സീറോ മലങ്കര മെയ് 27 മത്തായി 16: 24-27 ശിഷ്യത്വത്തിന്റെ വില

ഓരോരുത്തരും തങ്ങളുടെ കുരിശുമെടുത്ത് യേശുവിനെ പിഞ്ചെല്ലുന്നതിനെക്കുറിച്ച് ഇതിനു മുമ്പ് നിരവധി തവണ നാം ധ്യാനിച്ചതാണ്. തന്റെ ശക്തിയാലോ, ദൈവീകപ്രതാപത്താലോ അല്ല അവിടുത്തെ മിശിഹാസങ്കല്പം വെളിപ്പെട്ടത്. ബലഹീനതയിലൂടെയും സഹനത്തിലൂടെയും കുരിശിലൂടെയും യേശു നമ്മോടുള്ള സ്നേഹം പ്രകടിപ്പിച്ചു. അതിനാൽ കുരിശ് നാം അണിഞ്ഞുനടക്കുന്ന ആഭരണത്തേക്കാൾ നമ്മുടെ ജീവിതരീതിയാണ്. നമ്മുടെ ദൈവം വേദനകൾ കണ്ടു സന്തോഷിക്കുന്ന ഒരു ദൈവമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ദൈവത്തിന് നമ്മോടുള്ള പരമമായ സ്നേഹത്തിന്റെ പ്രതീകമാണ് യേശുവിന്റെ കുരിശ്. യേശുവിനെ അനുകരിച്ച് ദൈവത്തിനും സഹോദരങ്ങൾക്കുംവേണ്ടി ജീവിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണ് കുരിശ്.

പ്രസിദ്ധ അമേരിക്കൻ സുവിശേഷപ്രസംഗകനായ ബിഷപ് ഫുൾട്ടൻ ജെ. ഷീൻ എല്ലാ ദിവസവും ഒരു മണിക്കൂർ വിശുദ്ധ കുർബാനയുടെ മുമ്പിലിരുന്നു പ്രാർത്ഥിക്കുമായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇങ്ങനെയുള്ള ദിനചര്യയ്ക്ക് തന്നെ പ്രേരിപ്പിച്ചത് പതിനൊന്നു വയസുകാരിയായ ഒരു ചൈനീസ് പെൺകുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിഷപ്പ് ഷീനിനോട് ഈ പെൺകുട്ടിയുടെ ജീവിതകഥ പറഞ്ഞത്,അവിടെ മിഷനറിയായി ജോലി ചെയ്ത ഒരു അമേരിക്കൻ വൈദികനാണ്. അദ്ദേഹത്തെ കമ്മ്യൂണിസ്റ് ഭരണാധികാരികൾ പള്ളിമേടയിൽ തടവിലാക്കി ദേവാലയം പൂട്ടുകയും പട്ടാളക്കാർ അൾത്താരയും, സക്രാരിയും നശിപ്പിക്കുകയും, വിശുദ്ധ കുർബാന അൾത്താരയ്ക്കു ചുറ്റും വിതറുകയും ചെയ്തു. ഈ സമയത്ത് പള്ളിയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടി പട്ടാളക്കാർ കാണാതെ ഒരു തൂണിന്റെ മറവിൽ ഒളിച്ചിരുന്നു. അതിനുശേഷം അവൾ ഓരോ ദിവസവും ഒരു രഹസ്യവാതിലിൽ കൂടി അകത്തു പ്രവേശിച്ച് ആരും കാണാതെ ഒരു മണിക്കൂർ പ്രാർത്ഥിച്ചതിനുശേഷം മുട്ടുകുത്തി ഒരു കുർബാന തന്റെ നാക്ക് കൊണ്ടു സ്വീകരിക്കും.

ഒരു ദിവസം രാത്രിയിൽ അവൾ ഇപ്രകാരം ചെയ്യുമ്പോൾ അവിടെ കാവലുണ്ടായിരുന്ന പട്ടാളക്കാർ ശബ്‍ദം കേട്ട് പള്ളിയ്ക്കകത്ത് വരികയും അവരുടെ കയ്യിലിരുന്ന തോക്കു കൊണ്ട് അവളെ അടിച്ചുകൊല്ലുകയും ചെയ്തു. ഈ സംഭവം നേരിട്ടറിയാവുന്ന ഈ വൈദികന്റെ വിവരണം ബിഷപ് ഷീനിനെ വല്ലാതെ സ്വാധീനിച്ചു. ജീവിതത്തിൽ എത്ര തിരക്കുണ്ടെങ്കിലും ഒരു മണിക്കൂർ വിശുദ്ധ കുർബാനയുടെ മുമ്പിലിരുന്ന് ദിവസവും പ്രാർത്ഥിക്കുമെന്ന് അന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. തന്റെ പൗരോഹിത്യത്തിന്റെ ശക്തി, പ്രാർത്ഥനയിൽ യേശുവുമായുള്ള വ്യക്തിബന്ധമാണെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിരവധി പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഈ പെൺകുട്ടിയുടെ ദൈവസ്നേഹം അവൾ ഏറ്റെടുക്കാൻ തയ്യാറായ കുരിശിലൂടെ വെളിവാക്കപ്പെട്ടു. വേദനയിലും സഹനത്തിലുമാണ് സ്നേഹം യഥാർത്ഥത്തിൽ പ്രകടമാക്കപ്പെടുന്നത് (കൂടുതൽ വിശദീകരണത്തിനു ഡിസംബർ 7, 14 ജനുവരി 22, ഏപ്രിൽ 21 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.