കുന്നുവെന്നു മാത്രമല്ല, അയാൾക്ക് ദേവാലയത്തിലെ ആചാരപരമായ കാര്യങ്ങൾ അനുവർത്തിക്കുന്നതിന് തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. സാധാരണയായി “അശുദ്ധൻ.. അശുദ്ധൻ..” എന്ന് ഉറക്കെ വിളിച്ചുകൊണ്ടു മാത്രമേ അത്തരക്കാർക്ക് പൊതുവഴികളിൽ പ്രത്യക്ഷപ്പെടുന്നതിന് അനുവാദമുണ്ടായിരുന്നുള്ളു. എന്നാൽ യേശുവിന്റെ അടുത്തേയ്ക്ക് വരുമ്പോൾ അങ്ങനെയെന്തെങ്കിലും ചെയ്തതായി സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടില്ല. യേശുവിനെ താണുവണങ്ങുന്നതാണ് ഇവിടെ അവൻ ചെയ്യുന്ന ആദ്യ പ്രവൃത്തി. ഇത് ശിഷ്യന്മാർ ഉത്ഥാനശേഷം അവിടുത്തെ ആരാധിച്ചതിനു തുല്യമാണ്. പലപ്പോഴും അറിവില്ലാത്തവരെന്നും വിലയില്ലാത്തവരെന്നും സമൂഹം കരുതുന്ന ഇവർക്ക് വലിയ ദൈവീകജ്ഞാനവും വിശ്വാസദൃഢതയുമുണ്ടെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു. തന്റെ അശുദ്ധിക്ക് പരിഹാരം യേശുവിന്റെ വിശുദ്ധിയാണെന്ന് അവൻ തിരിച്ചറിഞ്ഞുകൊണ്ട് “അങ്ങേയ്ക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും” എന്ന് യേശുവിനോട് പറയുന്നു. അസാധാരണമായ വിശ്വാസപ്രകടനമാണ് ഇവിടെ അവൻ കാണിക്കുന്നത്. കാരണം യേശുവിന് ഇതിനുള്ള കഴിവുണ്ടെന്ന് അവൻ അത്ഭുതം സംഭവിക്കുന്നതിന് മുൻപുതന്നെ വിശ്വസിക്കുന്നു.

ഇവിടെ യേശു അയാളെ സുഖപ്പെടുത്തിയ വിധം വളരെ ഹൃദയസ്പര്ശിയാണ്. ഒറ്റ വാക്കുകൊണ്ട് സാധിക്കാമായിരുന്ന കാര്യം അവന്റെ ശരീരത്തിലും അതുവഴി അവന്റെ ജീവനെ മുഴുവൻ സ്പർശിച്ചു പരിവർത്തനപ്പെടുത്തിക്കൊണ്ടാണ് യേശു ഈ കൃത്യം നിർവ്വഹിക്കുന്നത്. അയാളുടെ അശുദ്ധി യേശുവിലേയ്ക്ക് സംക്രമിക്കുന്നതിനുപകരം യേശുവിന്റെ വിശുദ്ധി അവനിലേയ്ക്കെത്തുന്നു. അവന്റെ സമൂഹത്തിലുള്ള സ്ഥാനം സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടിയാണ് പോയി നിന്നെത്തന്നെ പുരോഹിതനെ കാണിക്കുക എന്ന് യേശു പറയുന്നത്. ഇന്ന് ലോകത്തിൽ നിന്ന് കുഷ്ഠരോഗം ഒരു പരിധിവരെ നിർമ്മാർജ്ജനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാപത്തിന്റെ കുഷ്ഠം എല്ലായിടത്തും എക്കാലത്തെപ്പോലെ ഇന്നും പ്രസരിക്കുന്നു. ഇതിന്റെ വ്യാപനം തടയുന്നതിനു നമുക്കുള്ള ഒരേയൊരു പോംവഴി യേശുവിനെ സമീപിക്കുക എന്നത് മാത്രമാണ് (കൂടുതൽ വിശദീകരണത്തിന് മാര്‍ച്ച് 1-ലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.