സീറോ മലങ്കര സെപ്റ്റംബർ 05 ലൂക്കാ 18: 18-30 ധനികനായ മനുഷ്യൻ

ഫാ. തോമസ് തൈക്കാട്ട്

ധനികനായ ഒരു മനുഷ്യൻ യേശുതമ്പുരാനെ സമീപിച്ച്, നിത്യജീവൻ അവകാശമാക്കുവാൻ എന്തു ചെയ്യണം എന്ന് ചോദിക്കുന്നു. ആ മനുഷ്യന്റെ ആഗ്രഹം നിത്യജീവനിലേക്ക് പ്രവേശിക്കണം എന്നതായിരുന്നു.

നമ്മൾ നിത്യജീവൻ ആഗ്രഹിച്ചിട്ടുണ്ടോ? നമ്മുടെ പ്രാർത്ഥനകളിൽ നമ്മൾ ദൈവത്തോട് നിത്യജീവൻ ചോദിച്ചിട്ടുണ്ടോ? വിശുദ്ധ ബൈബിളും സഭയും മതബോധന ക്ളാസുകളും വചനപ്രഘോഷണങ്ങളുമെല്ലാം നിത്യജീവനാണ് പഠിപ്പിക്കുന്നത്; അത് എങ്ങനെ സ്വന്തമാക്കാം എന്നാണ് പഠിപ്പിക്കുന്നത്. പക്ഷേ, നമ്മൾ പലപ്പോഴും അറിഞ്ഞോ അറിയാതെയോ ഭൗതികനന്മകളും നേട്ടങ്ങളുമാണ് ദൈവത്തോട് ചോദിക്കുക.

ഈശോയുടെ ഉത്തരം, കല്പന പാലിക്കാനും സ്വയം പരിത്യജിക്കാനും ഉള്ളതെല്ലാം ദാനം ചെയ്യാനുമായിരുന്നു. സമ്പത്തിനെ ദൈവമായി കണ്ട ആ മനുഷ്യൻ സങ്കടത്തോടെ തിരികെ പോകുന്നു. ദൈവത്തേക്കാൾ ആ മനുഷ്യൻ സമ്പത്തിനു പ്രാധാന്യം നൽകിയിരുന്നു.

ദൈവവും സമ്പത്തും. നമ്മൾ ഇതിൽ ഏതാണ് തിരഞ്ഞെടുക്കുക. ‘ദൈവസമ്പാദനം അത്യുത്തമം’ എന്ന മാർ ഇവാനിയോസ് പിതാവിന്റെ പുണ്യവാക്കുകൾ നമുക്കും മനസ്സിൽ കുറിച്ചിടാം. സമ്പത്തിന് പ്രഥമസ്ഥാനം കൊടുക്കുമ്പോൾ കല്പനകളെല്ലാം ലംഘിക്കപ്പെടും. ദൈവനാമം അനാദരിക്കപ്പെടും.

ദൈവത്തെ സമ്പാദിച്ച് ലോകത്തിനു നൽകിയ പുണ്യപ്പെട്ട വി. മദർ തെരേസയുടെ തിരുനാളാണ് ഇന്ന്. ആ പുണ്യവതിയുടെ ജീവിതം നമുക്ക് മാതൃകയാകട്ടെ. മാദ്ധ്യസ്ഥം നമുക്ക് കോട്ടയാകട്ടെ. ദൈവത്തെ സ്വന്തമാക്കിയപ്പോൾ ദൈവത്തിന്റെ പുണ്യപരിമളം എല്ലാവരിലേക്കും പകർത്തി നൽകപ്പെട്ടു. ദൈവാരാജ്യത്തിനു വേണ്ടി നൊമ്പരം ഏൽക്കുന്നുവെങ്കിൽ വരുംകാല ജീവിതത്തിൽ നിത്യജീവൻ യേശുതമ്പുരാൻ വാഗ്ദാനം ചെയ്യുന്നു.

ഫാ. തോമസ് തൈക്കാട്ട് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.