സീറോ മലങ്കര മെയ് 30 മത്തായി 5: 13-16 ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും

യേശു തന്റെ ശിഷ്യന്മാരെ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി അവതരിപ്പുന്ന ഈ വേദഭാഗം പല പ്രാവശ്യം നാം വിചിന്തനവിധേയമാക്കിയതാണ്. ആധുനികയുഗത്തിൽ ഉപ്പിന്റെ ലഭ്യത കൂടുതലും വില കുറവുമാണ്. എന്നാൽ, പ്രാചീനകാലഘട്ടത്തിൽ ഇതായിരുന്നില്ല സ്ഥിതി. ചരിത്രാതീത കാലം മുതൽ തന്നെ മനുഷ്യൻ ഉപ്പ് ഉപയോഗിച്ചിരുന്നുവെങ്കിലും റോമൻ സാമ്രാജ്യം വികസിക്കുന്ന ആദ്യകാലങ്ങളിൽ ഉപ്പ് വളരെ വിരളമായേ ലഭ്യമായിരുന്നുള്ളൂ. അക്കാലത്ത് ഉപ്പായിരുന്നു റോമൻ പട്ടാളക്കാർക്ക് ശമ്പളമായി നൾകിയിരുന്നത്. അങ്ങനെയാണ് ഉപ്പിന്റെ ലാറ്റിൻ പദമായ “സാലിസ്” എന്ന വക്കിൽ നിന്ന് “സാലറി” (ശമ്പളം) എന്ന ഇഗ്ളീഷ് പദം ഉരുവായിരിക്കുന്നത് (ഇന്ന് ആർക്കെങ്കിലും ഉപ്പു കൊടുത്തിട്ട് ഈ മാസത്തെ ശമ്പളമായി കരുതണം എന്നുപറഞ്ഞാൽ അത് ചിരിക്കു വക നൽകുന്നതാണ്). റോമൻ സാമ്രാജ്യത്തിലെ പ്രസിദ്ധമായ റോഡുകളുടെ നിർമ്മാണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്, കടൽത്തീരത്തു നിന്ന് റോമിലേയ്ക്ക് ഉപ്പ് എത്തിക്കുകയെന്നതായിരുന്നു. ഇന്നും റോമിൽ “വിയ സാലറിയ” എന്ന പേരിൽ റോഡുകളുണ്ട്.

ഭൂമിയുടെ നിലനിൽപ്പിന് സൂര്യനിൽ നിന്നും സൗജന്യമായി സ്വീകരിക്കുന്ന പ്രകാശം അത്യന്താപേക്ഷിതമാണ്. സൂര്യപ്രകാശം അപ്രത്യക്ഷമാകുമ്പോൾ മനുഷ്യനിർമ്മിത വെളിച്ചം നാം ഉപയോഗിക്കുന്നു. പക്ഷേ, അത് മിക്കപ്പോഴും വളരെ ചിലവേറിയതും നിയന്ത്രിതവുമാണ്. ഗ്രീക്ക് പുരാണകഥകളിൽ, പ്രാകൃതനായ മനുഷ്യനെ സംസ്കാരമുമുള്ളവനാക്കിയത് മനുഷ്യസ്നേഹിയായ പ്രമോത്തിയൂസ്‌ ദേവൻ സ്വർഗ്ഗത്തിൽ നിന്നും അഗ്നി മോഷ്ടിച്ചുകൊടുക്കുന്നതു വഴിയാണ്. അനേകായിരം വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ നക്ഷത്രങ്ങളിൽ നിന്നു പുറപ്പെട്ട വെളിച്ചം ഇന്നും നിലനില്‍ക്കുന്നുവെന്ന് ശാസ്ത്രം പറയുന്നു. പെന്തക്കോസ്തിയുടെ സമയത്ത് ദൈവാത്മാവിന്റെ ആവാസത്തിന്റെ പ്രത്യക്ഷലക്ഷണങ്ങളിലൊന്ന് അഗ്നിനാവായിരുന്നു.

തന്റെ അനുയായികൾ ഉപ്പും വെളിച്ചവും ആയിരിക്കണമെന്ന് യേശു പറയുമ്പോൾ അതിൽ ഒരുപാട് അർത്ഥതലങ്ങളുണ്ട്. യേശുവിന്റെ ശിഷ്യന്മാർ സമൂഹത്തിൽ വലിയ സ്ഥാനം അലങ്കരിക്കുന്നവരായിരുന്നില്ല. എന്നാൽ മുക്കുവരെയും, ചുങ്കം പിരിക്കുന്ന ‘പാപിയെയും’ കൊണ്ടാണ് അവിടുന്ന് ലോകം കീഴടക്കിയത്. അങ്ങനെ ‘വിലയില്ലാതിരുന്നതിന്’ വലിയ ഉപയോഗമുണ്ടെന്ന് അവരുടെ പ്രവർത്തനത്തിലൂടെ ലോകം തിരിച്ചറിഞ്ഞു. അവർ പോയ സ്ഥലങ്ങളിലെല്ലാം ക്രിസ്തുസന്ദേശമാകുന്ന ഉപ്പു കലർത്തി സംസ്കാരങ്ങളെയും സമൂഹങ്ങളെയും അവർ പുനർനിർമ്മിച്ചു. ക്രിസ്തുവിന്റെ പ്രകാശത്തിന്റെ പ്രതിഫലനങ്ങളായി ക്രിസ്തുശിഷ്യർ മാറിയതുവഴി അന്ധകാരാവൃതമായ ലോകത്തിൽ ഒരുപാട് വെളിച്ചം പ്രസരിച്ചു. അവരൊക്കെ മണ്മറഞ്ഞിട്ടും മരിക്കാതെയിരിക്കുന്ന അവരുടെ സുകൃതജീവിതത്തിന്റെ ശോഭ ഇന്നും പലർക്കും വെളിച്ചമേകുന്നു. യേശുവാകുന്ന സൂര്യനിൽ നിന്നും നിർഗ്ഗളിച്ച പ്രകാശത്തിന്റെ വെളിച്ചത്തിൽ നമുക്കും സഞ്ചരിക്കാം (കൂടുതൽ വിശദീകരണത്തിന് നവംബർ 15, മെയ് 15 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.