സീറോ മലങ്കര ജൂണ്‍ 20 ലൂക്കാ 10: 17-20 സുവിശേഷപ്രഘോഷണം

ഫാ. ജോസഫ്‌ പൂവത്തുംതറയില്‍

ആരാധനാക്രമവത്സരത്തിലെ പെന്തക്കോസ്തി കാലത്തിലൂടെയാണ് സഭ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഈ കാലത്ത് പ്രധാനമായും നാം ചിന്തിക്കുന്നത് പരിശുദ്ധാത്മാവിന്റെ ആഗമനം, ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണം, സഭയുടെ വളര്‍ച്ച എന്നിവയാണ്. പെന്തക്കോസ്തി കാലത്തെ ശ്ലീഹാക്കാലം എന്ന് വിളിക്കുന്നു. കാരണം, പരിശുദ്ധാത്മാവിനാല്‍ ശ്ലീഹന്മാരിലൂടെ ദൈവരാജ്യം വിസ്തൃതമാക്കുന്നതാണ് നാം പ്രത്യേകമായി ധ്യാനിക്കുന്നത്. ഇതിനായി ശ്ലീഹന്മാരുടെ തെരഞ്ഞെടുപ്പ്, പരിശീലനം, അയക്കുന്നത് ഈ കാലഘട്ടത്തിലെ ചിന്താവിഷയമാണ്. ഇതുമായി ചേര്‍ന്നുപോകുന്ന വചനഭാഗമാണ് ഇന്ന് നാം ധ്യാനിക്കുന്നത്. ഈശോ സുവിശേഷപ്രഘോഷണത്തിനായി എഴുപത്തിരണ്ട് പേരെ തെരഞ്ഞെടുത്ത് അയച്ചതിനുശേഷം തിരിച്ച് മടങ്ങിവരുമ്പോള്‍ തങ്ങളുടെ അനുഭവം മിശിഹായുമായി പങ്കുവയ്ക്കുന്ന വചനഭാഗമാണ് നാം വായിച്ചുകേട്ടത്. ഇന്നത്തെ സുവിശേഷഭാഗത്ത് നിന്ന് രണ്ടു ചിന്തകളാണ് നാം ധ്യാനിക്കുവാന്‍ പോകുന്നത്.

  1. സാത്താന്റെ തന്ത്രങ്ങളെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധം സുവിശേഷമാണ് (10:18)

എഴുപത്തിരണ്ട് ശിഷ്യന്മാരെ അയയ്ക്കുന്നത് സുവിശേഷം പ്രസംഗിക്കാനാണ് (ലൂക്കാ 10:11). ഈ ശിഷ്യന്മാര്‍ തിരിച്ചുവന്ന് ഈശോയോട് പറയുന്നത് സാത്താന്‍ ഞങ്ങള്‍ക്ക് കീഴ്പ്പെട്ടു. ഈശോ പറയുന്നു, സ്വര്‍ഗ്ഗത്തില്‍ നിന്ന് സാത്താന്‍ ഇടിമിന്നല്‍ പോലെ നിപതിക്കുന്നത് ഞാന്‍ കണ്ടു. അതായത് സുവിശേഷം പ്രഘോഷിച്ചതു വഴി സാത്താന്റെ കോട്ടയുടെ തകര്‍ച്ചയാണ് സംഭവിക്കുന്നത്‌. അതുപോലെ ദൈവരാജ്യം സ്ഥാപിക്കപ്പെട്ടു എന്നതിന്റെ അടയാളം സാത്താന്റെ തകര്‍ച്ചയാണ് (ലൂക്കാ 11:20). വി. പൗലോസ്‌ ശ്ലീഹാ വ്യക്തമായി പഠിപ്പിക്കുന്നു (എഫേ. 6:11), സാത്താന്റെ കുടിലതന്ത്രങ്ങളെ ചെറുത്തുനില്‍ക്കുന്നതിന് ദൈവവചനമാകുന്ന വാള്‍ ധരിക്കുവിന്‍ (എഫേ. 6:17). നിയമ. 6:6 -ല്‍ നാം വായിക്കുന്നു: ഇസ്രയേല്‍ ജനത്തോടു പറയുന്ന ദൈവത്തിന്റെ ചട്ടങ്ങളും കല്പനകളും ധ്യാനിക്കണം. അത് നിന്റെ പിന്‍തലമുറയ്ക്ക് പങ്കുവയ്ക്കണം. അതായത് സുവിശേഷമാണ് പ്രഘോഷിക്കേണ്ടത്, പങ്കുവയ്ക്കേണ്ടത്. കാരണം സാത്താനെ തകര്‍ക്കാനുള്ള ശക്തമായ ആയുധം വചനമാണ് അഥവാ സുവിശേഷ പ്രഘോഷണമാണ്.

2. സുവിശേഷം പ്രഘോഷിക്കുന്നവന് ലഭിക്കുന്ന പ്രതിഫലം അവന്റെ പേര് സ്വര്‍ഗത്തില്‍ എഴുതപ്പെടുന്നു എന്നതാണ് (10:20).

വിശുദ്ധ ഗ്രന്ഥത്തില്‍ ജീവന്റെ പുസ്തകത്തില്‍ പേര് എഴുതപ്പെടുന്നതിനെക്കുറിച്ച് നാം വായിക്കുന്നു (പുറ. 32:32; സങ്കീ. 69:23; വെളി. 3:5). അത് ദൈവം നല്‍കുന്ന വാഗ്ദാനമാണ്. ഈ വാഗ്ദാനം നിറവേറുന്നതായി നാം കാണുന്നു (വെളി. 21:12). അതായത്, 12+12=24 എന്നത് പൂര്‍ണ്ണജനത്തെ സൂചിപ്പിക്കുന്നു. അതായത് പുതിയനിയമത്തിലെയും പഴയനിയമത്തിലെയും ദൈവത്തിനായി ജീവിച്ച ദൈവജനത്തിന്റെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെടും. അപ്പോള്‍ ക്രിസ്തുവിനായി നാം ജീവിക്കുമ്പോള്‍ നമ്മുടെ പേരും സ്വര്‍ഗത്തില്‍ എഴുതപ്പെടും. ദൈവം നമ്മോട് ചോദിക്കുന്നു, സുവിശേഷം പ്രഘോഷിക്കാന്‍ ആര്‍ എനിക്കു വേണ്ടി പോകും. നമുക്ക് പറയാം, ഇതാ ഞാന്‍ എന്നാ അയച്ചാലും. അപ്പോള്‍ നമ്മുടെ പേരുകള്‍ ജീവന്റെ പുസ്തകത്തില്‍ എഴുതപ്പെടും.

ഫാ. ജോസഫ്‌ പൂവത്തുംതറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.