സീറോ മലങ്കര ജൂൺ 06 ലൂക്കാ 10: 1-12 എഴുപത്തിരണ്ടു പേരെ അയയ്ക്കുന്നു

പെന്തിക്കോസ്തിക്കു ശേഷമുള്ള ദിവസങ്ങളിലെ നമ്മുടെ വേദവായനകളുടെ അർത്ഥം ആഴത്തിൽ ഗ്രഹിക്കുന്നതിന് ശിഷ്യന്മാർ അടുത്ത ദിവസങ്ങളിൽ എന്ത് ചെയ്തു എന്ന് മനസ്സിലാക്കേണ്ടതുണ്ട്: “പെന്തിക്കൊസ്തി ദിവസം ശ്ലീഹന്മാർ പരിശുദ്ധാത്മാവിനെ പ്രാപിച്ചു. തിങ്കളാഴ്ച അവർ മൂറോൻ കൂദാശ ചെയ്തു. ചൊവ്വാഴ്ച ബലിപീഠം കൂദാശ ചെയ്യുകയും നമ്മുടെ കർത്താവിൽനിന്നു ഗ്രഹിച്ചപ്രകാരം അവർ സംഘം കൂടി വിശുദ്ധ കുർബാനയുടെ അനുഷ്ഠാനങ്ങൾക്ക് രൂപം കൊടുത്തു. ബുധനാഴ്ച നമ്മുടെ കർത്താവിന്റെ സഹോദരനും ജറുസലേമിൽ എപ്പിസ്കോപ്പായുമായ മാർ യാക്കോബ് ശ്ലീഹ ഈ ക്രമം വച്ച് പ്രഥമ കുർബാന അർപ്പിച്ചു. വ്യാഴാഴ്ച ശ്ലീഹന്മാരുടെ 72 കാനോനകൾ രൂപീകരിച്ചു. വെള്ളിയാഴ്ച മാർ പത്രോസും, മാർ യോഹന്നാനും മുടന്തനെ സൗഖ്യമാക്കി. ശനിയാഴ്ച ദിവസം സുവിശേഷവേലയ്ക്കും മറ്റുമായി ചിട്ടിയിട്ട് ഓരോരുത്തർക്കും സ്ഥലങ്ങൾ നിശ്ചയിച്ചു കൊടുത്തു” (quoted in ഫാ. ഗീവർഗ്ഗീസ് പണിക്കർ കാരിച്ചാൽ, മലങ്കര കുർബാന തീർത്ഥാടക സഭയിൽ, മൂന്നാം പതിപ്പ് 2015, 59).

അപ്പോൾ മിക്കവാറും ഈ എഴുപത്തിരണ്ടു ശിഷ്യന്മാർക്കും അപ്പോസ്തലന്മാരുടെ നേതൃത്വത്തിൽ സുവിശേഷവേല എവിടെയാണെന്നുള്ളത് നിശ്ചയിച്ചു കൊടുത്ത ദിവസമാണിന്ന്. ഇന്നത്തെ സുവിശേഷ വായനയിൽ യേശു, താൻ പോകാനിരിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് ഇവരെ അയയ്ക്കുന്നത് ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ തന്നെയാണ്. പെന്തക്കൊസ്തിക്കുശേഷം ഈ അതിർവരമ്പുകൾ ഇല്ലാതാകുന്നു. യേശു അവരെ ഈരണ്ടു പേരായിട്ടാണ് ദൗത്യനിർവ്വഹണത്തിനായി അയയ്ക്കുന്നത്. സഭാപ്രസംഗകൻ പറയുന്നു: “രണ്ടുപേർ ഒരാളെക്കാൾ മെച്ചമാണ്. കാരണം, അവർക്ക് ഒരുമിച്ച് കൂടുതൽ ഫലപ്രദമായി അദ്ധ്വാനിക്കാൻ കഴിയും” (4:9). ഇനിയും യഹൂദൻമാരുടെ ഇടയിൽ സുവിശേഷസാക്ഷ്യത്തിന് വിലയുണ്ടാകുന്നതിനു വേണ്ടിയാണ് രണ്ടുപേരായി അയയ്ക്കുന്നത് (2 കൊരി. 13:1; നിയമ. 19:15). ഇവിടെ മനസ്സിലാക്കേണ്ടത്, സുവിശേഷം യഥാർത്ഥത്തിൽ യേശു തന്നെയാണ് മനുഷ്യഹൃദയങ്ങളിൽ ഫലവത്താക്കുന്നത്. അതിന് നന്നായി വഴിയൊരുക്കുക എന്നതാണ് ക്രിസ്തുശിഷ്യന്റെ ജോലി.

ഉയിർത്തെഴുന്നേറ്റ കർത്താവ് നൽകുന്ന സമാധാനമാണ് ശിഷ്യന്മാർ പോകുന്ന സ്ഥലങ്ങളിലൊക്കെ നൽകുന്നത്. ഈ സമാധാനം യുദ്ധമില്ലാത്ത ഒരു അവസ്ഥ എന്നതിനേക്കാൾ യേശുവിന്റെ സാന്നിദ്ധ്യത്തിൽ ഒരുവനിൽ ഉരുവാകുന്ന ആന്തരിക സന്തോഷമാണ്. അത് അനുഭവിക്കാൻ സാധിക്കാത്തവരുടെ ഇടയിൽ നിന്നും പൊടിതട്ടിക്കളഞ്ഞു സ്ഥലം വിടേണ്ടതാണ്. സുവിശേഷകൻ ഒരിക്കലും തന്റെ തന്നെ പദ്ധതികളുമായിട്ടു പോകാതെ പൂർണ്ണമായും ദൈവത്തിൽ ആശ്രയിക്കുകയും, പോകുന്ന വഴിയിൽ കാണുന്നവരോടെല്ലാം വർത്തമാനം പറഞ്ഞു സമയം കളയാതിരിക്കാനും ശ്രദ്ധിക്കണം. ഇന്നും യേശുവിന്റെ വയലിൽ ജോലി ചെയ്യുവാനായി അനേകരെ അവിടുത്തേക്ക് ആവശ്യമുണ്ട് (പ്രേഷിതദൗത്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഡിസംബർ 3, ജനുവരി 23, ഏപ്രിൽ 25, മെയ് 12, 20 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.