സീറോ മലങ്കര ജൂലൈ 12 ലൂക്കാ 15: 1-7 കാണാതായ ആടിന്റെ ഉപമ

കാണാതെപോയ ആടിന്റേയും, കാണാതെപോയ നാണയത്തിന്റെയും, കാണാതെപോയ പുത്രന്റെയും കഥ പറയുന്ന ബൈബിളിലെ ഏറ്റവും മനോഹരമായ ഭാഗമാണ് ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം. ഇവിടെ രണ്ടു വിഭാഗത്തിലുള്ള ആളുകളാണ് യേശുവിന്റെ ശ്രോതാക്കളായിട്ടുള്ളത് – ചുങ്കക്കാരും പാപികളും ഒരു വശത്തും, ഫരിസേയരും നിയമജ്ഞരും മറുവശത്തും. ചുങ്കം പിരിച്ചിരുന്നവർ യഹൂദന്മാരുടെ ഇടയിൽ കുപ്രസിദ്ധി നേടിയ വെറുക്കപ്പെട്ട വിഭാഗമായിരുന്നു. “പാപികൾ” മിക്കപ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ള ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവരും ദൈവം പോലും തങ്ങളെ ഉപേക്ഷച്ചെന്നു കരുതി ജീവിച്ച മനുഷ്യരുമായിരുന്നു. ഇക്കൂട്ടർ വൈദ്യനെ ആവശ്യമുള്ള രോഗിയെപ്പോലെ യേശുസവിധത്തിലണഞ്ഞ് ആശ്വാസം കണ്ടെത്തുന്നു. യേശുവിന്റെ നിയമാനുഷ്ഠാനത്തിന്റെ തെറ്റും ശരിയും നോക്കിനടന്നിരുന്ന ഫരിസേയരും നിയമജ്ഞരും മരുഭൂമിയിലെ ജനത്തെപ്പോലെ ദൈവത്തിനെതിരെ ഇവിടെയും പിറുപിറുക്കുന്നു. സമൂഹം തിരസ്കരിച്ച “അശുദ്ധർ” ദൈവത്തെ പ്രാപിക്കുകയും, “ശുദ്ധര്‍” എന്ന് സ്വയം കരുതിയവർ ദൈവീകവിശുദ്ധിയിൽ നിന്ന് വിദൂരത്തായിരിക്കുകയും ചെയ്യുന്നു.

യേശുവിന്റെ, പാപികളോടുള്ള കരുതലിന്റെ കഥ പറയുന്ന ഉപമയാണ് കാണാതെപോയ ആടിന്റേത്. തൊണ്ണൂറ്റിയൊൻപതിനേയും ഉപേക്ഷിച്ച് ഒന്നിനെ തേടിപ്പോകുന്നുവെന്നു മാത്രമല്ല, അതിനെ തോളിലേറ്റുകയും വീട്ടിലെത്തുമ്പോൾ കൂട്ടുകാരേയും നാട്ടുകാരേയും വിളിച്ചുകൂട്ടി ആ സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നു. ആടുകളെ പോറ്റാത്ത, മുറിവേറ്റതിനെ വച്ചുകെട്ടാത്ത, വഴിതെറ്റിയതിനെ തിരികെ കൊണ്ടുവരാത്ത, കാണാതായതിനെ തേടിയിറങ്ങാത്ത ഇടയന്മാരോട് ദൈവം കണക്ക് ചോദിക്കാന്‍ വന്നിരിക്കുന്നു (എസ. 34). “ഞാൻ തന്നെ എന്റെ ആടുകളെ മേയ്ക്കും” (എസ. 34:15) എന്ന് പ്രവാചകൻ മുഖേന പറഞ്ഞത് യേശു ഇപ്പോൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ഇടയന്മാരെന്നു നടിച്ചിരുന്നവരിൽ നിന്ന് യഥാർത്ഥ ഇടയൻ കടിഞ്ഞാൺ ഏറ്റെടുത്തിരിക്കുന്നു.

ഒന്നല്ല ഒരായിരം ആടുകളെയാണ് യേശു ഇപ്പോൾ ആലയിലേയ്ക്ക് ആനയിക്കുന്നത്. ഇടയനെ സംബന്ധിച്ച് ഓരോ ആടും വിലപ്പെട്ടതാണ്. ഇടയനോടൊത്തു ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന്റെ അർത്ഥവും ആഴവും തിരിച്ചറിയുന്ന സ്നേഹബന്ധത്തിലായിരിക്കാൻ നമുക്ക് കഴിയുന്നത്. പാപമാകുന്ന ശത്രുവിന്റെ പിടിയിലമർന്നും, ദുശീലങ്ങളാകുന്ന മുള്ളിന്റെ വേദനയും പേറി, ജീവിതവ്യാപാരങ്ങളുടെ ഏകാന്തതയിൽ ആരും കാണാതെ ഒളിച്ചിരിക്കുന്ന ഞാനാകുന്ന ആടിനെ ഇടയൻ കണ്ടെത്തിയിരിക്കുന്നു. മറ്റെല്ലാം മറന്ന് എന്നെ തേടുന്ന ഇടയനെയും എനിക്കുവേണ്ടി മാത്രം ഒഴിച്ചിട്ടിരിക്കുന്ന അവിടുത്തെ ചുമലും എന്റെ വരവിനായി കാത്തിരിക്കുന്ന നാട്ടുകാരെയും വീട്ടുകാരെയും ഇനിയും നിരാശപ്പെടുത്താൻ എനിക്കാവില്ല! (വഴിതെറ്റിയ ആടിന്റെ ഉപമ: നവംബർ 8; നല്ലിടയൻ: ഡിസംബർ 5, ജനുവരി 30, ഫെബ്രുവരി 1).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.