സീറോ മലങ്കര ജൂണ്‍ 07 ലൂക്കാ 10: 1-12 ക്രിസ്തുശിഷ്യന്‍

ഫാ. ജിതിന്‍ തടത്തില്‍

“അനന്തരം, കർത്താവ് വേറെ എഴുപത്തിരണ്ടു പേരെ തെരഞ്ഞെടുത്ത് ഈരണ്ടു പേരായി അവരെ തനിക്കു മുമ്പേ അയച്ചു” (ലൂക്കാ 10:1).

താൻ പോകുന്നിടത്തേക്ക് തനിക്കു മുൻപേ അയക്കപ്പെടാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഓരോ ക്രിസ്തുശിഷ്യനും. ആ അർത്ഥത്തിൽ ആദ്യത്തെ ക്രിസ്തുശിഷ്യൻ സ്നാപകയോഹന്നാൻ ആയിരിക്കും. കാരണം, ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട് നിയോഗിക്കപ്പെട്ടവനാണ് സ്നാപകൻ. അങ്ങനെയെങ്കിൽ അയക്കപ്പെടുന്ന ഓരോ ക്രിസ്തുശിഷ്യനിലും ഒരു സ്നാപകദൗത്യം അന്തർലീനമായിരിക്കുന്നു. ഒരു സ്നാപകമനോഭാവമാണ് അവർ ഉൾക്കൊള്ളേണ്ടത്. ക്രിസ്തുവിന് വഴിയൊരുക്കിയശേഷം പിന്നാമ്പുറങ്ങളിലേക്ക് പിൻവലിഞ്ഞ സ്നാപകൻ ഓരോ ക്രിസ്തുശിഷ്യനും മാതൃകയാവട്ടെ. അയക്കപ്പെട്ട തന്നിലൂടെ മഹത്വപ്പെടേണ്ടത് അയച്ചവനാണെന്ന യാഥാർത്ഥ്യം നമുക്ക് മറക്കാതിരിക്കാം.

അയക്കപ്പെടുന്നത് ഏത് ദുർഘടമായ ഇടങ്ങളിലേക്കാണെങ്കിലും അയച്ചവൻ കൂടെയുണ്ടെന്ന് നമുക്ക് ഉറപ്പു വരുത്താം. കാരണം അവൻ നമ്മളോടൊപ്പം സഞ്ചരിക്കുമെങ്കിൽ നാം ഭൂമുഖത്തുള്ള ആരിൽ നിന്നും വ്യത്യസ്തനായിരിക്കും (പുറ. 33:16). അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികൾ എത്ര വലുതാണെങ്കിലും ധൈര്യമായി മുന്നോട്ടു നീങ്ങുക. കാരണം “അവൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഓടിക്കുകയും ചെയ്യും” (ഏശ. 45:2).

ഫാ. ജിതിന്‍ തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.