സീറോ മലങ്കര ജൂൺ 19 യോഹ. 14: 20-24 തിരുഹൃദയ തിരുനാൾ

പെന്തിക്കോസ്തിയുടെ രണ്ടാം ഞായറിനുശേഷം വരുന്ന വെള്ളിയാഴ്ച സഭ തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്നു. പാശ്ചാത്യസഭയിൽ ഉടലെടുത്ത ഈ ഭക്താഭ്യാസം മിക്ക പൗരസ്‌ത്യ കത്തോലിക്കാസഭകളിലും ഇന്ന് അനുഷ്ഠിക്കുന്നു. നമ്മുടെ മാസാദ്യ വെള്ളിയാഴ്ച ആചരണവും വ്യാഴാഴ്ചത്തെ തിരുമണിക്കൂർ ആരാധനയും തിരുഹൃദയ നൊവേനയും കുടുംബങ്ങളിലെ തിരുഹൃദയ ചിത്രപ്രതിഷ്ഠയും ഈ ഭക്താഭ്യാസത്തിൽ നിന്നും ഉണ്ടായതാണ്. വി. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ 2002 മുതൽ ഈ ദിവസം വൈദികരുടെ വിശുദ്ധിക്കുവേണ്ടി പ്രാർത്ഥിക്കുന്ന ദിവസമായും പ്രഖ്യാപിച്ചു. 2009-ൽ തിരുഹൃദയ തിരുനാൾ ദിവസം വൈദികവർഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഇപ്രകാരം പറഞ്ഞു: “ഇന്ന് നമ്മുടെ സഭയ്ക്ക് യേശുവിന്റെ കരുണാർദ്രസ്നേഹം അനുഭവിക്കുന്നതിന്, വിശ്വാസികളെ സഹായിക്കുന്ന, ഈ സ്നേഹം സാക്ഷ്യത്തിലൂടെ പ്രകടമാക്കുന്ന, വിശുദ്ധരായ വൈദികരെ ആവശ്യമാണ്.”

യേശുവിന്റെ തിരുഹൃദയം ദൈവസ്നേഹത്തിന്റെ ഉറവിടവും മനുഷ്യരോടുള്ള കരുണാർദ്രസ്നേഹത്തിന്റെ സങ്കേതവുമാണ്. ഫ്രഞ്ചുകാരിയായ വി. മാർഗരറ്റ് മേരി അലക്കോക്കിനു (1647-1690) ലഭിച്ച വെളിപാടുകളിലൂടെയാണ് ഈ ഭക്തിക്ക് ഇന്ന് കാണുന്ന രൂപവും ഭാവവും ലഭിക്കുന്നത്. വിശുദ്ധയ്ക്ക് യേശുവിന്റെ ദർശനം ഉണ്ടാവുകയും മുകളിൽ പറഞ്ഞ ഭക്ത്യഭ്യാസങ്ങൾക്ക് അടിസ്ഥാനമായ വെളിപാടുകൾ നൽകുകയും കൂടാതെ, എല്ലാ വ്യാഴാഴ്ചയും രാത്രിയിൽ ഒരു മണിക്കൂർ യേശു ഗത്സമേൻ തോട്ടത്തിൽ അനുഭവിച്ച മരണയാതനയെ അനുസ്മരിച്ച് അവിടുത്തോടൊത്ത് ചിലവഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തിരുഹൃദയ ഭക്തർക്ക് ദൈവം വി. മാർഗരറ്റിലൂടെ വെളിപ്പെടുത്തിയ ചില അനുഗ്രഹങ്ങൾ ഇവയാണ്: ഓരോരുത്തരുടെയും ജീവിതാവസ്ഥയ്ക്ക് അനുസൃതമായ കൃപകൾ, ഭവനത്തിൽ സമാധാനം, സങ്കടങ്ങളിൽ ആശ്വാസം, ജീവിതത്തിലും മരണത്തിലും പ്രത്യേകസഹായം, തിരുഹൃദയ ചിത്രം പ്രതിഷ്ഠിക്കുന്നിടത്ത് അനുഗ്രഹം, കഠിനഹൃദയരെപ്പോലും മാനസാന്തരപ്പെടുത്താൻ പുരോഹിതർക്ക് പ്രത്യേക വരം.

ജർമ്മനിയിൽ നിന്നുള്ള ദിവ്യഹൃദയത്തിന്റെ വാഴ്ത്തപ്പെട്ട സിസ്റ്റർ മേരിക്കും (1863–1899) സമാനമായ ദർശനം ലഭിക്കുകയും തത്ഫലമായി ലിയോ പതിമൂന്നാമൻ മാർപ്പാപ്പ ലോകത്തെ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ചെയ്തു. നമുക്കും ഇന്ന് യേശുവിന്റെ തിരുഹൃദയത്തിലേയ്ക്കു നോക്കാം. ദൈവീകവെളിച്ചം പ്രസരിക്കുന്ന, കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട, മുൾമുടിയാൽ വലയം ചെയ്യപ്പെട്ട, കുരിശിനോട് ബന്ധിപ്പിച്ചിരിക്കുന്ന, രക്തം കിനിയുന്ന അവിടുത്തെ സ്നേഹഹൃദയത്തിൽ നമ്മെയും പ്രതിഷ്ഠിക്കാം. പ്രതിസന്ധിയുടെയും വെല്ലുവിളികളുടെയും ഈ കാലഘട്ടത്തിൽ നാമോരോരുത്തരെയും പ്രത്യേകിച്ച്, നമ്മുടെ പുരോഹിതരെ യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കാം. വി. ജോൺ മരിയ വിയാനിയുടെ പ്രസിദ്ധമായ ഈ വാക്കുകൾ കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിൽ ഇടം കണ്ടെത്തിയിട്ടുണ്ട്: “പൗരോഹിത്യം യേശുവിന്റെ തിരുഹൃദയത്തിന്റെ സ്നേഹപ്രകടനമാണ്” (CCC 1589).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.