സീറോ മലങ്കര ജൂണ്‍ 10 മർക്കോ. 7: 31-37 എഫാത്ത – തുറക്കപ്പെടട്ടെ

ഫാ. ജിതിന്‍ തടത്തില്‍

“സ്വർഗത്തിലേക്ക് നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവനോട് പറഞ്ഞു എഫാത്ത – തുറക്കപ്പെടട്ടെ എന്നർത്ഥം” (മർക്കോ. 7:34).

ബധിരനും സംസാരത്തിന് തടസ്സമുണ്ടായിരുന്നവനുമായ ഒരുവനെ സുഖപ്പെടുത്താൻ ജനം ആവശ്യപ്പെട്ടപ്പോൾ, യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽ നിന്ന് മാറ്റിനിർത്തി സുഖപ്പെടുത്തി. എന്തുകൊണ്ടായിരിക്കാം ആ മനുഷ്യനെ ഈശോ ജനക്കൂട്ടത്തിൽ നിന്ന് മാറ്റിനിർത്തി സുഖപ്പെടുത്തിയത്. ഒരുപക്ഷേ, ആ മനുഷ്യനും ഈശോയുടെ അടുക്കൽ ആ മനുഷ്യനെ കൊണ്ടുവന്ന ജനവും ആഗ്രഹിച്ചത് അവന്റെ നാവും ബധിരകര്‍ണ്ണവും തുറക്കപ്പെടണം എന്നു മാത്രമാണ്. എന്നാൽ ഈശോ ആഗ്രഹിച്ചത് കേവലം ബാഹ്യമായ ഒരു തുറവി മാത്രമല്ല, പിന്നെയോ ഉന്നതങ്ങളിലേക്ക് തുറക്കാനാവാതെ അടഞ്ഞുകിടന്ന അവന്റെ ആന്തരികതയുടെ തുറവി കൂടിയാണ്.

ജനക്കൂട്ടം ലോകത്തിന്റെ മനഃശാസ്ത്രം പേറുന്നവരാണ്. അവിടെ ഹൃദയവികാരങ്ങൾക്ക് സ്ഥാനമില്ല. ആൾക്കൂട്ടം ബാഹ്യമായ അത്ഭുതരോഗശാന്തിക്ക് സാക്ഷികളായേക്കാം. അത് ഈശോയുടെ മഹത്വം വർദ്ധിക്കാനും കാരണമായേനേ. എന്നാൽ ഈശോ ശ്രദ്ധ പതിപ്പിച്ചത് സ്വമഹത്ത്വം വർദ്ധിപ്പിക്കുന്നതിലല്ല, മറിച്ച് ഒരു ആത്മാവിന്റെ കൂടി രക്ഷയും ആന്തരികതുറവിയുമാണ്. ആ തിരിച്ചറിവാണ് ജനക്കൂട്ടത്തിൽ നിന്നും ആ മനുഷ്യനെ മാറ്റിനിർത്താൻ ഈശോയെ പ്രേരിപ്പിച്ചത്. അവന്റെ ഹൃദയം ദൈവത്തിങ്കലേയ്‌ക്കു തുറക്കപ്പെട്ടതിനാലാണ് വിലക്കിയിട്ടും ശുഷ്കാന്തിയോടെ അവൻ ദൈവത്തെ പ്രഘോഷിച്ചത്. നമ്മുടെ ജീവിതത്തിലും ഓരോ ദൈവിക ഇടപെടലും നയിക്കപ്പെടേണ്ടത് ബാഹ്യമായ ചില ആനന്ദങ്ങളിലേക്കല്ല, മറിച്ച് ഹൃദയത്തിന്റെ തുറവിയിലേക്കാണ്. നമ്മുടെ ശുശ്രൂഷകളും ഉപവിപ്രവർത്തനങ്ങളും നമ്മുടെ മഹത്വത്തിനുപരി ആത്മാവിന്റെ രക്ഷയ്ക്കുതകുന്നതാകട്ടെ. അതിനായി ജനക്കൂട്ടത്തിൽ നിന്ന് നമുക്കും മാറിനിൽക്കാം, നമ്മുടെ ഹൃദയങ്ങളും ഉന്നതങ്ങളിലേക്ക് തുറക്കപ്പെടട്ടെ.

ഫാ. ജിതിന്‍ തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.