സീറോ മലങ്കര ജൂണ്‍ 01 ലൂക്കാ 12: 2-8 ഭയം കൂടാതെ സാക്ഷ്യം നല്‍കുക

ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ ഭയം കൂടാതെ സാക്ഷ്യം നല്‍കാന്‍ നമ്മോട് ഈശോ ആവശ്യപ്പെടുകയാണ്. ഭയം കൂടാതെ ദൈവത്തെ പ്രഘോഷിക്കാന്‍ ആദ്യം നമ്മള്‍ ചെയ്യേണ്ടത് സാക്ഷ്യജീവിതം അതായത്, നല്ല ജീവിതം നയിക്കണം. നമ്മള്‍ നമ്മുടെ ജീവിതത്തിലുള്ള തെറ്റുകള്‍ മറച്ചുവച്ച് മറ്റുള്ളവരുടെ മുമ്പില്‍ ഒരു സാക്ഷ്യജീവിതം നയിക്കാന്‍ ശ്രമിക്കുമ്പോള്‍ യേശു നമ്മോട് സുവിശേഷത്തിലൂടെ പറയുന്നത് ഒരുനാള്‍ ഇതെല്ലം പുറത്തുവരും എന്നാണ്. അതുകൊണ്ട് സാക്ഷ്യജീവിതത്തിനായി നാം ഒരുങ്ങുമ്പോള്‍ പൂര്‍ണ്ണമായ ഒരു സമര്‍പ്പണം ആദ്യമേ തന്നെ നമുക്ക് ആവശ്യമാണ്. റോമ 12:1 “നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍.”

ഭയം കൂടാതെ ദൈവത്തെ പ്രഘോഷിക്കുക. ക്രിസ്തുശിഷ്യന്മാര്‍ അവന്റെ പീഡാസഹനങ്ങളുടെ നേരത്തും മരണനേരത്തും എല്ലാം ഭയത്തോടെ കഴിഞ്ഞുകൂടി. പക്ഷേ, പരിശുദ്ധാത്മശക്തിയാല്‍ ദൈവത്തിനു സാക്ഷ്യം നല്‍കുന്ന തീപ്പന്തങ്ങളായി അവര്‍ മാറി. മറ്റൊന്നിനെയും അവര്‍ ഭയപ്പെട്ടില്ല; അവര്‍ ഭയപ്പെട്ടത് ദൈവത്തെ മാത്രമാണ്. ഫിലി. 1:21 “എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.” ഭയം ഒരുപക്ഷേ, ഭാവിയെക്കുറിച്ച് ഉത്‌കണ്ഠ ജീവിതത്തില്‍ ഉണ്ടാക്കും. സങ്കീ. 118:6 “കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്. ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്ത് ചെയ്യാന്‍ കഴിയും.” മനുഷ്യര്‍ക്ക് നമ്മെ അപമാനിക്കാനും പീഡിപ്പിക്കാനും നമ്മുടെ ശരീരത്തെ ഇല്ലായ്മ ചെയ്യാനും സാധിച്ചേക്കാം. പക്ഷേ, ഈശോ പറയുന്നത് ആത്മാവിന്റെ കാര്യത്തില്‍ ശ്രദ്ധ ചെയ്യാത്തതു മൂലം നരകത്തില്‍ വച്ച് അനുഭവിക്കേണ്ടിവരുന്ന വേദനകളുമായി താരതമ്യം ചെയ്താല്‍ കേവലം നിസ്സാരമാണ് ഈ ലോകത്തിലെ വേദന എന്നത്. ദൈവശിക്ഷ ഓര്‍ത്ത് അവന്റെ പാത പിന്തുടരണം എന്നാണ് ഈശോ ആവശ്യപ്പെടുന്നത്. തന്റെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിക്കുന്ന ദൈവമാണ് സ്വര്‍ഗ്ഗത്തിലെ നമ്മുടെ പിതാവ്.

ഫാ. കുര്യാക്കോസ് കുടിലില്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.